താരപ്പകിട്ടോടെ പുതിയ ഹ്യുണ്ടായി സാന്‍ട്രോ — വില 3.89 ലക്ഷം രൂപ മുതല്‍
ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നു തെളിയിച്ച് പുതിയ ഹ്യുണ്ടായി സാന്‍ട്രോ. ആധുനിക ഭാവപ്പകര്‍ച്ചയോടെ ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടാംവരവില്‍ 3.89 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് വില. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായി ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യം സാന്‍ട്രോയുടെ കടന്നുവരവിന് വര്‍ണ്ണപ്പകിട്ടേകി.

ശ്രേണിയില്‍ ഇതുവരെയാരും അവകാശപ്പെടാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് പുത്തന്‍ സാന്‍ട്രോയുടെ ചുവടുവെയ്പ്പ്.
വകഭേദങ്ങളും വിലയും
അഞ്ചു വകഭേദങ്ങളാണ് ഹ്യുണ്ടായി സാന്‍ട്രോയില്‍. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ സാന്‍ട്രോ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. പ്രാരംഭ ഡിലൈറ്റ് മോഡല്‍ 3.89 ലക്ഷം രൂപയ്‌ക്കെത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തിന് 5.45 ലക്ഷം രൂപയാണ് വില. എഎംടി, സിഎന്‍ജി പതിപ്പുകളും സാന്‍ട്രോയിലുണ്ട്.

പുത്തന്‍ സാന്‍ട്രോ മോഡലുകളുടെ വില വിവരങ്ങള്‍ പരിശോധിക്കാം —
| Variants | Price |
| D-Lite | Rs 3,89,900 |
| Era | Rs 4,24,900 |
| Magna | Rs 4,57,900 |
| Magna AMT | Rs 5,18,900 |
| Sportz | Rs 4,99,900 |
| Sportz AMT | Rs 5,64,900 |
| Asta | Rs 5,45,900 |
| Magna CNG | Rs 5,23,900 |
| Sportz CNG | Rs 5,64,900 |

രൂപകല്‍പന
സാന്‍ട്രോയെ ആധുനിക കുപ്പായമണിയിക്കാന്‍ ഹ്യുണ്ടായി കാര്യമായി മെനക്കെട്ടിട്ടുണ്ട്. പഴയ സാന്‍ട്രോയുടെ ടോള്‍ ബോയ് ശൈലി മാത്രം നിലനിര്‍ത്തി ഹാച്ച്ബാക്കിനെ കമ്പനി അടിമുടി പരിഷ്‌കരിച്ചു. ഹ്യുണ്ടായി കാറുകളില്‍ അടുത്തകാലത്തായി കണ്ടുവരുന്ന കസ്‌കേഡിംഗ് ഗ്രില്ല്, പുതിയ സാന്‍ട്രോയിലും ഒരുങ്ങുന്നു.

ഗ്രില്ലിന് അടിവരയിട്ട് ക്രോം ആവരണവും ഇടംപിടിക്കുന്നുണ്ട്. ബമ്പറിനോടു ചേര്‍ന്നാണ് ഗ്രില്ലിന്റെ സ്ഥാനം. പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രില്ലിന് ഇരുവശത്തും ഫോഗ്‌ലാമ്പുകള്‍ കാണാം. പിറകിലേക്കു വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും സാന്‍ട്രോയുടെ സവിശേഷതയാണ്.
Most Read: ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

വശങ്ങളില്‍ കയറിയിറങ്ങുന്ന വിന്‍ഡോലൈന്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധ കൈയ്യടക്കും. വീല്‍ ആര്‍ച്ചുകളോടു അനുബന്ധിച്ച വരകള്‍ക്ക് വെട്ടിയൊതുക്കിയ പ്രതീതി നല്‍കാന്‍ കഴിയുന്നുണ്ട്. വീതിയേറിയ വിന്‍ഡോ ശൈലി ഹാച്ച്ബാക്കിന്റെ അകത്തള വിശാലത പറഞ്ഞുവെയ്ക്കും.

