പറഞ്ഞവാക്കു ടാറ്റ പാലിച്ചു — വേഗവും കരുത്തും സമന്വയിച്ച് ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍
വിലകുറഞ്ഞ കാറുകള്‍ മാത്രം നിര്‍മ്മിക്കുന്ന കമ്പനിയെന്ന പ്രതിച്ഛായ ടാറ്റ മായ്ച്ചുകളയുകയാണ്. പണ്ടത്തെ പോലെ ഇപ്പോള്‍ ടാറ്റ നിരയില്‍ എങ്ങും ഇന്‍ഡിക്ക മുഖങ്ങളില്ല. ടിയാഗൊ വന്നു. ടിഗോര്‍ വന്നു. പിന്നെ നെക്‌സോണും എത്തി. ഓരോ തവണയും പടികള്‍ മുകളിലോട്ടു ചവിട്ടുകയാണ് ടാറ്റ.

ഹാരിയറും 45X ഹാച്ച്ബാക്കും യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ടാറ്റയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല. വൈദ്യുത കാര്‍ വിപണിയില്‍ പിടിമുറുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും എക്‌സ്‌പോയില്‍ പറഞ്ഞുവാക്കു കമ്പനി പാലിച്ചിരിക്കുകയാണ്. പ്രകടനക്ഷമത കൂടിയ പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്തു ഇനി ടാറ്റയുടെ പേരും മുഴങ്ങും.

2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകളെ ടാറ്റ ഔദ്യോഗികമായി അനാവരണം ചെയ്തു. വേഗത്തിനും പ്രകടനക്ഷമതയ്ക്കും പ്രധാന്യം കല്‍പിച്ചുള്ള ടാറ്റയുടെ പുത്തന്‍ പെര്‍ഫോര്‍മന്‍സ് കാറുകളാണ് JTP എഡിഷന്‍ ടിയാഗൊയും ടിഗോറും.

കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയം ഓട്ടോമൊട്ടീവ് കമ്പനിയുമായി ചേര്‍ന്നാണ് ഇരു മോഡലുകളെയും ടാറ്റ നിര്‍മ്മിക്കുന്നത്. JTSV (ജെയം ടാറ്റ സ്‌പെഷ്യല്‍ വെഹിക്കിള്‍) എന്നു പുതിയ കൂട്ടുകെട്ടു അറിയപ്പെടും.

പെര്‍ഫോര്‍മന്‍സ് കാറുകളായതുകൊണ്ടു എഞ്ചിനില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തി. നിലവിലെ 1.2 ലിറ്റര്‍ റെവട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് JTP എഡിഷനുകളിലും. എന്നാല്‍ കരുത്തുത്പാദനത്തില്‍ പുതിയ കാറുകള്‍ ബഹുദൂരം മുന്നിലാണ്.

പ്രകടനക്ഷമതയ്ക്കായി പ്രത്യേകം തരപ്പെടുത്തിയ എഞ്ചിന് 112 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു കാറുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്. ആക്‌സിലേറേഷന്‍ കൂട്ടാന്‍ വേണ്ടി JTP എഡിഷനുകളിലെ ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചു.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍ക്ക് കേവലം പത്തു സെക്കന്‍ഡുകള്‍ മതി. സ്‌പോര്‍ട്, സിറ്റി എന്നിങ്ങനെ രണ്ടു ഡ്രൈവിംഗ് മോഡുകള്‍ പുതിയ കാറുകള്‍ക്കുണ്ട്. നിയന്ത്രണ മികവു കൂട്ടാന്‍ സസ്‌പെന്‍ഷനിലും കമ്പനി കൈകടത്തി.

JTP എഡിഷനുകള്‍ക്ക് സാധാരണ ടിഗോര്‍, ടിയാഗൊ മോഡലുകളെക്കാള്‍ ഉയരം കുറവാണ്. എന്നാല്‍ ഗ്രൗണ്ട് ക്ലിയറന്‍സില്‍ 4 mm മാത്രമെ കുറവു രേഖപ്പെടുത്തുകയുള്ളൂ. സ്‌പോര്‍ടി പ്രതിച്ഛായ മുന്‍നിര്‍ത്തി കാറുകളുടെ പവര്‍ സ്റ്റീയറിംഗ് സംവിധാനത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. ഇക്കാരണത്താല്‍ ചടുലമായ ഡ്രൈവിംഗ് പുതിയ അവതാരങ്ങള്‍ ഉറപ്പുവരുത്തും.

