ഇക്കോസ്പോര്‍ടിന് വന്‍ ക്യൂ: നിസ്സാന്‍ ടെറാനോ മുതലെടുക്കുമോ?
നിസ്സാന്‍ ടെറാനോ എസ്‌യുവിയുടെ ലോഞ്ച് ഒക്ടോബര്‍ 9ന് നടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചില ഡീലര്‍മാരാണ് വിവരം പുറത്തു വിട്ടിട്ടുള്ളത്. വിപണി സാഹചര്യം വിലയിരുത്തിയാല്‍ നിസ്സാന്‍ ടെറാനോയുടെ വരവ് കൃത്യസമയത്താണെന്ന് മനസ്സിലാക്കാനാവും. എതിരാളികളായ ഇക്കോസ്‌പോര്‍ടിന്റെയും, റിനോ ഡസ്റ്ററിന്റെ ഇപ്പോഴത്തെ വിപണിനില ടെറാനോയ്ക്ക് തികച്ചും അനുകൂലമാണ്.
ടെറാനോയ്ക്ക് നിലവില്‍ വിപണിയില്‍ ലഭിക്കാവുന്ന ഗുണങ്ങളും, നേരിടേണ്ട പ്രശ്‌നങ്ങളും ഏതെല്ലാമെന്ന് വിലയിരുത്തുകയാണിവിടെ.
നിസ്സാന്‍ ടെറാനോ വിശദാംശങ്ങള്‍

ഇക്കോസ്‌പോര്‍ട് ബുക്കിംഗ്
ഇക്കോസ്‌പോര്‍ട് കോംപാക്ട് എസ്‌യുവിയുടെ കാത്തിരിപ്പു സമയം 10 മാസത്തോളം എത്തുകയും ചില വേരിയന്റുകളുടെ ബുക്കിംഗ് നിറുത്തിവെക്കുകയും ചെയ്ത സന്ദര്‍ഭമാണിപ്പോള്‍. ഈ സാഹചര്യത്തെ ഫലപ്രദമായി മുതലെടുക്കാന്‍ ടെറാനോയ്ക്ക് സാധിച്ചേക്കും. നിസ്സാനിന്റെ പുതിയ എസ്‌യുവി ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കപ്പെട്ട നിസ്സാന്‍ ടെറാനോയുടെ എക്‌സ്റ്റീരിയര്‍ തീര്‍ച്ചയായും ഇക്കോസ്‌പോര്‍ടിന്റെ സ്‌റ്റൈലന്‍ സൗന്ദര്യത്തോട് ഏറ്റു നില്‍ക്കാന്‍ പ്രാപ്തിയുള്ളതാണ്. നിസ്സാന്‍ ജ്യൂക്ക്, പാട്രോള്‍ തുടങ്ങിയ കിടിലന്‍ എസ്‌യുവികള്‍ക്ക് സമാനമായ ശൈലിയില്‍ ഒരു കോംപാക്ട് എസ്‌യുവി ഇന്ത്യന്‍ നിരത്തിലിറങ്ങിയാല്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്.

ഡസ്റ്റര്‍
ഡസ്റ്റര്‍ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അങ്ങേയറ്റം ചലനാത്മകമായ വിപണിയില്‍ ഒരു വര്‍ഷത്തെ പഴക്കം പോലും നിര്‍ണായകമാണ്. പുതിയ ഉപഭോക്താക്കള്‍ ഏറ്റവും പുതിയ മോഡല്‍ തന്നെ വാങ്ങിക്കളയാം എന്ന തീരുമാനത്തിലെത്തിയാല്‍ കുറ്റം പറയാനാവില്ല. ഇത് നിസ്സാന്‍ ടെറാനോയ്ക്ക് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ ബുക്കിംഗ്
നിസ്സാന്‍ ടെറാനോയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട് കമ്പനി. ഇക്കോസ്‌പോര്‍ടിലും ഡസ്റ്ററിലും തൃപ്തി വരാത്തവര്‍ക്ക് ഒരു ബദല്‍ കിട്ടിക്കഴിഞ്ഞു എന്നാണ് ഇതിനര്‍ത്ഥം.

സന്നാഹങ്ങള്‍
ടെറാനോയില്‍ നിസ്സാന്‍ നിറച്ചിട്ടുള്ളത് നിരവധി പ്രീമിയം സൗകര്യങ്ങളാണ്. എന്‍ജിനും മറ്റും ഡസ്റ്ററിന് സമാനമാണെങ്കിലും സവിശേഷതകളുടെ കാര്യത്തില്‍ സമ്പന്നമാണ് വാഹനം. ഈ പ്രീമിയം നിലവാരം ഇഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. ഡസ്റ്ററിലില്ലാത്ത ചില ആഡംബര സൗകര്യങ്ങള്‍ തേടി ടെറാനോയിലേക്ക് കുറെപ്പേര്‍ തിരിയും എന്ന് ചുരുക്കം.

ഇക്കോസ്‌പോര്‍ട്ടിന്റെ ആധിപത്യം
എല്ലാ കാറ്റും ടെറാനോയ്ക്ക് അനുകൂലമാണെന്ന് പറയാനാവില്ല. കോംപാക്ട് ക്രോസ്സോവര്‍ വിപണിയെ ഇന്ന് നിയന്ത്രിക്കുന്നത് ഇക്കോസ്‌പോര്‍ട് എസ്‌യുവിയാണ്. പലരും കുറച്ചധികം കാത്തിരിക്കാനും തയ്യാറാവുന്നുണ്ട്. കാത്തിരിപ്പ് സമയം താമസിയാതെ കുറച്ചുകൊണ്ടുവരുമെന്ന ഫോഡിന്റെ പ്രഖ്യാപനത്തെ മിക്കവരും വിലയ്‌ക്കെടുക്കുന്നത് ഇക്കോസ്‌പോര്‍ടിനോടുള്ള താല്‍പര്യം കൊണ്ടു കൂടിയാണ്.

വില
നിസ്സാന്‍ ടെറാനോ ഡസ്റ്ററിനെക്കാള്‍ കൂടിയ വിലയിലായിരിക്കും വിപണിയിലെത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മത്സരക്ഷമമായ വിലയുടെ കാര്യത്തില്‍ ഇക്കോസ്‌പോര്‍ട് വിപണിയില്‍ ഏറ്റവും മുകളിലാണ്. ഇതിനെ നേരിടാന്‍ ടെറാനോയ്ക്ക് കഴിയുമോ എന്ന് സന്ദേഹിക്കണം.

സര്‍വീസ് സെന്ററുകള്‍
ഫോഡിനെ അപേക്ഷിച്ച് സര്‍വീസ് സെന്ററുകള്‍ കുറവാണ് നിസ്സാന്‍ ഇന്ത്യയ്ക്ക്. ഫോഡിന്റെ 200ലധികം വരുന്ന സര്‍വീസ് സെന്ററുകള്‍ ഒരു പ്രധാന രാസത്വരകമാണ് ഇക്കോസ്‌പോര്‍ടിന്റെ വില്‍പനയില്‍. നിസ്സാനും റിനോയും ഈ വഴിയില്‍ നിസ്സഹായരാണ്. ഇത് ടെറാനോയുടെ വില്‍പനയെ, അതെത്ര മികച്ച വാഹനമായിരുന്നാലും, ബാധിക്കാതിരിക്കില്ല.


Click it and Unblock the Notifications








