കിയ സെൽറ്റോസിന്റെ കയറ്റുമതി ഇന്ത്യയിൽ നിന്ന് ആരംഭിച്ചു
കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ് ചെന്നൈ തുറമുഖത്തു നിന്ന് ഇന്ത്യയിലെ കയറ്റുമതി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സെൽറ്റോസ് എസ്‌യുവിയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം.

471 യൂണിറ്റ് സെൽറ്റോസ് എസ്‌യുവികളുടെ ആദ്യ കയറ്റുമതി സെപ്റ്റംബറിൽ രാജ്യത്ത് നിന്ന് കയറ്റി അയച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കാണ് ഈ ലോഡ് പോവുന്നത്. ദക്ഷിണ അമേരിക്കൻ വിപണിയിലേക്കും ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചെന്നൈ പോർട്ട് ട്രസ്റ്റും കിയ മോട്ടോഴ്‌സ് ഇന്ത്യയും സെപ്റ്റംബർ 5 ന് ചെന്നൈ തുറമുഖം വഴി കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. കിയയുടെ കയറ്റുമതി പ്രവർത്തനത്തിനുള്ള ലോജിസ്റ്റിക്സ് ഗ്ലോവിസ് ഇന്ത്യ അനന്തപൂർ പ്രൈവറ്റ് ലിമിറ്റഡ് കൈകാര്യം ചെയ്യും.

ചെന്നൈ തുറമുഖവും കിയ മോട്ടോഴ്‌സ് ഇന്ത്യയും തമ്മിലുള്ള കരാർ 2029 വരെ സാധുതയുള്ളതാണ്. ചെന്നൈ പോർട്ട് ട്രസ്റ്റിന്റെ ട്രാഫിക് മാനേജർ മുകേഷ് ബാലാനി, കിയ മോട്ടോഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജോങ് സൂ കിം, പോർട്ട് ട്രസ്റ്റ് ചെയർമാൻ പി രവീന്ദ്രൻ, ഡെപ്യൂട്ടി ചെയർമാൻ സിറിൽ സി ജോർജ്, കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ എം എം പാർത്തിബാൻ, ഗ്ലോവിസ് മാനേജിംഗ് ഡയറക്ടർ ജിം യംഗ് കിം എന്നിവരുടെ സാനിധ്യത്തിൽ ഒപ്പു വയ്ച്ചു.

കമ്പനിയുടെ കയറ്റുമതി പ്രവർത്തനങ്ങൾക്കായി കിയ മോട്ടോഴ്‌സ് ഇന്ത്യയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളും നിരവധി ആനുകൂല്യങ്ങളും ചെന്നൈ തുറമുഖം വാഗ്ദാനം ചെയ്യുന്നു.

കിയ മോട്ടോഴ്‌സ് ഈ ആവശ്യത്തിനായി പ്രത്യേകമായി ചെന്നൈ തുറമുഖം ഉപയോഗിക്കും. ഉൽപാദന ശേഷിയുടെ 30 ശതമാനം കമ്പനി അനന്തപുർ നിർമ്മാണശാലയിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യും.
Most Read: രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

2005 മുതൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ തുറമുഖത്ത് നിന്ന് കാറുകൾ കയറ്റി അയയ്ക്കുകയാണെന്നും 2028 വരെ കരാർ പുതുക്കിയിട്ടുണ്ടെന്നും ചെന്നൈ പോർട്ട് ട്രസ്റ്റ് ചെയർമാൻ പി രവീന്ദ്രൻ പറഞ്ഞു. ഓഗസ്റ്റിൽ 79,530 കാറുകൾ തുറമുഖത്തു നിന്ന് കയറ്റി അയച്ചിട്ടുണ്ട്.
Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ മാസം കയറ്റി അയച്ച 52,948 കാറുകളെ അപേക്ഷിച്ച് എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ തങ്ങളുടെ വാഹന നിര വിപുലീകരിക്കുന്നതോടെ കയറ്റുമതി എണ്ണം വർദ്ധിക്കുകയേയുള്ളൂ.
Most Read: പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

കിയ സെൽറ്റോസ് എസ്‌യുവി 2019 ജൂലൈയിൽ ഇന്ത്യയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. എസ്‌യുവിയ്ക്ക് മികച്ച പ്രതികരണമാണ് രാജ്യത്ത് ലഭിച്ചത്. നാളിതുവരെ വിപണിയിൽ 50,000 ബുക്കിങ്ങുകൾ എസ്‌യുവി നേടിയെടുത്തിട്ടുണ്ട്.


Click it and Unblock the Notifications