ടയറുകള്‍ക്ക് പതിവിലും വീതി കൂടുതലാണ്. ഇക്കാരണത്താല്‍ ഭേദപ്പെട്ട ബ്രേക്കിംഗ് മോഡലുകളില്‍ ഒരുങ്ങും. സാങ്കേതിക മാറ്റങ്ങള്‍ക്കു പുറമെ മോഡലുകളുടെ പുറംമോടിയിലും അകത്തളത്തിലും സ്‌പോര്‍ടി ഭാവം കൊണ്ടുവരാന്‍ ടാറ്റ മുന്‍കൈയ്യെടുത്തിട്ടുണ്ട്.

താഴെ ബമ്പറില്‍ സ്ഥാപിച്ച വലിയ കറുത്ത ഗ്രില്ലില്‍ തുടങ്ങും JTP എഡിഷനുകളുടെ പ്രത്യേകതകള്‍. ഇരട്ട അറകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഇരുണ്ട പ്രതീതിയാണ് (സ്‌മോക്ക്ഡ്) നല്‍കുന്നത്. മേല്‍ ഗ്രില്ലില്‍ കുറിച്ച JTP ബാഡ്ജിംഗും ബോണറ്റില്‍ സ്ഥാപിച്ച പ്രത്യേക സ്‌കൂപ്പും (എഞ്ചിനിലേക്കു വായു കടത്തിവിടാന്‍) JTP എഡിഷനുകളുടെ സ്‌പോര്‍ടി ഭാവത്തിന് അടിവരയിടും.

ഇരുവശത്തും ഡയമണ്ട് കട്ട് ശൈലിയുള്ള അലോയ് വീലുകളാണ് ശ്രദ്ധാകേന്ദ്രം. കറുപ്പും വെള്ളിയും പൂശിയ 15 അലോയ് വീലുകള്‍ കാറിന്റെ പ്രീമിയം ഘടകങ്ങളില്‍പ്പെടും. ബോഡി നിറത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന മിററുകളും മേല്‍ക്കൂരയും സ്‌പോയിലറും കാറുകളുടെ കോണ്‍ട്രാസ്റ്റ് ശൈലിയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

പിറകിലുള്ള ഇരട്ട പുകക്കുഴലുകളും JTP എഡിഷന്‍ ടിയാഗൊയിലും ടിഗോറിലും എടുത്തുപറയണം. അകത്തളത്തില്‍ കറുപ്പ്, ചുവപ്പ് നിറങ്ങള്‍ക്കാണ് പ്രാതിനിധ്യം. എസി വെന്റുകള്‍ക്കും സീറ്റുകള്‍ക്കും ചുവപ്പുനിറം വരമ്പിടുന്നു.
Most Read: അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗിലും ചുവപ്പു സ്റ്റിച്ചിംഗുണ്ട്. അലൂമിനിയം നിര്‍മ്മിത പെഡലുകളാണ് ഇരു കാറുകളിലും ഒരുങ്ങുന്നത്. എട്ടു സ്പീക്കറുകളുള്ള ഹാര്‍മന്‍ ഓഡിയോ സംവിധാനം ഉള്ളിലെ മാറ്റുകൂട്ടും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ സംവിധാനങ്ങളുടെ പിന്തുണ കാറുകളില്‍ ലഭ്യമാണ്. തൊടുന്നതല്ലൊം പൊന്നാക്കി മാറ്റുന്ന ടാറ്റയുടെ അത്ഭുതസിദ്ധി പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്തും ആവര്‍ത്തിക്കുമോയെന്നു ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ വാഹന പ്രേമികള്‍.

കാഴ്ച്ചയില്‍ നിലവില്‍ മാരുതി ബലെനോ RS, ഫോര്‍ഡ് ഫിഗൊ S, ഫോക്‌സ് വാഗണ്‍ GT TSI, ഫിയറ്റ് അബാര്‍ത്ത് പുന്തോ എന്നിവരുമായാണ് ടിയാഗൊ JTP -യുടെ മത്സരം. എന്തായാലും വേഗത്തിലും കരുത്തിലും ശ്രേണി വാഴുന്ന ബലെനോ RS -നെ ടിയാഗൊ JTP കടത്തിവെട്ടിക്കഴിഞ്ഞു. ടിഗോര്‍ JTP -യ്ക്ക് വിപണിയില്‍ നേരിട്ടൊരു എതിരാളിയില്ല.


Click it and Unblock the Notifications








