മഹീന്ദ്ര വൈബ് ലോഞ്ച് ജൂണ്‍ 5ന്
മഹീന്ദ്ര വെരിറ്റോയുടെ ഹാച്ച്ബാക്ക് രൂപമായ 'വൈബ്' മെയ് മാസം ഒടുവില്‍ എത്തുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ജൂണ്‍ 5നി വൈബിന്‍റെ വിപണിപ്രവേശം നടക്കും.
4 മീറ്ററില്‍ താഴെ നീളത്തിലാണ് പുതിയ ഹാച്ച്ബാക്ക് വരുന്നത്. ഡിസൈനില്‍ വലിയ തോതിലുള്ള മാറ്റങ്ങളെന്തെങ്കിലും ഉള്ളതായി ഇതിനിടെ ഡ്രൈവ്സ്പാര്‍ക്കിന് ലഭ്യമായ ചാരപ്പടങ്ങളില്‍ കാണുന്നില്ല. ഹാച്ച്ബാക്ക് ആക്കുവാന്‍ വേണ്ടി നടത്തിയ ബൂട്ട്മുറിയാണ് കാര്യമായ മാറ്റം! മികച്ച ഇന്‍റീരിയര്‍ സ്പേസ് പ്രദാനം ചെയ്യുന്നതായിരിക്കും വൈബ് എന്ന് ചിത്രങ്ങളില്‍ നിന്ന് ഊഹിക്കാവുന്നതാണ്.
വിലയും സാങ്കേതിക സവിശേഷതയും അടക്കമുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതായിട്ടാണുള്ളത്.
ഡിസൈനിന്‍റെ കാര്യത്തില്‍ ഉണ്ടാകാനിടയുള്ള പരാതി, ഇത് വളരെ ട്രെന്‍ഡിയല്ല എന്നതായിരിക്കും. ചെറുഹാച്ച്ബാക്ക് നിരകളില്‍ സ്വിഫ്റ്റ് പോലുള്ള വാഹനങ്ങളോട് എതിരിടാന്‍ വരുന്ന ഒരു കാര്‍ ഇങ്ങനെ സന്നാഹരഹിതമായിരിക്കുന്നത് തന്ത്രപരമല്ല. വെരിറ്റോയുടെ മികവുറ്റ ഇന്‍റീരിയര്‍ സ്പേസ് ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും വൈബിനെ പ്രതീക്ഷയോടെ കാണും. വൈബിന്‍റെ വിലയിടല്‍ എങ്ങനെയായിരിക്കുമെന്നാണ് ഓട്ടോ വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
വെരിറ്റോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും വൈബും പേറുക എന്നാണ് കരുതേണ്ടത്.


Click it and Unblock the Notifications









