480 കിലോമീറ്റർ റേഞ്ചുള്ള വോൾവോയുടെ പുതുപുത്തൻ ഇലക്‌ട്രിക് എസ്‌യുവി, EX30 റിവ്യൂ വിശേഷങ്ങൾ വായിക്കാം
ലോകത്തിൽ തന്നെ ഏറ്റവും സേഫ്റ്റിയുള്ള കാറുകൾ പുറത്തിറക്കുന്ന കമ്പനിയെന്ന പേരുള്ളവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. നിലവിൽ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്ന കമ്പനി ഇന്ത്യയിലും ഇലക്‌ട്രിക് കാറുകളുടെ വലിയൊരു നിരയും അണിനിരത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെ EX30 എന്ന പുതുമോഡലിനെയും അടുത്തിടെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. മിനിമലിസ്റ്റ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, പ്രീമിയം സൗകര്യം എന്നിവയോടെയാണ് ഇവി വരുന്നത്.
ബ്രാൻഡിന്റെ ഏറ്റവും ചെറിയ എസ്‌യുവി എന്ന നിലയിൽ EX30 സുസ്ഥിരതയ്ക്കും ഉപയോക്തൃ സൗഹൃദത്തിനും പ്രാധാന്യം നൽകുന്നുവെന്നാണ് വോൾവോ പറയുന്നത്. നിരവധി ആധുനിക ഫീച്ചറുകളോടെ എത്തുന്ന ഈ വാഹനം വിപണിയിൽ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ഇന്ത്യയിലേക്ക് കമ്പനി അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇവി എങ്ങനെയുണ്ടെന്ന് അറിയാൻ നിങ്ങൾക്ക് ഏവർക്കും താത്പര്യമുണ്ടാവുമല്ലോ. അതിനായി റിവ്യൂ വിശേഷങ്ങൾ വിശദമായി വായിക്കാം.

എക്സ്റ്റീരിയർ ഡിസൈൻ: ഒരു മിനിമലിസ്റ്റ് ശൈലിയിലുള്ള എക്സ്റ്റീരിയറാണ് വോൾവോ EX30 ഇവിയുടെ പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണയായി കാണുന്ന ക്ലോസ്‌ഡ് ഗ്രില്ലാണ് മുൻവശത്തുള്ളത്. വോൾവോയുടെ ഐക്കണിക് തോർ ഹാമർ ഡിആർഎല്ലുകളും ഹെഡ്‌ലൈറ്റുകളും, ഇൻ്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളും പ്രത്യേകം എടുത്ത് പറയേണ്ട കാര്യങ്ങളാണ്. 19 ഇഞ്ച് എയറോ അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ഇത് സ്പോർട്ടി രൂപം കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറയാം.
വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലൂ എന്നിങ്ങനെ നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ വോൾവോയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവി ലഭ്യമാണ്. ഓരോ വേരിയൻ്റിലും കറുത്ത റൂഫും, അനുബന്ധ വിശദാംശങ്ങളും നൽകിയിരിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ്. പിന്നിൽ റൂഫ് സ്പോയിലറും, സ്റ്റെപ്പ്-സ്റ്റൈൽ എൽഇഡി ടെയിൽ ലൈറ്റുകളും ഉണ്ട്. വലിയ ക്രോം ഫിനിഷ്‌ഡ് വോൾവോ ബാഡ്‌ജ് വാഹനത്തിന് കൂടുതൽ ആകർഷണം നൽകുന്നു.

എക്സ്റ്റീരിയർ മിററുകളിലും ഓട്ടോ-ഡിമ്മിംഗ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാൽ പ്രായോഗികത അടിപൊളിയാണ്. കൂടാതെ ഫിക്സഡ് പനോരമിക് ഗ്ലാസ് റൂഫും ഉണ്ട്. ഡോർ ഹാൻഡിലുകളും ഡിസൈനിനോട് ഒത്തുചേരുന്നുണ്ട്. കൂടാതെ കീ ഫോബ്, NFC കാർഡ്, വോൾവോ ആപ്പ് വഴിയുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി പോലുള്ള ഫീച്ചറുകളും വോൾവോയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്.
ഇന്റീരിയർ: EX30 ഇവിയുടെ അകത്തളവും മിനിമലിസ്റ്റിക്കായാണ് കൊടുത്തിരിക്കുന്നത്. വെർട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയെല്ലാം ഇവിയിലുണ്ടാവും. ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് കൺട്രോൾ, USB-C പോർട്ടുകൾ, PIN ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്ന ഇലക്ട്രോണിക് സേഫ്റ്റി സംവിധാനം ഗ്ലോവ് ബോക്സിൽ ഉണ്ട്.

