കറുപ്പഴകില്‍ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — വില 20.59 ലക്ഷം
ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍, മാരുതി ഇഗ്നിസ് ലിമിറ്റഡ് എഡിഷന്‍, നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍; പുതിയ കാര്‍ മോഡലുകള്‍ വിപണിയില്‍ കളംനിറയാന്‍ തുടങ്ങി. ദീപാവലിക്ക് മുമ്പ് വിപണിയില്‍ നിറഞ്ഞുനില്‍ക്കണം. പുത്തന്‍ പതിപ്പുകളെ നിര്‍മ്മാതാക്കള്‍ തിരക്കിട്ട് വിപണിയില്‍ അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമിതാണ്. ഇപ്പോൾ 20.59 ലക്ഷം രൂപ വിലയില്‍ പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല.

ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് (O) വകഭേദത്തെ അടിസ്ഥാനപ്പെടുത്തി കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. സ്‌പോര്‍ടി പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനാവശ്യമായ വേഷവിധാനങ്ങള്‍ക്കൊപ്പമാണ് പുതിയ കോമ്പസ് പതിപ്പിന്റെ വരവ്.

പേരുസൂചിപ്പിക്കുന്നതുപോലെ എസ്‌യുവിക്ക് അടിമുടി കറുപ്പ് നിറമാണ്. കറുത്തുതിളങ്ങുന്ന മിററുകളും അലോയ് വീലുകളും ബ്ലാക് പാക്ക് എഡിഷനില്‍ പുറംമോടിയില്‍ ശ്രദ്ധക്ഷണിച്ചിരുത്തും.

ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം ബ്ലാക് പാക്ക് എഡിഷന്റെ സ്‌പോര്‍ടി പരിവേഷത്തിന് പൂര്‍ണത സമര്‍പ്പിക്കുന്നു.

കറുപ്പ് നിറത്തിന്റെ ആധിക്യമാണ് ബ്ലാക് പാക്ക് എഡിഷനില്‍. അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പതിവു ഇരട്ടനിറ ശൈലി പുതിയ കോമ്പസ് പതിപ്പിന്റെ അകത്തളത്തിലില്ല. പകരം പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് ഉള്ളില്‍. സ്റ്റീയറിംഗ് വീലിലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുമുള്ള ക്രോം അലങ്കാരം ഇരുണ്ട അകത്തളത്തിന് കൂടുതല്‍ ചാരുത സമര്‍പ്പിക്കും.
Most Read: ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ - പ്രതീക്ഷ വാനോളം

സെന്റര്‍ കണ്‍സോളിലും ഡോര്‍ ഘടനകളിലും ക്രോം അലങ്കാരം ഒരുങ്ങുന്നുണ്ട്. ഡിസൈന്‍ മാറ്റങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ മറ്റു കാര്യമായ വിശേഷങ്ങളൊന്നും ബ്ലാക് പാക്ക് എഡിഷന്‍ കോമ്പസിനില്ല.

നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

ബ്ലാക് പാക്ക് എഡിഷന് വന്ന സ്ഥിതിക്ക് കോമ്പസിന്റെ പുതിയ ലിമിറ്റഡ് പ്ലസ് വകഭേദം വരാനും ഇനിയധികം താമസമുണ്ടാകില്ല. കോമ്പസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ലിമിറ്റഡ് പ്ലസ് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി ആദ്യമെ പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമാകും ലിമിറ്റഡ് പ്ലസ് മോഡലിന്റെ ആകര്‍ഷണം. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, വലിയ 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം എന്നിവ കോമ്പസ് ലിമിറ്റഡ് പ്ലസിന്റെ മാത്രം പ്രത്യേകതകളായി ഒരുങ്ങും.

ഉത്സവകാലം മുന്നില്‍ക്കണ്ടാണ് കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡലും വിപണിയില്‍ വരുന്നത്. നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളിലായി 11 വകഭേദങ്ങള്‍ കോമ്പസില്‍ ലഭ്യമാണ്.

കോമ്പസില്‍ തുടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 170 bhp കരുത്തും 350 Nm torque -മാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.
Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി - ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ തെരഞ്ഞെടുക്കാം. മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ കോമ്പസ് പെട്രോളിലുള്ളൂ.

അതേസമയം കോമ്പസ് ഡീസലില്‍ മുന്‍ വീല്‍ ഡ്രൈവ്, പിന്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഡീസല്‍ മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഇതുകൊണ്ടു കഴിഞ്ഞില്ല. അടുത്തവര്‍ഷം ആദ്യപാദം കോമ്പസ് ട്രെയില്‍ഹൊക്ക് എഡിഷനും ഇന്ത്യയില്‍ വരാനിരിക്കുകയാണ്. കോമ്പസിന്റെ ഓഫ്റോഡ് പതിപ്പാണ് ട്രെയില്‍ഹൊക്ക്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ പ്രധാന സവിശേഷത.


Click it and Unblock the Notifications