ഹാച്ച്ബാക്കിന്റെ പിന്നഴക് കാണുമ്പോഴാണ് പഴയ സാന്‍ട്രോയുടെ മുഖം വിദൂരമായെങ്കിലും ഓര്‍മ്മയില്‍ തെളിയുക. വലുപ്പമുള്ള പിന്‍ വിന്‍ഡ്ഷീല്‍ഡും കോണോടുകോണ്‍ ചേര്‍ന്ന ടെയില്‍ലാമ്പുകളും സാന്‍ട്രോയുടെ വിശേഷങ്ങളില്‍പ്പെടും. മേല്‍ക്കൂരയോടു ചേര്‍ന്നുള്ള സ്‌റ്റോപ് ലാമ്പും കാറില്‍ പ്രത്യേകം പറയണം.

അകത്തളവും സൗകര്യങ്ങളും
ബ്ലാക് / ബീജ് നിറങ്ങള്‍ ഇടകലര്‍ന്ന അകത്തളത്തില്‍ ലാളിത്യമാണ് ഹ്യുണ്ടായി ഉയര്‍ത്തുന്ന മുദ്രാവാക്യം. എന്നാല്‍ ആധുനികഭാവം വെളിപ്പെടുത്താന്‍ ഉളളിലെ ഡാഷ്‌ബോര്‍ഡിനും ഘടകങ്ങള്‍ക്കും കഴിയുന്നുണ്ടുതാനും. എസി വെന്റുകളുടെയും സ്റ്റീയറിംഗ് വീലിന്റെയും രൂപകല്‍പനയില്‍ പുതുമ അനുഭവപ്പെടും.

എസി വെന്റുകള്‍ക്കും ഗിയര്‍ നോബിനും സ്റ്റീയറിംഗ് വീലിനും പ്രത്യേക ക്രോം ആവരണവും കമ്പനി നല്‍കിയിട്ടുണ്ട്. കാറിലുള്ള 7.0 ഇഞ്ച് ടച്ച്്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് സവിശേഷതകള്‍ അവകാശപ്പെടും.

പിന്‍ യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേകമുള്ള എസി വെന്റ് ശ്രേണിയില്‍ ആദ്യമാണ്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, യുഎസ്ബി പോര്‍ട്ട്, മടക്കിവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, പിന്‍ വൈപ്പര്‍ എന്നിങ്ങനെ നീളം ഹാച്ച്ബാക്കിന്റെ മറ്റുവിശേഷങ്ങള്‍.
Most Read: ടാറ്റയ്ക്ക് ഒരുമുഴം മുൻപേ എറിയാന്‍ എംജി മോട്ടോര്‍ — വരുന്നൂ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി

സുരക്ഷ
പ്രാരംഭ ഹാച്ച്ബാക്ക് എന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പരമാവധി സുരക്ഷ സജ്ജീകരണങ്ങള്‍ നേടിയെടുക്കാന്‍ സാന്‍ട്രോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍ മുതലായവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി നിലകൊള്ളും.

ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിന് പാസഞ്ചര്‍ എയര്‍ബാഗും ക്യാമറയോടുകൂടിയ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും വേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡോര്‍ ലോക്കും അധികമായുണ്ട്. സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനവും ഉയര്‍ന്ന മോഡലുകളുടെ മാത്രം പ്രത്യേകതയാണ്.

എഞ്ചിന്
പുതിയ 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ സാന്‍ട്രോയില്‍. എഞ്ചിന് 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിക്കുന്ന എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. എഎംടിയ്ക്ക് പുറമെ സിഎന്‍ജി പതിപ്പും സാന്‍ട്രോയില്‍ അണിനിരക്കും.
Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

മൈലേജ്
20.3 കിലോമീറ്ററാണ് സാന്‍ട്രോയുടെ എഎംടി, മാനുവല്‍ മോഡലുകളില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മാനുവല്‍ സിഎന്‍ജി വകഭേദം 30.5 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടും. ഇന്ത്യന്‍ വിപണിയില്‍ റെനോ ക്വിഡ്, മാരുതി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവരുമായാണ് ഹ്യുണ്ടായി സാന്‍ട്രോ കൊമ്പുകോര്‍ക്കുക.


Click it and Unblock the Notifications








