ടൊയോട്ട ഇന്നോവ റിവ്യൂ

ഇന്നോവയുടെ കാര്യത്തില്‍ ഡിസൈന്‍ സൗന്ദര്യം എമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഈയടുത്ത കാലത്ത് ലഭിച്ച അപ്‍ഗ്രേഡുകള്‍ ഇന്നോവയുടെ മുന്‍ ഗ്രില്ലിന്‍റെ അളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‍ലൈറ്റുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ടൊയോട്ട വാഹനങ്ങള്‍ക്ക് പൊതുവിലുള്ള ഡിസൈന്‍ സ്വഭാവം ഇത്തിരി കടുംപിടിത്തമുള്ളതാണ്. വളരെ പെട്ടെന്നൊന്നും അത് ഒന്നിനും വഴങ്ങുന്നതല്ല. ഈ നയപരമായ പ്രശ്നം തീര്‍ക്കാന്‍ ടൊയോട്ട ഈയിടെ തീരുമാനം കൈക്കൊണ്ടിരുന്നു.
7 പേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതാണ് ടൊയോട്ടയുടെ ഇന്‍റീരിയര്‍. ഇത്രയും പേര്‍ക്ക് സുഖകരമായിത്തന്നെ യാത്ര ചെയ്യാമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ലതാണ്. ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തിലും ഇന്നോവ മുന്നില്‍ നില്‍ക്കുന്നു. ദൂരയാത്രകള്‍ക്ക് എത്രയും പറ്റിയതെന്ന പ്രശസ്തി ഇന്നോവയ്ക്ക് സ്വന്തമാണ്.
പുതിയ ഇന്നോവയ്ക്ക് രണ്ടും മൂന്നും നിരകളില്‍ എസി വെന്‍റുകള്‍ നല്‍കിയിട്ടുണ്ട്. ടില്‍റ്റ് സ്റ്റീയറിംഗ്, ഗ്ലോവ് ബോക്സ്, ട്രിപ് മീറ്റര്‍, പവര്‍ ഡോര്‍ ലോക്, ടെക്കോമീറ്റര്‍, കീലെസ് എന്‍ട്രി, ഓഡിയോ, സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ച എംഐഡി-ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍ എന്നിവ അടക്കം ചെയ്തിരിക്കുന്നു. ടോപ് വേരിയന്‍റില്‍ മൈക്രോഫോണ്‍, ആംപ്ലിഫയര്‍, റിയര്‍ കാമറ, സണ്‍വൈസര്‍, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവയും അടങ്ങുന്നു.
ഇന്നോവയ്ക്കുള്ളത് 2.0 ലിറ്റര്‍ വിവിടിഐ പെട്രോള്‍ എന്‍ജിനാണ്. 5600 ആര്‍പിഎമ്മില്‍ 132 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരുന്നു. 4000 ആര്‍പിഎമ്മില്‍ 181 എന്‍എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഈ എന്‍ജിനിനുണ്ട്.
2.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 3600 ആര്‍പിഎമ്മില്‍ 102 കുതിരശക്തി നല്‍കുന്നു. 200 എന്‍എം ടോര്‍ക്ക് 1400-3400 ആര്‍പിഎമ്മില്‍ ലഭ്യമാണ്.
മേല്‍പ്പറഞ്ഞ വിവരങ്ങളില്‍ നിന്നെല്ലാം നമുക്ക് വായിച്ചെടുക്കാവുന്നതെന്താണ്? മറ്റെല്ലാ കാറുകളെയും പോലെ വളരെ നിരുപദ്രവകാരിയാണ് ഈ കാറും. കൊടുവാള്‍, ബോംബ്, വടിവാള്‍ തുടങ്ങിയ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ മറ്റേതൊരു കാറുലുമെന്ന പോലെ ഈ കാറിലും പ്രത്യേക ഇടമില്ല.
രാഷ്ട്രീയ കക്ഷികള്‍ ഇന്നകപ്പെട്ടിരിക്കുന്ന ആശയപരമായ പാപ്പരത്തം കൂടും തോറും ക്വട്ടേഷന്‍ രാഷ്ട്രീയം ഇനിയും വളരും. വിപണിയിലിറങ്ങുന്ന നിരവധി കാറുകള്‍ അതിനായി ഉപയോഗിക്കപ്പെടുകയും ചെയ്യും. ആരെ പ്രതിചാരിയാലും കാറുകളെ വെറുതെ വിടണമേയെന്ന് ഒരു ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകന്‍ ഇവിടിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു...


Click it and Unblock the Notifications