ലെതറെറ്റ് സീറ്റുകളുള്ളതിനാൽ യാത്രകൾ അടിപൊളിയായിരിക്കും. മുൻ സീറ്റുകൾക്ക് ആറ് തരത്തിൽ ഇലക്ട്രിക് അഡ്ജസ്റ്റ്മെൻ്റുകൾ ഉണ്ട്. പിന്നിലെ സീറ്റുകൾ രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും ആവശ്യമായത്ര സ്ഥലസൗകര്യം നൽകുന്നുണ്ടേ. നല്ല ഹെഡ്‌റൂം, ലെഗ്‌റൂം എന്നിവയുള്ളതിനാൽ മടുപ്പൊന്നുമില്ല. 318 ലിറ്റർ ബൂട്ട് സ്പേസാണ് വോൾവോ EX30 ഇവിക്കുള്ളത്. റിയർ സീറ്റ് മടക്കിയാൽ ലഗേജ് കപ്പാസിറ്റി ഏകദേശം 900 ലിറ്റർ വരെ വർധിപ്പിക്കാൻ കഴിയും. 7 ലിറ്റർ ശേഷിയുള്ള ഒരു ചെറിയ ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ട്മെന്റും ഉണ്ട്.
ബാറ്ററി: 69kWh ബാറ്ററി പായ്ക്കുമായി വരുന്ന EX30 ഇവിയിൽ 272 bhp കരുത്തിൽ പരമാവധി 343 Nm ടോർക്ക് നൽകുന്ന സിംഗിൾ റിയർ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ 480 കിലോമീറ്റർ റേഞ്ച് നൽകാനും ഇവിക്കാവും. ഫാസ്റ്റ് ചാർജിംഗ് (DC) ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. അതേസമയം AC ചാർജർ ഉപയോഗിച്ചാൽ ചാർജിംഗിന് 6-7 മണിക്കൂർ എടുക്കും.

ഡ്രൈവിംഗ് എക്‌സ്പീരിയൻസ്: മൊത്തത്തിൽ വോൾവോയുടെ പുതിയ എസ്‌യുവി ഓടിച്ച് നടക്കാൻ വളരെ രസമാണ്. ക്വിക്കായിട്ടുള്ള ടോർക്ക് ഡെലിവറി എടുത്ത് പറയേണ്ട സംഗതിയാണ്. സിംഗിൾ പെഡൽ ഡ്രൈവിംഗ്, സ്റ്റോപ്പ്-സ്റ്റാർട്ട് ട്രാഫിക്കിൽ അനായാസം വണ്ടി കൊണ്ടുനടക്കാൻ സഹായിക്കും. മോശം റോഡുകളിൽ പോലും സസ്പെൻഷൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഉയർന്ന വേഗതയിൽ പോലും ബ്രേക്കിംഗും കോൺഫിഡൻസ് നൽകുന്നുണ്ട്.
ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളിൽ ലെയ്ൻ-കീപ്പിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷയും, സൗകര്യവും വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ADAS സപ്പോർട്ടും വോൾവോയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവിയിലുണ്ട്. പാർക്കിംഗ് സെൻസറുകളും, ഓട്ടോ-പാർക്കിംഗും നഗരത്തിലെ യാത്രകൾ എളുപ്പമാക്കുന്നു. അങ്ങനെ മോഡേൺ സ്റ്റൈലും പ്രായോഗികമായ ഫീച്ചറുകളും ഇഷ്ടപ്പെടുന്നവർക്ക് കണ്ണുംപൂട്ടി ആശാനെ സ്വന്തമാക്കാം.


Click it and Unblock the Notifications








