കരുത്തില്‍ ടാറ്റ ഹാരിയറിനെ പിന്നിലാക്കും കിയ സെല്‍റ്റോസ്
കിയ സെല്‍റ്റോസിനെ ഇന്ത്യ കണ്ടുകഴിഞ്ഞു. ഇനി അറിയേണ്ടത് പുതിയ കിയാ എസ്‌യുവി എപ്പോള്‍ വില്‍പ്പനയ്ക്ക് വരും? സെല്‍റ്റോസിന്റെ ഔദ്യോഗിക വരവ് വെച്ചുതാമസിപ്പിക്കാന്‍ കിയയ്ക്കും ഉദ്ദേശ്യമില്ല. അവതരണ വേളയില്‍ മാത്രമേ സെല്‍റ്റോസിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. ഇന്നലെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ സെല്‍റ്റോസിനെ അനാവരണം ചെയ്തപ്പോള്‍, എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ കിയ മോട്ടോര്‍സ് സൂചിപ്പിക്കുകയുണ്ടായി.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ കിയ സെല്‍റ്റോസ് ഇവിടെ അവതരിക്കും. പ്രകടനക്ഷമത കൂടിയ സെല്‍റ്റോസ് ജിടി ലൈന്‍ മോഡലും വില്‍പ്പനയ്‌ക്കെത്തുമെന്ന് കിയ അറിയിച്ചിട്ടുണ്ട്. 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് സെല്‍റ്റോസ് ജിടി ലൈനില്‍ തുടിക്കുക. ഇതേസമയം, സാധാരണ പെട്രോള്‍, ഡീസല്‍ യൂണിറ്റുകളുടെ വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ക്കാണ് സെല്‍റ്റോസില്‍ സാധ്യത കൂടുതല്‍. മുന്‍പ് ചോര്‍ന്ന സെല്‍റ്റോസ് ബ്രോഷറും ഇക്കാര്യം സൂചിപ്പിക്കുന്നു. രാജ്യാന്തര വിപണിയിലുള്ള കിയ കാറുകളില്‍ 1.5 ലിറ്റര്‍ ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ പതിവാണ്. ഈ എഞ്ചിനുകള്‍ത്തന്നെ സെല്‍റ്റോസിന് ലഭിക്കുകയാണെങ്കില്‍ ശ്രേണിയില്‍ ഏറ്റവും കരുത്തുറ്റ എസ്‌യുവിയായിരിക്കും കിയ അവതാരം.

ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ്, റെനോ ക്യാപ്ച്ചര്‍, ടാറ്റ ഹാരിയര്‍ മോഡലുകള്‍ക്ക് ഒരുപോലെ ഭീഷണി മുഴക്കാനുള്ള വക സെല്‍റ്റോസില്‍ കിയ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉയര്‍ന്ന സെല്‍റ്റോസ് വകഭേദങ്ങള്‍ ജീപ്പ് കോമ്പസുമായും മാറ്റുരയ്ക്കും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും കിയ സെല്‍റ്റോസില്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഒരുങ്ങുക.

115 bhp കരുത്തു കുറിക്കാന്‍ കിയയുടെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ടോര്‍ഖ് ഉത്പാദനത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കും. ഹ്യുണ്ടായി ക്രെറ്റയിലെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനെക്കാളും കരുത്ത്, സെല്‍റ്റോസില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പ്രതീക്ഷിക്കാം.
Most Read: വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല

1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും സെല്‍റ്റോസ് നിരയിലെ ഏറ്റവും കരുത്തന്‍. 140 bhp ഓളം കരുത്ത് സെല്‍റ്റോസ് ജിടി ലൈന്‍ കുറിക്കുമെന്നാണ് വിവരം. നിലവില്‍ ഉയര്‍ന്ന പ്രകടനക്ഷമതയുള്ള മോഡലുകള്‍ ഇടത്തരം എസ്‌യുവി ലോകത്തില്ല. സ്‌പോര്‍ടി ഭാവമാകും സെല്‍റ്റോസ് ജിടി ലൈനിന്റെ പ്രധാനാകര്‍ഷണം.
Most Read: എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ - കേമനാര്?

അക്രമണോത്സുകമായ ബോഡി കിറ്റുകള്‍ നല്‍കി സെല്‍റ്റോസ് ജിടി ലൈനിനെ നിരയില്‍ വേറിട്ടുനിര്‍ത്താന്‍ കിയ ശ്രമിക്കും. ബമ്പര്‍ സ്പ്ലിറ്ററുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ജിടി ലൈനിന് പ്രതീക്ഷിക്കാം. കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ള പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ജിടി ലൈന്‍ മോഡലിലാകും ഇടംകണ്ടെത്തുക. ഏറ്റവും ഉയര്‍ന്ന സെല്‍റ്റോസ് മോഡലും ജിടി ലൈനായിരിക്കും.
Most Read: കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും തൊട്ടുതാഴെയുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഗൗരവമേറിയ മുഖഭാവമാണ് സെല്‍റ്റോസിന് സമ്മാനിക്കുന്നത്. ടൈഗര്‍ നോസ് ഗ്രില്ല് ശൈലി സെല്‍റ്റോസിന്റെ ആകര്‍ഷണങ്ങളില്‍പ്പെടും. ശ്രേണിയില്‍ ബോസ് ശബ്ദ സംവിധാനമുള്ള ആദ്യ എസ്‌യുവി കൂടിയാണ് കിയ സെല്‍റ്റോസ്. പാട്ടിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആംബിയന്റ് ലൈറ്റിങ് സെല്‍റ്റോസിലെ യാത്രകള്‍ക്ക് ക്ലബ് അനുഭവം സമര്‍പ്പിക്കും.


Click it and Unblock the Notifications








