ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ വിപണിയില്‍, വില 7.50 ലക്ഷം രൂപ മുതല്‍
ആസ്‌പൈറിന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി ഫോര്‍ഡ്. 7.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ വിപണിയില്‍ എത്തി. 8.30 ലക്ഷം രൂപയാണ് ബ്ലൂ എഡിഷന്‍ ആസ്‌പൈര്‍ ഡീസലിന് വില. ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി അവതരിപ്പിച്ച ടൈറ്റാനിയം ബ്ലൂ വകഭേദത്തിന് സമാനമായാണ് പുതിയ ആസ്‌പൈര്‍ ബ്ലൂ എഡിഷന്റെ ഒരുക്കം.

കറുപ്പഴകുള്ള ഗ്രില്ലും മേല്‍ക്കൂരയും കാറിന്റെ സവിശേഷതയാണ്. സ്‌പോര്‍ടി ഭാവം വര്‍ധിപ്പിക്കാനായി പ്രത്യേക സ്റ്റിക്കറുകള്‍ പുറംമോടിയില്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. കാറിന്റെ പേരിനോട് നീതി പുലര്‍ത്തി അകത്തളത്തില്‍ നീല നിറം ചാരുത പകരും. പ്രാരംഭ ടൈറ്റാനിയം വകഭേദം ആസ്‌പൈര്‍ ബ്ലൂ എഡിഷന് ആധാരമാവുന്നു. ഇക്കാരണത്താല്‍ ഫിഗൊ ടൈറ്റാനിയം ബ്ലൂ മോഡലിനെ അപേക്ഷിച്ച് ആസ്‌പൈര്‍ ബ്ലൂ എഡിഷന് 15,000 രൂപയോളം വില കുറവാണ്.

സില്‍വര്‍ നിറമാണ് കാറിന്. കറുപ്പ് നിറമുള്ള ഗ്രില്ലും അലോയ് വീലുകളും മേല്‍ക്കൂരയും മിററുകളും ആസ്‌പൈര്‍ ബ്ലൂ എഡിഷനെ ആകര്‍ഷണീയമാക്കും. 15 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ഫിഗൊ ബ്ലൂ മാതൃകയില്‍ കടുപ്പമേറിയ നീല വര പുറംമോടിക്ക് അടിവരയിട്ട് കാറില്‍ കടന്നുപോകുന്നുണ്ട്. പിറകില്‍ പ്രത്യേക 'ബ്ലൂ' ബാഡ്ജും കമ്പനി പതിപ്പിച്ചിട്ടുണ്ട്.

ഉള്ളില്‍ സീറ്റ് ഫാബ്രിക്കില്‍ പുതിയ ബ്ലൂ ബ്രാന്‍ഡിങ് കമ്പനി തുന്നിച്ചേര്‍ത്തു. അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ക്കും നിറം നീലയാണ്. സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുണ്ട്.
Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

റിമോട്ട് ലോക്കിങ്, ഓട്ടോമാറ്റിക് എസി, പവര്‍ വിന്‍ഡോ തുടങ്ങിയ വിശേഷങ്ങളും ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷനില്‍ പരാമര്‍ശിക്കണം. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനാണ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ പെട്രോളില്‍. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ആസ്‌പൈര്‍ ബ്ലൂ എഡിഷനിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് കഴിയും.

ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പെട്രോള്‍ മോഡല്‍ 20.4 കിലോമീറ്ററും ഡീസല്‍ മോഡല്‍ 25.5 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കുമെന്നാണ് ഫോര്‍ഡിന്റെ വാഗ്ദാനം.


Click it and Unblock the Notifications








