മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി
പേരു സൂചിപ്പിക്കുന്നതുപോലെ ഥാര്‍ 700 എസ്‌യുവിയുടെ 700 യൂണിറ്റുകള്‍ മാത്രമേ പുറത്തിറക്കുകയുള്ളൂവെന്ന് മഹീന്ദ്ര ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുമ്പോള്‍ ഇപ്പോഴുള്ള ഥാറിനെ നിര്‍ത്താതെ മഹീന്ദ്രയ്ക്ക് വേറെ വഴിയില്ല. എന്നാല്‍ നീണ്ടകാലം ഇന്ത്യന്‍ വിപണിയില്‍ തുടരുന്ന ഥാറിനെ ഒരു സുപ്രഭാതത്തില്‍ നിര്‍ത്താന്‍ കമ്പനിക്ക് താത്പര്യവുമില്ല.

അതുകൊണ്ടാണ് പരിമിതകാല ഥാര്‍ 700 യൂണിറ്റുകള്‍ അവതരിപ്പിച്ച് എസ്‌യുവിക്ക് ഔപചാരികമായ വിടവാങ്ങലൊരുക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര മുന്‍കൈയ്യെടുത്തിരിക്കുന്നത്. ഇപ്പോഴുള്ള ഥാറിന്റെ അവസാന ബാച്ചാണ് പുതിയ ഥാര്‍ 700. 9.99 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഥാര്‍ 700 യൂണിറ്റുകളെ മഹീന്ദ്ര കൊണ്ടുവരുന്നത്.

ഇപ്പോള്‍ പുതിയ മഹീന്ദ്ര ഥാര്‍ 700 എസ്‌യുവികള്‍ ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി. സാധാരണ നിരയില്‍ നിന്നും വേറിട്ടുനില്‍ക്കാനായി ഒരുപിടി മോടിപിടിപ്പിക്കല്‍ നടപടികള്‍ക്ക് ഥാര്‍ 700 വിധേയമായിട്ടുണ്ട്. രണ്ടു പുത്തന്‍ നിറഭേദങ്ങളാണ് ഇതില്‍ പ്രധാനം. നാപ്പോളി ബ്ലാക്ക്, അക്വാമറീന്‍ ബ്ലു നിറങ്ങള്‍ ഥാര്‍ 700 -ല്‍ തിരഞ്ഞെടുക്കാം.

മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോടുകൂടിയാണ് 700 മോഡലുകളും പുറത്തിറങ്ങുന്നത്. അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ ഥാര്‍ 700 -ന്റെ മാറ്റുകൂട്ടും. ബോണറ്റിലും പാര്‍ശ്വങ്ങളിലും പ്രത്യേക സ്റ്റിക്കറുകള്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിന് കറുപ്പഴകാണ്. മുന്‍ ബമ്പറിലെ സില്‍വര്‍ ആവരണവും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

എസ്‌യുവിയുടെ ഉള്ളിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് സീറ്റുകളില്‍ വിരിച്ചിരിക്കുന്നത്. പ്രത്യേക ഥാര്‍ ലോഗോ മുന്‍ സീറ്റുകളില്‍ ദൃശ്യമാണ്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും ഥാര്‍ 700 -ന് മഹീന്ദ്ര നല്‍കിയിട്ടുണ്ട്.
Most Read: എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

എഞ്ചിന്‍ മുഖത്ത് പരിഷ്‌കാരങ്ങളില്ല. ഇപ്പോഴുള്ള ഥാറിലെ ഡീസല്‍ എഞ്ചിന്‍തന്നെ പരിമിതകാല ഥാര്‍ 700 -ലും തുടരുന്നു. 105 bhp കരുത്തും 247 Nm torque ഉം കുറിക്കാന്‍ ഭാരത് സ്‌റ്റേജ് IV നിലവാരമുള്ള 2.5 ലിറ്റര്‍ CRDe എഞ്ചിന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹൈ റേഞ്ച്, ലോ റേഞ്ച് അനുപാതങ്ങള്‍ എസ്‌യുവിയില്‍ അടിസ്ഥാനമായി ഒരുങ്ങുന്നുണ്ട്.
Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ജൂലായ് ഒന്നിന് ശേഷം ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ കൂടാതെ കാറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുവാദമില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള ഥാറിനെ പുതുക്കുക പ്രായോഗികമല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Most Read: ഇനി പരാതി പറയരുത്, കരുത്തില്‍ ജീപ്പ് കോമ്പസിനൊപ്പം എത്താന്‍ ടാറ്റ ഹാരിയര്‍

അതിനാലാണ് എസ്‌യുവിയെ നിര്‍ത്താനുള്ള മഹീന്ദ്രയുടെ തീരുമാനം. ഇതേസമയം, അണിയറയില്‍ പുതുതലമുറ ഥാറിന്റെ ഒരുക്കങ്ങള്‍ കമ്പനി നടത്തി വരികയാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ഥാറിനെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








