ടൊയോട്ടയുടെ ആദ്യത്തെ ഇന്ത്യൻ ഫാമിലി ഇലക്‌ട്രിക് എസ്‌യുവി, ഇബെല്ലയുടെ റിവ്യൂ വിശേഷങ്ങൾ
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുതുമോഡലുമായി എത്തിയിരിക്കുകയാണ്. അർബൻ ക്രൂസർ ഇബെല്ല എന്നുപേരിട്ടിരിക്കുന്ന മോഡലിൻ്റെ അവതപണം ഇക്കഴിഞ്ഞയിടയ്ക്ക് പൂർത്തിയാക്കിയ കമ്പനി ഔദ്യോഗിക വില പ്രഖ്യാപനത്തിനും ലോഞ്ചിനുമായി തയാറെടുക്കുകയാണ്. പലർക്കും ഇതിനോടകം അറിയാവുന്നത് പോലെ മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്‌ജ്‌ഡ് പതിപ്പാണ് ഇത്. എന്നാൽ ഇബെല്ലയ്ക്ക് അതിൻ്റേതായ രൂപഭംഗിയും ക്യാബിനും ഉണ്ട്. അതോടൊപ്പം തന്നെ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ റേഞ്ചും, പ്രായോഗികമായ സ്പേസും, മികച്ച ഫീച്ചറുകളും ഒരുക്കി ഇവിയെ കിടിലമാക്കാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.
വിദേശത്ത് ടൊയോട്ടയ്ക്ക് ഇലക്ട്രിഫൈഡ് കാറുകളിൽ മികച്ച അനുഭവസമ്പത്തുണ്ട്. RAV4 EV, നിരവധി ഹൈബ്രിഡ് മോഡലുകൾ എന്നിവ ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ BEV വിപണിയിലേക്കുള്ള ഔപചാരികമായ പ്രവേശനമാണ് ഇബെല്ല എന്നുമാത്രം. 2026 ജനുവരി 20-ന് അവതരിപ്പിച്ച ചെയ്ത ഈ വാഹനം 2026 ഫെബ്രുവരി മുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ തുടങ്ങും. അതിന് മുമ്പ് ടൊയോട്ടയുടെ ആദ്യത്തെ ഇലട്രിക് എസ്‌യുവി എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. അവർക്കായി ഇതാ ഇബെല്ലയുടെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈൻ
ഇബെല്ലക്ക് ടൊയോട്ടയുടെ 'ഹാമർഹെഡ്' ഫ്രണ്ട് ഡിസൈൻ ശൈലിയാണ് നൽകിയിരിക്കുന്നത്. ഇത് ഇവിക്ക് പ്രത്യേക ഐശ്വര്യമാണ് സമ്മാനിക്കുന്നത്. എയർ വെൻ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഇവി കാറുകൾക്ക് അനുയോജ്യമായ ക്ലോസ്‌ഡ് ഗ്രില്ലും ഇബെല്ലയെ വ്യത്യസ്തമാക്കുന്നു. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ മാരുതി ഇവിറ്റാരയിൽ നിന്നും വ്യത്യസ്‌തമായ രൂപം ആവാഹിക്കാനും സഹായിച്ചിട്ടുണ്ട്.
പിയാനോ ബ്ലാക്ക് ബമ്പറും റീഡിസൈൻ ചെയ്ത ബോണറ്റും ഇവിക്ക് കൂടുതൽ മനോഹാരിത നൽകുന്നുമുണ്ട്. മോട്ടോർ ബോണറ്റിനടിയിൽ വരുന്നതിനാൽ മുൻവശത്ത് സ്റ്റോറേജിന് ഇടമില്ല. ഫ്രണ്ട് ക്യാമറയും പാർക്കിംഗ് സെൻസറുകളും നൽകിയിട്ടുണ്ട്. എന്നാൽ ഫോഗ് ലാമ്പുകൾ അർബൻ ക്രൂയിസർ ഇബെല്ലയിൽ ഇല്ലെന്നതും രസകരമായ കാര്യമാണ്. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ 18 ഇഞ്ച് ഏറോഡൈനാമിക് അലോയ് വീലുകളാണ് ടൊയോട്ട ഒരുക്കിവെച്ചിരിക്കുന്നത്. കറുത്ത ബോഡി ക്ലാഡിംഗ് താഴത്തെ ഭാഗങ്ങളിൽ കാണാം.

