മുതുകു ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിന് കാര്‍ സമ്മാനം
പ്രളയക്കെടുതിയിലും മനസലിയിപ്പിക്കുന്ന ചില കാഴ്ചകള്‍ കേരളം കണ്ടു. ആളുകള്‍ക്ക് കരയ്ക്കടുക്കാന്‍ മുതുകു ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിനെ നാം അടുത്തെങ്ങും മറക്കില്ല. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ദുരന്തനിവാരണ സേനയുടെ റബര്‍ ഡിങ്കിയില്‍ കയറാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ വന്നതോടെയാണ് ഇവര്‍ക്ക് ചവിട്ടിക്കയറാന്‍ ജൈസല്‍ സ്വന്തം മുതുകു കാട്ടിയത്.

ജൈസലിന്റെ നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തെ ആദരിച്ച് മഹീന്ദ്രയും ഇറാം മോട്ടോര്‍സും രംഗത്ത്. കേരളത്തിലെത്തിയ പുതിയ മറാസോ എംപിവിയുടെ ആദ്യ യൂണിറ്റ് ഇറാം മോട്ടോര്‍സ് ജൈസലിന് സമ്മാനിച്ചു. കേരളത്തിലെ ആദ്യ മറാസോ ഉടമയാണ് ഇനി ജൈസല്‍.

ഇറാമിന്റെ കോഴിക്കോട് പാവങ്ങാട് ഷോറൂമില്‍ നടന്ന ചടങ്ങില്‍ തൊഴില്‍വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ എംപിവിയുടെ താക്കോല്‍ ജൈസലിന് കൈമാറി. മറാസോ കേരളത്തില്‍ വില്‍പനയ്ക്കുവന്ന ദിവസം തന്നെയാണ് ജൈസലിന് ഇറാം മോട്ടോര്‍സ് എംപിവി സമ്മാനിച്ചത്.

മറ്റൊന്നും നോക്കാതെ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ ജൈസലിനെ പോലുള്ളവരെ ആദരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ചടങ്ങളില്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിദ്ധിഖ് അഹമ്മദ് പറഞ്ഞു.

ഇത്തരമൊരു സമ്മാനം ഒട്ടും പ്രതീക്ഷിച്ചില്ല. പുത്തന്‍ വാഹനം തന്റെ ഇനിയുള്ള രക്ഷാദൗത്യങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് ജൈസല്‍ പ്രത്യാശ പ്രകടപ്പിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് മഹീന്ദ്ര മറാസോ ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നത്.
Most Read: മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

9.99 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര എംപിവിയ്ക്ക് വിപണിയില്‍ വില. ഏറ്റവും ഉയര്‍ന്ന മറാസോ മോഡല്‍ 13.90 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളില്‍ അണിനിരക്കുന്നത്. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങള്‍ ഒരുങ്ങുന്നുണ്ട്.

വലിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള മിററുകള്‍ തുടങ്ങിയവയെല്ലാം മറാസോയുടെ പ്രത്യേകതകളില്‍പ്പെടും. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകളും മോഡലില്‍ എടുത്തുപറയണം.

ശ്രേണിയില്‍ സറൗണ്ട് കൂളിംഗ് ടെക്‌നോളജി ലഭിക്കുന്ന ആദ്യ എംപിവിയാണ് മറാസോ. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ അകത്തള വിശേഷങ്ങളില്‍പ്പെടും.

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ മോഡലുകള്‍ മറാസോയില്‍ ലഭ്യമാണ്. എട്ടു സീറ്റര്‍ മോഡലില്‍ ഒരു ക്യാപ്റ്റന്‍ സീറ്റ് മാത്രമെ ഒരുങ്ങുകയുള്ളൂ. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, രണ്ടാംനിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക സണ്‍ഷെയ്ഡ് എന്നിവയും മറാസോയില്‍ പരാമർശിക്കണം.
Most Read: രൂപംമാറി മിടുക്കനായി ടിവിഎസ് XL100

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മറാസോയിലുണ്ട്.

കമ്പനി വികസിപ്പിച്ച പുത്തന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തുക.

17.6 കിലോമീറ്ററാണ് മറാസോയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതിയ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ എംപിവിയുടെ പെട്രോള്‍ പതിപ്പുകളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരും.


Click it and Unblock the Notifications








