റിനോ ക്വിഡ് മോഡലിന് 1 ലിറ്റർ എൻജിൻ പതിപ്പ്!
റിനോ ക്വിഡിന്റെ അവതരണം ഈയിടെയാണ് നടന്നത്. ഈ വാഹനത്തിന്റെ വിപണിപ്രവേശം അടുത്തുതന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈൻ അടക്കമുള്ള നിരവധി കാര്യങ്ങളിൽ ക്വിഡ് മോഡൽ സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെ ബഹുദൂരം കടത്തിവെട്ടുന്നുണ്ട്. മാരുതി 800, ഹ്യൂണ്ടായ് ഇയോൺ മോഡലുകൾക്ക് നേരിട്ടുള്ള എതിരാളിയായി വിപണി പിടിക്കാനിരിക്കുന്ന ഈ വാഹനത്തെ നിരവധി പേർ കാത്തിരിക്കുന്നുണ്ട്.
പുതിയ വാർത്തകൾ പറയുന്നത് ക്വിഡിൽ ഒരു 1 ലിറ്റർ എൻജിൻ ഘടിപ്പിക്കാൻ റിനോയ്ക്ക് പദ്ധതിയുണ്ടെന്നാണ്. ഇതോടൊപ്പം സെമി ഓട്ടോമാറ്റിക് ഗിയർബോക്സും ഘടിപ്പിച്ചേക്കും. എന്നാൽ, 800സിസി പതിപ്പിന്റെ വിപണിപ്രവേശമായിരിക്കും ആദ്യം നടക്കുക.
മാരുതിയുടെ കെ10 മോഡലിന്റെ അതേ സെഗ്മെന്റിലേക്കാണ് ഈ 1 ലിറ്റർ പതിപ്പ് വരിക എന്നാണ് മനസ്സിലാക്കേണ്ടത്. മാരുതിയോളം പോന്ന വിൽപനാശൃംഘലകളില്ലെങ്കിലും നഗരങ്ങളിലെങ്കിലും മാരുതിക്ക് ഒരു നല്ല എതിരാളിയായി മാറാൻ റിനോയ്ക്ക് സാധിച്ചേക്കും.
ക്വിഡ് ചെറുകാറിന്റെ 98 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. ഇത് വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ വാഹനമെത്തിക്കാന്‍ റിനോയെ സഹായിക്കും.
ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.


Click it and Unblock the Notifications









