ടാറ്റ നാനോ 2013 വിശദാംശങ്ങള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ നാനോ 2013 പതിപ്പിന്‍റെയും ഇന്‍ഡിഗോ ഇസിഎസ്, സുമോ ഗോള്‍ഡ്, ടാറ്റ ഇന്‍ഡിക എന്നിവയുടെ പുതുക്കിയ പതിപ്പുകളുടെയും വിശദാംശങ്ങള്‍ പുറത്തായി. ടാറ്റയുടെ 'എംവൈ 2013 പരിപാടി'യുടെ ഭാഗമായാണ് ഈ പുതുക്കലുകള്‍ നടന്നിരിക്കുന്നത്. കമ്പനിയുടെ എല്ലാ കാര്‍ മോഡലുകളും ഉപഭോക്താക്കളുടെ പ്രതികരണത്തെ കൂടി കണക്കിലെടുത്ത് നടപ്പ് വര്‍ഷത്തില്‍ തന്നെ പുതുക്കലിന് വിധേയമാക്കുന്നതാണ് എംവൈ 2013 പരിപാടി.
എംവൈ പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം ടാറ്റ ഉദ്യോഗസ്ഥര്‍ രാജ്യത്തെമ്പാടുമുള്ള ഉപഭോക്താക്കളുമായും ഡീലര്‍മാരുമായും ചര്‍ച്ചകള്‍ നടത്തി. ഇവിടെ നിന്നെല്ലാം സ്വരൂപിച്ച ധാരണകളുടെ അടിസ്ഥാനത്തിലാണ് വരുത്തേണ്ട മാറ്റങ്ങള്‍ നിശ്ചയിച്ചത്.
പുതിയ ടാറ്റ നാനോയുടെ മുന്‍വശത്തെ മാറ്റം ആരുടെയും ശ്രദ്ധയില്‍ പെട്ടെന്നെത്തും. ഫ്രണ്ട് ബോണറ്റിന്‍റെ ചുണ്ടിലായി ഒരു ക്രോം പട്ട നല്‍കിയിട്ടുണ്ട്. ഇത് ടാറ്റ നാനോയ്ക്ക് ഒരല്‍പം പ്രീമിയം സ്വഭാവം പകരാന്‍ സഹായിക്കുന്നു.
പുതിയൊരു ആംഫിസ്ട്രീം മ്യൂസിക് സിസ്റ്റം കാറിനകത്ത് ഘടിപ്പിച്ചിട്ടുണ്ട്. സാങ്കേതിക തലത്തില്‍ വന്നിട്ടുള്ള പ്രധാന മാറ്റം ഈസി സ്റ്റിയര്‍ സാങ്കേതികതയാണ്. നാനോയുടെ സ്റ്റീയറിംഗ് വീല്‍ കൈകാര്യം ചെയ്യാനുള്ള ആയാസത സംബന്ധിച്ച ഉപഭോക്തൃ പ്രതികരണങ്ങളാവണം ഈ സാങ്കേതികത അവതരിപ്പിക്കുവാന്‍ ടാറ്റയെ പ്രചോദിപ്പിച്ചത്. കാറിനുള്ളില്‍ പിന്‍വശത്ത് പാർസല്‍ ഷെല്‍ഫിനോടൊപ്പം രണ്ട് സ്പീക്കറുകള്‍ കൂടി ചേർത്തിട്ടുണ്ട് പുതിയ വാഹനത്തില്‍.
ഈസി സ്റ്റീയര്‍ സാങ്കേതികത പവര്‍ സ്റ്റീയറിംഗ് അല്ല. സുഗമമായ സ്റ്റീയറിംഗ് സാധ്യമാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളത്. ജൂലൈ മാസം മുതല്‍ ടാറ്റ നാനോ 2013 പതിപ്പ് വിപണിയില്‍ ലഭ്യമായിത്തുടങ്ങും. നാനോയുടെ സിഎന്‍ജി പതിപ്പായ നാനോ ഇമാക്സ് (EMAX) അടുത്ത മാസം വിപണിയിലെത്തുമെന്ന വിവരവും ലഭിച്ചിട്ടുണ്ട്.




Click it and Unblock the Notifications