ഡോർ ഹാൻഡിലുകളിൽ റിക്വസ്റ്റ് സെൻസറുകൾ ഉണ്ട്. വിൻഡോകൾക്ക് ചുറ്റും മാറ്റ് ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്. B-പില്ലറുകൾക്ക് സമാനമായ മാറ്റ് ബ്ലാക്ക് ഫിനിഷും, ORVM-കൾക്ക് പിയാനോ ബ്ലാക്ക് ഫിനിഷും ഉണ്ട്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലും ഇബെല്ല തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. റിയർ ഡോർ ഹാൻഡിലുകൾ C-പില്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അടിപൊളിയാണ്. ഇത് പഴയ മോഡലുകളിൽ കണ്ടുവരുന്ന ഒരു ഡിസൈൻ ശൈലിയാണ്.
പിൻഭാഗത്ത് എസ്‌യുവിക്ക് ലളിതവും വൃത്തിയുള്ളതുമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. ഷാർക്ക് ഫിൻ ആൻ്റിന, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, റിയർ സ്പോയിലർ, ഡിഫോഗർ, വൈപ്പർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി ടെയിൽ ലാമ്പുകൾക്ക് മുൻവശത്തെ ഡിആർഎല്ലുകളെ ഓർമ്മിപ്പിക്കുന്ന സെഗ്മെൻ്റഡ് പാറ്റേൺ ഉണ്ട്. അർബൻ ക്രൂസർ ഇബെല്ല ബാഡ്ജുകളും വലിയ അക്ഷരത്തിൽ തന്നെ കൊടുത്തിട്ടുമുണ്ട്.

ഇൻ്റീരിയർ
ഇബെല്ലയുടെ അകത്തളത്തിൽ ബ്ലാക്ക്-ബ്രൌൺ നിറത്തിലുള്ള കോമ്പിനേഷനാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. ഡാഷ്ബോർഡിൽ ഹാർഡ് പ്ലാസ്റ്റിക്കുകൾക്കൊപ്പം സോഫ്റ്റ്-ടച്ച് പാനലുകളും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ലംബമായി അടുക്കിയിരിക്കുന്ന എസി വെൻ്റുകൾ ആധുനികത നൽകുന്നു. ഡാഷ്ബോർഡിന് മുകളിലും താഴെയുമായി സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.
സ്റ്റിയറിംഗ് വീലിന് D-കട്ട് ഡിസൈനാണ് ടൊയോട്ട നൽകിയിരിക്കുന്നത്. ടൊയോട്ട ലോഗോ വഹിക്കുന്ന സ്റ്റിയറിംഗ് വീലിന് ADAS ഫംഗ്ഷനുകൾക്കും മീഡിയ കൺട്രോളുകളും നൽകിയിരിക്കുന്നത് പ്രീമിയംനെസ് വർധിപ്പിക്കുന്നുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടൊയോട്ടയുടെ i-Connect കണക്റ്റഡ് കാർ ടെക്നോളജി പോലുള്ള ഫീച്ചറുകളും ലഭിക്കുന്നതാണ്.

ഫ്ലോട്ടിംഗ് സെൻ്റർ കൺസോളിൽ ന്യൂട്രൽ, റിവേഴ്സ്, ഡ്രൈവ് എന്നിവയ്ക്കുള്ള സെലക്ടറുകൾക്കൊപ്പം പവർട്രെയിനിനായുള്ള സ്പോർട്ട്, ഇക്കോ മോഡുകളും കമ്പനി നൽകിയിട്ടുണ്ട്. സ്‌ക്രീനിന് താഴെ എസി കൺട്രോളുകളും പ്രധാന പ്രവർത്തനങ്ങൾക്ക് ഫിസിക്കൽ സ്വിച്ചുകളും നൽകിയിട്ടുണ്ട്. ഫ്രണ്ട് സീറ്റുകൾ മികച്ച കുഷ്യനിംഗും ലെതറെറ്റ് ഇൻസേർട്ടുകളുമാണ് നൽകിയിരിക്കുന്നത്. ഡ്രൈവർ സീറ്റിന് 10-വേ ഇലക്ട്രിക് അഡ്ജസ്റ്റ്മെൻ്റ് ഉൾപ്പെടെയുള്ള ലംബർ സപ്പോർട്ടും ഉണ്ട്. ഇത് ദീർഘദൂര യാത്രകളിൽ ഡ്രൈവർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കാൻ സഹായിക്കുന്നു.
വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ് ഫീച്ചറും ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ലയുടെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. ഇതിൻ്റെ നിയന്ത്രണങ്ങൾ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുള്ളിലാണ് നൽകിയിരിക്കുന്നത്. പ്രത്യേക ബട്ടണുകളില്ലാത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. പിൻസീറ്റിലെ യാത്രക്കാർക്ക് നല്ല ലെഗ്‌റൂമും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകളും ലഭിക്കും. കൂടുതൽ സൗകര്യത്തിനായി രണ്ട് കപ്പ് ഹോൾഡറുകളുള്ള ഫോൾഡ്-ഡൗൺ ആംറെസ്റ്റും നൽകിയിട്ടുണ്ട്.

