ഹ്യുണ്ടായി വെന്യു മെയ് 21 -ന്, ഭീഷണി മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും
മാരുതി വിറ്റാര ബ്രെസ്സയോട് മത്സരിക്കുന്ന പുതിയ വെന്യു എസ്‌യുവിയെ ഹ്യുണ്ടായി അനാവരണം ചെയ്തു. മെയ് 21 -ന് മോഡല്‍ വിപണിയിലെത്തും. പ്രതിമാസം 8,000 മുതല്‍ 9,000 വെന്യു യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് ഹ്യുണ്ടായി ഇന്ത്യയുടെ തീരുമാനം. അതായത് ഡിമാന്‍ഡ് ഉയര്‍ന്നാല്‍ വെന്യുവിനായുള്ള കാത്തിരിപ്പ് മാസങ്ങള്‍ നീളും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍ വെന്യു പ്രീബുക്കിങ് തുടരുകയാണ്.

ഹ്യുണ്ടായി നിരയില്‍ ക്രെറ്റയ്ക്ക് താഴെയാണ് പുതിയ വെന്യുവിന് സ്ഥാനം. നിലവില്‍ ഓരോ മാസവും ഏകദേശം പതിനായിരം ക്രെറ്റ യൂണിറ്റുകള്‍ ദക്ഷിണ കൊറിയന്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. എട്ടുലക്ഷം രൂപയില്‍ത്താഴെ വെന്യുവിന് വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഫീച്ചറുകള്‍ തിങ്ങിയ ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് 11 ലക്ഷം രൂപ വരെ കരുതുന്നതില്‍ തെറ്റില്ല.

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍, പ്രതിമാസം 13,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന കുറിക്കുന്ന മാരുതി വിറ്റാര ബ്രെസ്സയാണ് വെന്യുവിന്റെ പ്രധാന എതിരാളി. 5,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ടാറ്റ നെക്‌സോണ്‍ മുടങ്ങാതെ നേടുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ അട്ടിമറിച്ച് മൂന്നാമതെത്തിയ മഹീന്ദ്ര XUV300 -യ്ക്ക് വിപണിയില്‍ പ്രചാരമേറി വരികയാണെന്നതും ഇവിടെ സൂചിപ്പിക്കണം.

മത്സരം നിറഞ്ഞ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ വിലയെ ആശ്രയിച്ചിരിക്കും വെന്യുവിന്റെ കുതിപ്പ്. ഇതേസമയം എതിരാളികള്‍ക്കില്ലാത്ത നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും വെന്യുവിന് മുതല്‍ക്കൂട്ടാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
Most Read: പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെരൂപമാറ്റം — വീഡിയോ

വൈദ്യുത സണ്‍റൂഫ്, ബ്ലൂലിങ്ക് കണക്ടിവിറ്റി, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, HD ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഹ്യുണ്ടായി വെന്യുവിന്. ഫീച്ചറുകള്‍ വിലയിരുത്തിയാല്‍ മഹീന്ദ്ര XUV300 മാത്രമാണ് വെന്യുവുമായി ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെക്കുക.

രണ്ടു പെട്രോളും ഒരു ഡീസല്‍ എഞ്ചിന്‍ യൂണിറ്റും ഹ്യുണ്ടായി വെന്യുവിലുണ്ട്. 118 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കുറിക്കും. 118 bhp കരുത്തും 172 Nm torque -മാണ് വെന്യുവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ഒരുങ്ങും. 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 89 bhp കരുത്തും 220 Nm torque -മുള്ള ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവിലുണ്ട്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഇടംപിടിക്കുകയുള്ളൂ.
Most Read: നാലു കോടിയുടെ ബെന്‍റ്ലിക്ക് തീയൊന്നും ഒരു പ്രശ്നമല്ല — വീഡിയോ

ഇതേസമയം ബ്രെസ്സ ഡീസലില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മാരുതി നല്‍കുന്നുണ്ട്. ശ്രേണിയില്‍ പെട്രോള്‍ മോഡലുകളെ ആശ്രയിച്ചിരിക്കും വെന്യുവിന്റെ പ്രചാരം. മത്സരം മുറുകുന്നതുകണ്ട് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനെ വിറ്റാര ബ്രെസ്സയ്ക്ക് മാരുതി ഉടന്‍ സമര്‍പ്പിക്കും.


Click it and Unblock the Notifications








