മാരുതിയുടെ പുതിയ എംപിവി XL6 അടുത്തമാസം
മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി എത്തുന്ന XL6 അടുത്തമാസം വിപണിയിലെത്തും. ഓഗസ്റ്റ് 21 ന് വാഹനത്തിന്റെ വില്‍പന ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

എര്‍ട്ടിഗയെ ആധാരമാക്കിയാണ് നിര്‍മ്മാണമെങ്കിലും നിരവധി മാറ്റങ്ങളുമായാകും XL6 എത്തുക. വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്.

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന പതിപ്പിന് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായേക്കും. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക.

105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍ XL6 ന് ഡീസല്‍ പതിപ്പുണ്ടാകാന്‍ സാധ്യതയില്ല.

പരിഷ്‌ക്കരിച്ച് ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ എര്‍ട്ടിഗയില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കും. പൂര്‍ണമായും കറുത്ത കളറിലുള്ള പ്രീമിയം ഇന്റീരിയറായിരിക്കും. ഡാഷ്‌ബോര്‍ഡും സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയുടേതുപോലെയായിരിക്കും. നാല് ക്യപ്റ്റന്‍ സീറ്റും ഏറ്റവും പിന്നിലെ സീറ്റ് ബെഞ്ച് രീതിയിലുമാണുള്ളത്.

മാരുതിയുടെ പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും XL6 വിപണിയിലെത്തുക.

വാഗൺ ആറിനെ ആസ്പദമാക്കിയുള്ള തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തെ 2020 -ല്‍ പുറത്തിറക്കാനിരിക്കുകയാണ് മാരുതി. അതോടൊപ്പം തന്നെ എര്‍ട്ടഗയുടെ ഇലക്രിക്ക് പതിപ്പിറക്കാന്‍ മാരുതി തയ്യാറെടുക്കുകയാണ്. പുതിയ വാഹനത്തിന്റെ അളവുകളിലും ഡിസൈനിലും എല്ലാം മാറ്റങ്ങളുണ്ടാവും. ചിലപ്പോള്‍ വാഹനത്തിന് ഒരു പുതിയ പേര് തന്നെ ലഭിച്ചെന്നു വരാം.

എര്‍ട്ടിഗ എംപിവിയുടെ രണ്ടാം തലമുറ അടുത്തിടെയാണ് മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ചത്. അതിന് ശേഷം വിപണിയില്‍ വളരെ മികച്ച പ്രകടനമായിരുന്നു എംപിവി കാഴ്ച്ചവെച്ചത്. വില്പ്പന രംഗത്തെ ഈ നേട്ടമാണ് കമ്പനിയുടെ അടുത്ത ഇലക്ട്രിക്ക് വാഹനമായി എര്‍ട്ടിഗയെ നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത്.

നിലവില്‍ എര്‍ട്ടിഗ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വിപണിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ പെട്രേള്‍, 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങളാണ് വാഹനത്തിലുള്ളത്. 7.44 ലക്ഷം രൂപയാണ് എര്‍ട്ടിഗ എംപിവിയുടെ പ്രാരംഭ പതിപ്പിന്റെ വില.

ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറക്കുന്നതോടൊപ്പം
ഗുജറാത്തില്‍ പുതിയ ലിത്തിയം-അയണ്‍ ബാറ്ററി പ്ലാൻഡ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍. വിപണിയിലെ മാരുതിയുടെ എതിരാളികളായ ടാറ്റയും ഗുജറാത്തില്‍ തന്നെ ലിത്തിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








