മാരുതി ബലെനോയോടു മത്സരിക്കാന്‍ ടാറ്റ 45X, വരവ് ഓഗസ്റ്റില്‍
പുതിയ ഹാരിയര്‍ എസ്‌യുവി അടുത്തവര്‍ഷം ജനുവരിയില്‍ എത്തും. അതുകഴിഞ്ഞാല്‍ പ്രീമിയം 45X ഹാച്ച്ബാക്കാണ് ടാറ്റയില്‍ നിന്നും വരാനുള്ള സുപ്രധാന മോഡല്‍. H5X (ഇപ്പോള്‍ ഹാരിയര്‍) കോണ്‍സെപ്റ്റിനൊപ്പം ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കാഴ്ച്ചവെച്ച ഹാച്ച്ബാക്ക് കോണ്‍സെപ്റ്റ്. ചെയ്യുന്നതു മാത്രമെ ടാറ്റ പറയുകയുള്ളൂവെന്ന അടിയുറച്ച വിശ്വാസം വിപണിക്കുണ്ട്.

കോണ്‍സെപ്റ്റായി പിറന്ന ടിയാഗൊയും ടിഗോറും നെക്‌സോണും വിപണിയില്‍ യാഥാര്‍ത്ഥ്യമായി. ഹാരിയറാണ് അടുത്തത്. ടാറ്റയുടെ പുതുതലമുറ കാറുകള്‍ ഇന്ത്യന്‍ വാഹന ലോകം കീഴടക്കുകയാണ്. എന്തായാലും പ്രീമിയം 45X ഹാച്ച്ബാക്ക് പ്രതീക്ഷകള്‍ തെറ്റിക്കില്ലെന്ന കാര്യമുറപ്പ്.

ഹാച്ച്ബാക്കുമായി ടാറ്റ പരീക്ഷണയോട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ 45X ഓഗസ്റ്റില്‍ വില്‍പനയ്ക്കുവരും. പ്രീമിയം കാര്‍ ശ്രേണിയില്‍ ടാറ്റ നടത്തുന്ന വിപ്ലവമായിരിക്കും 45X. ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാണിത്.

കോണ്‍സെപ്റ്റ് ഭാവത്തോടു പരമാവധി ചേര്‍ന്നുനില്‍ക്കാന്‍ ഹാച്ച്ബാക്ക് ശ്രമിക്കും. ക്യാമറ പലകുറി പകര്‍ത്തിയ 45X -ന്റെ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. മൂര്‍ച്ചകൂടിയ ഹെഡ്‌ലാമ്പ് ഘടനയാകും ഹാച്ച്ബാക്കിന്റെ പ്രധാന ആകര്‍ഷണം.
Most Read: പറക്കാനൊരുങ്ങി ദുബായ് പൊലീസ്, പറക്കും ബൈക്ക് തയ്യാര്‍

ഇതുവരെ ടാറ്റ കാറുകള്‍ക്കില്ലാത്ത അക്രമണോത്സുകത 45X ഹാച്ച്ബാക്ക് പ്രകടമാക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയായിരിക്കും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ഹാച്ച്ബാക്കിന്റെ നാലു അലോയ് വീലുകളിലും ഡിസ്‌ക്ക് ബ്രേക്കുകളാണ് ടാറ്റ നല്‍കുന്നത്.

ബലെനോയുമായുള്ള മത്സരത്തില്‍ പ്രീമിയം ഫീച്ചറുകളായിരിക്കും ഹാച്ച്ബാക്കില്‍ നിര്‍ണ്ണായകമാവുക. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്ന പതിവു സൗകര്യങ്ങളും സംവിധാനങ്ങളും 45X -ല്‍ എന്തായാലും പ്രതീക്ഷിക്കാം.

പുതിയ പ്രീമിയം ഹാച്ച്ബാക്കിന് നല്‍കാന്‍ പോകുന്ന എഞ്ചിനെ കുറിച്ചു ഒരക്ഷരം ടാറ്റ മിണ്ടിയിട്ടില്ല. എന്നാല്‍ 45X ഹാച്ച്ബാക്കിന് നെക്‌സോണിന്റെ എഞ്ചിന്‍ ലഭിക്കാനാണ് സാധ്യത കൂടുതല്‍. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ നെക്‌സോണ്‍ എസ്‌യുവിയില്‍ അണിനിരക്കുന്നുണ്ട്.

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നെക്‌സോണില്‍ ലഭ്യമാണ്. ഇവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിലും പ്രതീക്ഷിക്കാം. എന്തായാലും നിലവില്‍ ഹാരിയറിന്റെ തിരക്കിലാണ് ടാറ്റ.
Most Read: ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

പൂനെ ശാലയില്‍ ഹാരിയര്‍ എസ്‌യുവികള്‍ നിര്‍മ്മിക്കാന്‍ കമ്പനി തുടങ്ങി. ഹാരിയര്‍ നിര്‍മ്മാണത്തില്‍ 90 ശതമാനം ജോലിയും യന്ത്രങ്ങളാണ് നിര്‍വഹിക്കുക. ഇതിനായി നൂറിലേറെ KUKA, ABB റോബോട്ടുകള്‍ ശാലയിലുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്കും ജീപ് കോമ്പസിനും ടാറ്റ ഹാരിയര്‍ ഭീഷണി മുഴക്കും. 45X പ്രീമിയം ഹാച്ച്ബാക്കിന് മാരുതി ബലെനോ, ഹ്യുണ്ടായി i20 മോഡലുകളുടെ വിപണിയിലാണ് നോട്ടം.


Click it and Unblock the Notifications