ഇബെല്ലയിൽ സിംഗിൾ-പാൻ ഫിക്സഡ് ഗ്ലാസ് റൂഫാണ് നൽകിയിരിക്കുന്നത്. ഇത് ഒരു മൂൺറൂഫ് പോലെ പ്രകാശത്തെ കടത്തിവിടുന്നുണ്ടെങ്കിലും പക്ഷേ തുറക്കാൻ കഴിയില്ല. പിൻഭാഗത്തുള്ള യാത്രക്കാർക്ക് രണ്ട് ചാർജിംഗ് സോക്കറ്റുകൾ, റിയർ എസി വെൻ്റുകൾ, സ്വന്തമായി ബ്ലോവർ കൺട്രോളുകൾ എന്നിവയും ലഭ്യമാണ്. പിൻസീറ്റിന് നല്ല തൈസ് സപ്പോർട്ടും ഉണ്ടെന്നതിനാൽ ദീർഘദൂര യാത്രകളെല്ലാം അടിപൊളിയാവും. ഉയർന്ന ട്രിമ്മുകളിൽ JBL ഓഡിയോ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്.
ബാറ്ററി പായ്ക്കും റേഞ്ചും
അർബൻ ക്രൂസർ ഇബെല്ല 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും വിപണനത്തിന് എത്തുക. 49 kWh പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 440 കിലോമീറ്ററാണ്. വലിയ 61 kWh പാക്ക് ഫുൾ ചാർജിൽ ARAI റേഞ്ച് 543 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നതായിരിക്കും. 49 kWh ബാറ്ററിയുള്ള വേരിയന്റിലെ മോട്ടോറിന് 106 kW അഥവാ 144 hp പവർ ഉത്പാദിപ്പിക്കാൻ കഴിയും. 61 kWh പായ്ക്കിൽ പവർ 128 kW അഥവാ 174 bhp ആയി ഉയരുന്നു. രണ്ട് സജ്ജീകരണങ്ങളും 189 Nm പരമാവധി ടോർക്ക് നൽകുന്നു. ഇന്ത്യയിൽ, ഇബെല്ല ഫ്രണ്ട്-വീൽ ഡ്രൈവ് ലേഔട്ടിലാണ് നിർമിക്കുന്നത്.

വലിപ്പം
വലിപ്പത്തിൻ്റെ കാര്യത്തിൽ ഇബെല്ലക്ക് 4,285 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,640 മില്ലീമീറ്റർ ഉയരവുമുണ്ട്. 1,815 കിലോഗ്രാം ഭാരമാണ് ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ടെയിൽഗേറ്റിന് പവർഡ് ഫീച്ചർ ഇല്ലെങ്കിലും ബൂട്ടിൽ ഒന്നിലധികം ട്രോളി ബാഗുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പണിതിറക്കിയിരിക്കുന്നത്. ആയതിനാൽ നല്ലൊകു ഫാമിലി കാറായി ഇതിനെ കൊണ്ടുനടക്കാനാവും.
ഓടിക്കാൻ എങ്ങനെയുണ്ട്
ഒരു ഇവിയിൽ നിന്ന് പ്രതീക്ഷിക്കുന്ന വേഗതയും റെസ്പോൺസുമാണ് ഇബെല്ല നൽകുന്നത്. മോട്ടോറിൽ നിന്നുള്ള ക്വിക്ക് ടോർക്ക് വാഹനം വേഗത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുന്നുണ്ട്. ഇത് സിറ്റിയിലെ സ്റ്റോപ്പ്-ഗോ ട്രാഫിക് എളുപ്പമാക്കുകയും ഓപ്പൺ റോഡുകളിൽ വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. അതായത് ലാഗില്ലാതെ ഓടിക്കാൻ രസകരമായ ഇവികളിൽ ഒന്നായിരിക്കും ഇബെല്ലയെന്ന് സാരം.

