ടാറ്റ കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് — വര്‍ഷാവസാന ഓഫറുകള്‍ ഇങ്ങനെ
ഓഫറുകളുടെ വന്‍നിരയുമായി ഡിസംബര്‍ കടന്നുവന്നതോടെ കാര്‍ വിപണി ഉണര്‍ന്നു. വര്‍ഷാവസാനം കാര്‍ വിറ്റുതീര്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഒട്ടുമിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളില്‍ വന്‍വിലക്കിഴിവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ ആകര്‍ഷകമായ ഒരുപിടി ആനൂകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ടാറ്റ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ മാസം ടാറ്റ കാറുകളില്‍ ലഭ്യമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും പരിശോധിക്കാം.

ടാറ്റ ടിയാഗൊ
ഇന്നു വില്‍പ്പനയിലുള്ള ഏറ്റവും മികച്ച പ്രാരംഭ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ടാറ്റ ടിയാഗൊ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഒരുങ്ങുന്ന ടിയാഗൊയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും ടാറ്റ നല്‍കുന്നുണ്ട്. ടിയാഗൊയുടെ പ്രചാരം വര്‍ധിപ്പിക്കുക മുന്‍നിര്‍ത്തി 30,000 രൂപ വരെയാണ് ഹാച്ച്ബാക്കില്‍ ടാറ്റ പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ ഡിസ്‌കൗണ്ട്.

ഇതില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടും. ഓഫറിന്റെ ഭാഗമായി ആദ്യവര്‍ഷ ഇന്‍ഷുറന്‍സ് 7,400 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ഉപഭോക്താക്കള്‍ അടച്ചാല്‍ മതി. ഇതിനെല്ലാം പുറമെ 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ഹാച്ച്ബാക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ടാറ്റ ടിയാഗൊ NRG
പുത്തന്‍ ടിയാഗൊ NRG എഡിഷനിലും ഓഫറുകള്‍ ഒരുക്കാന്‍ ടാറ്റ മടി കാണിക്കുന്നില്ല. പ്ലാസ്റ്റിക് ക്ലാഡിംഗും കറുത്ത പാനലുകളും ഘടിപ്പിച്ച ടിയാഗൊയുടെ പുതുതലമുറ പതിപ്പാണ് NRG എഡിഷന്‍. കറുത്ത മേല്‍ക്കൂരയും മിററുകളും ഗ്രില്ലും ഉള്‍പ്പെടുന്ന ഡിസൈന്‍ ശൈലി ടിയാഗൊ NRG എഡിഷന് അര്‍ബന്‍ ഓഫ്‌റോഡര്‍ മോഡലുകളുടെ മുഖച്ഛായ സമ്മാനിക്കുന്നുണ്ട്.

ഡിസംബറില്‍ 15,000 രൂപ വരെ ഹാച്ച്ബാക്കില്‍ ഡിസ്‌കൗണ്ട് നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം. ഇതില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും പെടും. വിപണിയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈലുമായാണ് ടിയാഗൊ NRG എഡിഷന്റെ പ്രധാന മത്സരം.

ടാറ്റ ടിഗോര്‍
ടിഗോര്‍ സെഡാനെ ടാറ്റ പരിഷ്‌കരിച്ചിട്ട് നാളേറെയായിട്ടില്ല. സെഡാന്‍ നിരയില്‍ അകത്തള വിശാലതയ്ക്കും പണത്തിനൊത്ത മൂല്യത്തിനും ടിഗോര്‍ സുപ്രസിദ്ധമായ മോഡലാണ്. ഡിസംബറില്‍ പുത്തന്‍ ടിഗോറിലും ലഭിക്കും ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍.
Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ടിഗോര്‍ വാങ്ങുന്നവര്‍ക്ക് ആദ്യവര്‍ഷ ഇന്‍ഷുറന്‍സ് 15,000 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിക്കും. ഇതിനുപുറമെ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും നേടാം. 3,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ടിഗോറില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. വിപണിയില്‍ മാരുതി ഡിസൈറും ഹോണ്ട അമേസുമായാണ് ടിഗോറിന്റെ മത്സരം.

ടാറ്റ സെസ്റ്റ്
ടിഗോറിനും മുമ്പെ ടാറ്റ കൊണ്ടുവന്ന കോമ്പാക്ട് സെഡാനാണ് സെസ്റ്റ്. NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച ആദ്യ ടാറ്റ കാര്‍. നിലവില്‍ സെസ്റ്റിന്റെ ഡീസല്‍ വകഭേദങ്ങളിലാണ് ഓഫറുകള്‍ മുഴുവന്‍. 45,000 നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനുപുറമെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ലഭിക്കും.

ടാറ്റ നെക്‌സോണ്‍
നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ മാത്രമാണ് നെക്‌സോണിന് മുന്നിലുള്ള എതിരാളി. പ്രധാന എതിരാളിയായ ഇക്കോസ്‌പോര്‍ടിനെ നാളുകള്‍ക്ക് മുമ്പെ നെക്‌സോണ്‍ മറികടന്നിരുന്നു.

ഇത്തവണ 52,000 രൂപ വരെ ആനുകൂല്യങ്ങള്‍ ടാറ്റ നെക്‌സോണില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും. 13,000 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ആദ്യവര്‍ഷ കോമ്പ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും മൂന്നുവര്‍ഷ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളില്‍പ്പെടും. 15,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്; കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 രൂപയും.

ടാറ്റ ഹെക്‌സ
ഹാരിയര്‍ വരുന്നതുവരെ ഹെക്‌സയാണ് ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍. നിലവില്‍ 50,000 രൂപ വരെ ഹെക്‌സയില്‍ ഡിസ്‌കൗണ്ടുണ്ട്. 27,000 രൂപ ഡിസ്‌കൗണ്ട് നിരക്കിലുള്ള ആദ്യവര്‍ഷ ഇന്‍ഷുറന്‍സ് ഇതില്‍പ്പെടും. ഇതിനുപുറമെ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം. ഡിസംബര്‍ ഡിസ്‌കൗണ്ടുകളുടെ ഭാഗമായി 5,000 രൂപയാണ് ഹെക്‌സയിലെ കോര്‍പ്പറേറ്റ് ബോണസ്.
Source: Mycarhelpline


Click it and Unblock the Notifications








