വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില്‍ 12 ശതമാനത്തിന്റെ ഇടിവ്
വാഹന വിപണിയെ വിടാതെ പിന്‍തുടര്‍ന്ന് മാന്ദ്യം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

വാഹന നിര്‍മ്മാതാക്കള്‍ പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചും, ഉല്‍പ്പാദനം കുറച്ചുമാണ് മാന്ദ്യത്തെ നേരിടുന്നത്. പ്രതിസന്ധി മറികടക്കാന്‍ പല ശ്രമങ്ങളും നിര്‍മ്മാതാക്കള്‍ പരീക്ഷിച്ചു എന്നുവേണം പറയാന്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആഭ്യന്തര വാഹന വില്‍പനയില്‍ നവംബര്‍ മാസം 12.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ പ്രകാരം 17.92 ലക്ഷം വാഹനങ്ങളാണ് 2019 നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 20.38 ലക്ഷം യൂണിറ്റാണ് വില്‍പന നടത്തിയത്. പാസഞ്ചര്‍ കാര്‍ വില്‍പന 10.83 ശതമാനം ഇടിഞ്ഞ് 1.6 ലക്ഷം യൂണിറ്റായി.

ഇരുചക്രവാഹന വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറയുന്നതാണ് ഇരുചക്രവാഹന മേഖലയിലെ ഇടിവിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വാണിജ്യ വാഹന വില്‍പന 14.98 ശതമാനവും കുറഞ്ഞു.

അതേസമയം യൂട്ടിലിറ്റി വാഹന വില്പനയില്‍ 32.7 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മുച്ചക്ര വാഹന വില്‍പന 4.45 ശതമാനവും ഉയര്‍ന്നു. ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചതോടെ ഉത്സവ സീസണില്‍ മാത്രമാണ് വാഹന വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്തെ വാഹന വിപണി വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തുമെന്നാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന വിഭാഗം മോധാവി മയങ്ക് പരീക് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനായി ഏപ്രില്‍ വരെ കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ തന്നെ വില്‍പ്പനക്കയറ്റം കണ്ടു തുടങ്ങും. എന്നാല്‍ വളര്‍ച്ച അതിവേഗത്തിലാകാന്‍ പിന്നെയും സമയമെടുക്കും. ഇപ്പോള്‍ കമ്പനികളില്‍ നിന്നും ഷോറുമുകളിലേക്കുള്ള മൊത്ത വില്‍പ്പന കുറവാണെന്ന കണക്കുകള്‍ വരുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കുള്ള (റീട്ടെയില്‍) വില്‍പ്പന കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ഇതിനെല്ലാം പുറമേ പല വിധത്തിലുള്ള അനിശ്ചിതത്വങ്ങളും ഇക്കൊല്ലാം വാഹന വിപണിയെ പിടിച്ചുലച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാന്ദ്യത്തിനിടയിലും 2020 ജനുവരിയോടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

മാരുതി വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റയും, ഹ്യണ്ടായിയും, ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറേയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു. ഈ ചുവടുപിടിച്ച് മറ്റ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ് എന്നിവയും വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.
Most Read: അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








