കിയ സെല്‍റ്റോസ് — വന്നു, കണ്ടു, ഇനി കീഴടക്കണം
ദക്ഷിണ കൊറിയന്‍ പാരമ്പര്യം മുറുക്കെപ്പിടിച്ച് കിയ മോട്ടോര്‍സ് ഇന്ത്യയില്‍. പുതിയ കോമ്പാക്ട് എസ്‌യുവി സെല്‍റ്റോസിനെ കിയ വിപണിയില്‍ അനാവരണം ചെയ്തു. 2018 ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന SP കോണ്‍സെപ്റ്റില്‍ നിന്നും സെല്‍റ്റോസ് കാര്യമായി വ്യതിചലിച്ചിട്ടില്ല. വൈകാതെ കിയ സെല്‍റ്റോസ് രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും.

ആധുനിക രൂപഭാവമാണ് പുതിയ കിയ എസ്‌യുവിക്ക്. കമ്പനിയുടെ പ്രസിദ്ധമായ 'ടൈഗര്‍ നോസ്' ഗ്രില്ല് സെല്‍റ്റോസിന്റെ മുഖമുദ്രയാവുന്നു. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് കീഴിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ മോഡലിന്റെ മുഖ്യാകര്‍ഷണമാണ്. എട്ടു നിറങ്ങള്‍ സെല്‍റ്റോസിലുണ്ട്. ഇരട്ടനിറം വേണമെന്നുള്ളവര്‍ക്ക് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ മേല്‍ക്കൂര തിരഞ്ഞെടുക്കാന്‍ കിയ അവസരം നല്‍കും.

ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപിടി സവിശേഷതകള്‍ കിയ സെല്‍റ്റോസും അവകാശപ്പെടുന്നുണ്ട്. ആംബിയന്റ് ലൈറ്റിങിനൊപ്പമുള്ള എട്ടു സ്പീക്കര്‍ ബോസ് ശബ്ദ സംവിധാനമാണിതില്‍ പ്രധാനം. പാട്ടിനനുസരിച്ച് മാറുന്ന ലൈറ്റിങ് സംവിധാനം ഉള്ളിലെ യാത്രക്കാര്‍ക്ക് ഉണര്‍വുള്ള ക്ലബ് അനുഭൂതി സമര്‍പ്പിക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സെല്‍റ്റോസില്‍ പ്രത്യേകം പരാമര്‍ശിക്കണം. ബജറ്റ് ശ്രേണിയില്‍ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ കൊണ്ടുവരുന്ന ആദ്യ മോഡലും കിയ സെല്‍റ്റോസുതന്നെ. വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്നിലെ വിന്‍ഡ്ഷീല്‍ഡിലേക്ക് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ പ്രതിഫലിപ്പിക്കും.

ഇക്കാരണത്താല്‍ ഓടിക്കുന്നയാള്‍ക്ക് ഓരോ തവണയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലേക്ക് നോട്ടം എത്തിക്കേണ്ട ആവശ്യമില്ല. 360 ഡിഗ്രി ക്യാമറയും സെല്‍റ്റോസില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലാണ് സെല്‍റ്റോസ് വില്‍പ്പനയ്ക്ക് വരിക. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സാധാരണ സെല്‍റ്റോസ് മോഡലുകളില്‍ തുടിക്കും.

പ്രകടനക്ഷമത കൂടിയ ജിടി ലൈന്‍ പതിപ്പിനെയും സെല്‍റ്റോസില്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. 1.4 ലിറ്റര്‍ T-GDI ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ജിടി ലൈന്‍ പതിപ്പില്‍ പ്രവര്‍ത്തിക്കും. പ്രകടനക്ഷമത കൂടിയ ഹ്യുണ്ടായി, കിയ കാറുകള്‍ക്കെല്ലാം ഈ എഞ്ചിന്‍ യൂണിറ്റ് പതിവാണ്.
Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

നാലു ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് കിയ സെല്‍റ്റോസില്‍ ഒരുങ്ങുന്നത്. സിവിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്ക് പുറമെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
Most Read: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

സെല്‍റ്റോസ് ജിടി ലൈനിലെ T-GDI പെട്രോള്‍ എഞ്ചിനൊപ്പമായിരിക്കും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ലഭ്യമാവുക. എഞ്ചിന്‍ - ഗിയര്‍ബോക്‌സ് ക്രമം കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഭാരത് സ്റ്റേജ് VI നിലവാരത്തിലാണ് എഞ്ചിന്‍ യൂണിറ്റുകളെല്ലാം ഒരുങ്ങുന്നത്. ഡ്രൈവിങ് സന്ദര്‍ഭങ്ങള്‍ അനുസരിച്ച് നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് മോഡുകള്‍ സെല്‍റ്റോസില്‍ തിരഞ്ഞെടുക്കാം.
Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

പുതുതലമുറ കാറുകളില്‍ കണ്ടുവരുന്ന കണക്ടഡ് ഫീച്ചറുകള്‍ സെല്‍റ്റോസും അവകാശപ്പെടും. പൂര്‍ണ്ണ സമയം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കാന്‍ പ്രത്യേക UVO സംവിധാനം എസ്‌യുവിയില്‍ കിയ നല്‍കിയിട്ടുണ്ട്. ലൈവ് ട്രാക്കിങ്, റിമോട്ട് ലോക്ക്/അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ സെല്‍റ്റോസില്‍ ലഭിക്കും.

സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കിയ സ്വീകരിച്ചിട്ടുണ്ട്. ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ക്ലൈമ്പ്, ബ്രേക്ക് അസിസ്റ്റ് മുതലായ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ആദ്യഘട്ടത്തില്‍ 160 നഗരങ്ങളിലായി 265 കേന്ദ്രങ്ങളാണ് കിയ മോട്ടോര്‍സ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തവര്‍ഷത്തോടെ മുന്നൂറു ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. വിപണിയില്‍ പത്തു മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വില പ്രതീക്ഷിക്കാം. ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, എംജി ഹെക്ടർ തുടങ്ങിയ മോഡലുകളുമായി കിയ സെല്‍റ്റോസ് മത്സരിക്കും.


Click it and Unblock the Notifications








