പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്ത് ഇനി ടാറ്റയും, JTP എഡിഷന്‍ ടിഗോറും ടിയാഗൊയും വിപണിയില്‍
ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകളുമായി ടാറ്റ. 6.39 ലക്ഷം രൂപ വിലയില്‍ ടിയാഗൊ JTP, 7.49 ലക്ഷ രൂപ വിലയില്‍ ടിഗോര്‍ JTP മോഡലുകളെ ടാറ്റ പുറത്തിറക്കി. വേഗവും കരുത്തും കൂടിയ പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്ത് ടാറ്റയുടെ ആദ്യ ചുവടുവെയ്പ്പാണ് ഇരു മോഡലുകളും. കാറുകളിലെ JTP ബാഡ്ജിംഗ് കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമൊട്ടീവ് കമ്പനിയും ടാറ്റയും തമ്മിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നു. ജെയം ടാറ്റ പെര്‍ഫോര്‍മന്‍സ് എന്നാണ് JTP -യുടെ പൂര്‍ണ്ണരൂപം.

JTSV (ജെയം ടാറ്റ സ്‌പെഷ്യല്‍ വെഹിക്കിള്‍സ്) എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ഇരുകാറുകളും വിപണിയില്‍ എത്തുന്നത്. പുറംമോടിയിലും അകത്തളത്തിലും എഞ്ചിനിലും ഒരുപോലെ സ്‌പോര്‍ടിയായാണ് JTP എഡിഷന്‍ ടിയാഗൊ, ടിഗോറുകളുടെ വരവ്.

അക്രമണോത്സുക മുഖഭാവം ഇരു കാറുകളിലും തെളിഞ്ഞുകിടക്കുന്നു. രണ്ടു ഘടകങ്ങളായി വിഭജിച്ചാണ് ഗ്രില്ലുകളുടെ ഒരുക്കം. ബമ്പറിന്റെ ഏറിയ പങ്കും വീതികൂടിയ ട്രാപസോയിഡല്‍ ഗ്രില്ല് കൈയ്യേറി. ഇരട്ട അറകളുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിലുള്ള സ്‌കൂപ്പും JTP എഡിഷന്‍ ഡിസൈന്‍ എടുത്തുകാട്ടും.

അതേസമയം കാഴ്ച്ചഭംഗി മാത്രമെ ബോണറ്റ് സ്‌കൂപ്പ് ലക്ഷ്യമിടുന്നുള്ളൂ. മുന്‍ ഗ്രില്ലില്‍ പുതിയ JTP ബ്രാന്‍ഡിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്. വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. വീലുകള്‍ക്ക് ഇരട്ടനിറമാണ് ലഭിക്കുന്നത്. മുന്‍ വീല്‍ ആര്‍ച്ചിന് മുകളിലും JTP ബാഡ്ജ് കാണാം.

കോണ്‍ട്രാസ്റ്റ് നിറമുള്ള മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും. പിറകില്‍ JTP എഡിഷന്‍ ടിയാഗൊയ്ക്കും ടിഗോറിനും തിളങ്ങുന്ന കറുത്ത സ്‌പോയിലര്‍ ലഭിക്കുന്നു. തെളിച്ചമുള്ള ക്ലിയര്‍ലെന്‍സ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍ കാറുകളുടെ സ്‌പോര്‍ടി പ്രതിച്ഛായ ഉയര്‍ത്തും. ഇരട്ട പുകക്കുഴലുകളും JTP മോഡലുകളുടെ പ്രത്യേകതയാണ്.

കറുപ്പും ചുവപ്പും ഇടകലര്‍ന്ന അകത്തളം കാറുകളുടെ സ്‌പോര്‍ടി ഭാവത്തോടു നീതിപുലര്‍ത്തുന്നുണ്ട്. എസി വെന്റുകള്‍ക്ക് ചുറ്റും നല്‍കിയ ചുവപ്പുനിറം അകത്തളത്തിന്റെ മാറ്റുകൂട്ടും. ചുവപ്പുനിറം വരമ്പിടുന്ന സ്റ്റീയറിംഗ് വീലും സീറ്റുകളും മോഡലുകളില്‍ എടുത്തുപറയണം.

പെര്‍ഫോര്‍മന്‍സ് കാറായതുകൊണ്ടാകണം അലൂമിനിയം പെഡലുകള്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. ടാറ്റയുടെ കണക്ട്‌നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മുഖേന ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭിക്കും.

എട്ടു സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സംവിധാനവും ടിഗോര്‍, ടിയാഗൊ JTP എഡിഷനുകളുടെ ആകര്‍ഷണമാണ്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനാണ് ഇരു കാറുകളിലും. 112 bhp കരുത്തും 150 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.
Most Read: 34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്‌നി

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. കൂടുതല്‍ ആക്‌സിലറേഷന് വേണ്ടി ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ ഇരു മോഡലുകള്‍ക്കും പത്തു സെക്കന്‍ഡുകള്‍ മതി.

JTP എഡിഷനില്‍ ടിയാഗൊയുടെയും ടിഗോറിന്റെയും സസ്‌പെന്‍ഷന്‍ കൂടുതല്‍ ദൃഢപ്പെട്ടു. ഗ്രൗണ്ട് ക്ലിയറന്‍സ് 4 mm കുറഞ്ഞു. ഉള്ളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകളും എബിഎസും ഇബിഡിയും കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

15 നഗരങ്ങളിലായി തെരഞ്ഞെടുത്ത 30 ടാറ്റ ഡീലര്‍ഷിപ്പുകളില്‍ മാത്രമെ ടാറ്റ ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ.


Click it and Unblock the Notifications








