ആണുങ്ങള്‍ക്കായി ആണുങ്ങളുണ്ടാക്കിയ ആണുങ്ങളുടെ കാറുകള്‍!
ആണുങ്ങള്‍ക്കായി, ആണുങ്ങള്‍ സ്വപ്‌നം കണ്ട്, ആണുങ്ങള്‍ നിര്‍മിച്ച്, ആണുങ്ങള്‍ക്കിടയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളാണ് കാറുകള്‍ എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. പെണ്ണുങ്ങള്‍ക്കായി നിര്‍മിക്കപ്പെടുന്ന കാറുകള്‍ അധികമില്ല ഭൂമിയില്‍.
ലോകത്തിന്റെ സുപ്രധാന സാമ്പത്തിക ക്രയവിക്രയങ്ങളെല്ലാം ആണ്‍കേന്ദ്രിതമാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും കാറിനെ 'അവള്‍' എന്നു വിളിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. ഇതൊരു തന്ത്രമാണ്!
ഇവിടെ ആണുങ്ങള്‍ തെരഞ്ഞെടുക്കുന്ന കാറുകളെപ്പറ്റിയാണ് ചര്‍ച്ച. ചില പഠനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പട്ടിക നല്‍കുന്നത്. ആണുങ്ങള്‍ വാങ്ങുന്ന പത്ത് ബ്രാന്‍ഡുകള്‍.

താളുകളിലൂടെ നീങ്ങുക.

10. ടെസ്‌ല
ഭാവിയുടെ കാറുകളുടെ മുഖമാണ് ടെസ്‌ല. ഇന്ധനത്തിന്റെ കാര്യത്തില്‍ ഈ കാര്‍ ഏറെ പുരോഗമനപരമാണ്. പൂര്‍ണമായും വൈദ്യുതിയിലാണ് ടെസ്‌ല കാറുകള്‍ ഓടുന്നത്. പ്രകടനശേഷിയേറിയ ടെസ്‌ല കാറുകള്‍ പക്ഷേ, ആണുങ്ങളാണ് കൂടുതലായും വാങ്ങുന്നത്. ടെസ്‌ല കാറുകളുടെ ഉടമസ്ഥരില്‍ 83 ശതമാനം പേരും ആണുങ്ങളാണ്! പത്താം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ടെസ്‌ല വരുന്നത്.

09. റോള്‍സ് റോയ്‌സ
പരമ്പരാഗതമായി ആണ്‍കേന്ദ്രിതനാണ് റോള്‍സ് റോയ്‌സ് എന്നു കാണാം. വിഖ്യാതമായ ഈ അത്യാഡംബര മോഡല്‍ സ്വന്തമാക്കുന്നവരില്‍ 84 ശതമാനം പേരും ആണുങ്ങളാണ്!

08. മസെരാട്ടി
കാഴ്ചയില്‍ തന്നെ ആണത്തം പ്രകടിപ്പിക്കുന്ന മോഡലുകളാണ് മസെരാട്ടിയുടേത്. ഈ കാര്‍ സ്വന്തമാക്കാനും അധികം പെണ്ണുങ്ങള്‍ വരുന്നില്ല. മസെരാട്ടി സ്വന്തമാക്കുന്നവരില്‍ 84 ശതചമാനം പേരും ആണുങ്ങളാണ്.

07. റാം
റാം പുറത്തിറക്കുന്ന പിക്കപ്പുകള്‍ എത്ര പെണ്ണുങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കും? വിട്ടുവീഴ്ചയില്ലാത്ത പരുക്കന്‍ സ്വഭാവമാണ് റാം വാഹനങ്ങളുടേത്. റാം സ്വന്തമാക്കിയിട്ടുള്ളവരില്‍ 84 ശതമാനം പേരും ആണുങ്ങളാണ്.

06. ലോട്ടസ്
സ്‌പോര്‍ട്‌സ് കാറുകളോട് സ്ത്രീകള്‍ അധികം താല്‍പര്യം കാണിക്കുന്നില്ല. പ്രകടനശേഷി കൂടിയ കാറുകള്‍ പുറത്തിറക്കുന്ന ലോട്ടസ്സിന്‍ മോഡലുകള്‍ വാങ്ങുന്നവരില്‍ 86 ശതമാനം പേരും ആണുങ്ങളാണ്. ഈ കമ്പനി ഇക്കാര്യത്തില്‍ ആറാം സ്ഥാനത്ത് വരുന്നു.

05. ഫിസ്‌കര്‍
കാഴ്ചയില്‍ തന്നെ കൊടും ആണത്തം പ്രസരിപ്പിക്കുന്നവയാണ് ഫിസ്‌കര്‍ എന്ന അമേരിക്കന്‍ കാര്‍നിര്‍മാതാവിന്റെ കാറുകള്‍. അഞ്ചാം സ്ഥാനമാണ് ഈ കമ്പനിക്ക്. ഫിസ്‌കര്‍ കാറുകള്‍ സ്വന്തമാക്കിയവരില്‍ 87 ശതമാനം പേരും ആണുങ്ങളാണ്.

04. ആസ്റ്റണ്‍ മാര്‍ടിന്‍
ജയിംസ് ബോണ്ടിനെപ്പോലെ ഒരു മെയ്ല്‍ ഷൗവനിസ്റ്റ് വേറെയുണ്ടോ ലോകത്തില്‍. ഇങ്ങോര്‍ നിരവധി പടങ്ങളില്‍ ആസ്റ്റണ്‍ മാര്‍ടിന്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ കാറുകള്‍ വാങ്ങുന്നവരില്‍ 88 ശതമാനം പേരും ആണുങ്ങളായതില്‍ അത്ഭുതമുണ്ടോ?

03. ഫെരാരി
പ്രകടനശേഷിയുള്ള കാറുകളെപ്പറ്റി സംസാരിക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ ആദ്യം വരുന്ന പേരുകാരനും ഒരൊന്നാന്തരം പുരുഷകേന്ദ്രിത ജീവിയാണ്. ഫെരാരി സ്വന്തമാക്കിയവരില്‍ 92 ശതമാനം പേരും ആണുങ്ങളാണ്!

02. മക്‌ലാറന്‍
പ്രകടനശേഷിയുടെ കാര്യത്തില്‍ മറുചോദ്യങ്ങള്‍ക്ക് ഇടകൊടുക്കാത്തത്രയും കണിശക്കാരനാണ് മക്‌ലാറന്‍. ആണത്തത്തില്‍ ഫെരാരിയെക്കാള്‍ 1 ശതമാനം മുമ്പില്‍ നില്‍ക്കുന്നു ഈ ബ്രാന്‍ഡ്. മക്‌ലാറന്‍ കാറുകള്‍ സ്വന്തമാക്കിയവരില്‍ 93 ശതമാനം പേരും ആണുങ്ങളാണ്!

01. ലാമ്പോര്‍ഗിനി
സ്‌ത്രൈണതയുടെ ഒരംശം പോലും എവിടെയും തൊട്ടുതീണ്ടാന്‍ ലാമ്പോര്‍ഗിനി അനുവദിക്കാറില്ല. ഇക്കാരണത്താല്‍ തന്നെ പെണ്ണുങ്ങള്‍ അധികം അടുക്കാറുമില്ല. ലോകത്തെമ്പാടുമുള്ള ലാമ്പോര്‍ഗിനി ഉടമകളില്‍ 93 ശതമാനം പേരും ആണുങ്ങളാണ്!


Click it and Unblock the Notifications