മോശം റോഡുകളെയും ചെറിയ കുണ്ടുംകുഴിയുമെല്ലാം സസ്പെൻഷൻ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ബോഡി റോളും നന്നായി കൈകാര്യം ചെയ്യാൻ ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ലയ്ക്ക് സാധിക്കുന്നുണ്ട്. 18 ഇഞ്ച് വീലുകൾ വേഗതയിൽ പോലും ഗ്രിപ്പും സ്റ്റെബിലിറ്റിയും നൽകുന്നു. സ്റ്റിയറിംഗ് ഫീഡ്‌ബാക്കും മികച്ചതാണെന്ന് വേണം പറയാൻ. അങ്ങനെ മൊത്തത്തിൽ അടിപൊളിയായി തന്നെ വാഹനം കൊടുക്കുന്ന പൈസ വസൂലാക്കും.
സേഫ്റ്റി
സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല പണികഴിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി 7 എയർബാഗുകൾ, ലെവൽ 2 ADAS പാക്കേജ് എന്നിവ ഇവി വാഗ്ദാനം ചെയ്യുന്നു. ലെയ്ൻ കീപ് അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ട്രാഫിക് അലേർട്ട് എന്നിവയാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റത്തിൽ ഉൾപ്പെടുന്നത്. ഈ സംവിധാനങ്ങൾ വിവിധ ട്രാഫിക് സാഹചര്യങ്ങളിൽ ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കും.
ബോഡി ഘടനയിൽ ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ച് ദൃഢത വർധിപ്പിക്കുന്നുമുണ്ട്. ബാറ്ററി തെർമ്മൽ മാനേജ്‌മെൻ്റ് പായ്ക്കിനെ അതിൻ്റെ അനുയോജ്യമായ താപനില പരിധിയിൽ നിലനിർത്തുന്നതിനും സഹായിക്കും. ഇവയെല്ലാം യാത്രക്കാരുടെ സംരക്ഷണത്തിനും കാലക്രമേണ ബാറ്ററി പ്രകടനം സ്ഥിരമായി നിലനിർത്തുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.
വേരിയൻ്റുകൾ
ടൊയോട്ട അർബൻ ക്രൂസർ ഇബെല്ല മൂന്ന് ട്രിമ്മുകളിൽ ലഭ്യമാണ്. E1, E2, E3. E1 വേരിയൻ്റ് 49 kWh ബാറ്ററി പാക്കിൽ മാത്രമാണ് വരുന്നത്. E2, E3 വേരിയന്റുകൾ വലിയ 61 kWh ബാറ്ററി പാക്കിലാണ് വരുന്നത്. E3 പതിപ്പിൽ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, JBL ഓഡിയോ സിസ്റ്റം എന്നിവ പോലുള്ള അധിക ഫീച്ചറുകൾ ഉൾപ്പെടുന്നു. ഔദ്യോഗിക വിലകൾ ടൊയോട്ട കിർലോസ്കർ മോട്ടോർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബുക്കിംഗും മറ്റ് വിവരങ്ങളും
ടൊയോട്ട അർബൻ ക്രൂസർ ഇബെല്ലയുടെ ബുക്കിംഗ് 2026 ജനുവരി 20-ന് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 2026 മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ, ചാർജിംഗ് സോൺ പോലുള്ള പങ്കാളികൾ വഴിയും നിലവിലുള്ള ചാർജിംഗ് സൗകര്യങ്ങൾ വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നതും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ടാറ്റ കർവ് ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇവി, എംജി ZS ഇവി എന്നിവ പോലുള്ള മോഡലുകളുമായാണ് ഇബെല്ല മത്സരിക്കേണ്ടത്.


Click it and Unblock the Notifications








