XUV300 ഇലക്ട്രിക്ക് പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി മഹീന്ദ്ര
ഒരു വര്‍ഷം തന്നെ വിവിധ ശ്രേണിയിലേക്ക് മൂന്ന് കാറുകളെയാണ് മഹിന്ദ്ര വിപണിയില്‍ എത്തിച്ചത്. എംപിവി ശ്രണിയിലേക്ക് മറാസോയെയും, പ്രീമിയം എംപിവി ശ്രേണിയിലേക്ക് ആള്‍ട്യുറാസിനെയും കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് XUV300 -നെയും കമ്പനി അവതരിപ്പിച്ചു.

മൂന്ന് മോഡലുകളും വിപണിയില്‍ വലിയ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് XUV300 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്. 2020 -ഓടെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക്ക് പതിപ്പിന്റെ മൈലേജ് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV -ക്ക് ഊര്‍ജം പകരുക. റഗുലര്‍ XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക്ക് XUV300 -ന് മുമ്പ് തന്നെ KUV100 ഇലക്ട്രിക്ക് നിരത്തിലെത്താനാണ് സാധ്യത. നിലവില്‍ E20, ഇലക്ട്രിക്ക് വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്.

വില സംബന്ധിച്ച് ഔദ്യോഗികമായി കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, റെഗുലര്‍ പതിപ്പിനെക്കാള്‍ ഇലക്ട്രിക്ക് പതിപ്പിന് വില ഉയര്‍ന്നേക്കാം. 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് റെഗുലര്‍ പതിപ്പിന്റെ വിപണിയിലെ വില.

കോംപാക്ട് എസ്‌യുവി നിരയില്‍ മഹീന്ദ്രയുടെ തുറുപ്പ് ചീട്ടാണ് XUV300. ഈ നിരയില്‍ തന്നെ TUV300 -ഉണ്ടെങ്കിലും വിപണിയില്‍ കാര്യമായ സ്വാധിനം ചെലുത്താന്‍ വാഹനത്തിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാന്‍ ഭംഗിയുള്ള ഡിസൈനും, ഒരു പഞ്ഞവും കൂടാതെ വാഹനത്തില്‍ ഫീച്ചറുകള്‍ കുത്തിനിറച്ചതോടെ വിപണിയില്‍ കുതിച്ച് കയറാന്‍ വാഹനത്തിന് സാധിച്ചു.
Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വിപണിയിലെ മാന്ദ്യത്തിന് ഇടയിലും മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാന്‍ മോഡലിന് സാധിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. ഡ്രൈവിംഗ് കൂടുതല്‍ ഉല്ലാസകരമാക്കാന്‍ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ XUV300 -യിലുണ്ട്. കംഫര്‍ട്ട്, നോര്‍മല്‍, സ്പോര്‍ട് എന്നിവയാണിത്. ഓഫ് റോഡിംഗ് ശേഷിയും കാര്യമായിത്തന്നെയുണ്ട് വാഹനത്തില്‍.
Most Read: മഹീന്ദ്ര XUV300 ഇന്ത്യയിലെ മികച്ച കോമ്പാക്റ്റ് എസ്‌യുവിയോ?

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകള്‍ XUV300 -ന്റെ സവിശേഷതകളാണ്. ഡീസല്‍ പതിപ്പിനെ അപേക്ഷിച്ച് വാഹനത്തിന്റെ പെട്രോള്‍ പതിപ്പിനെ തേടിയാണ് ആളുകള്‍ എത്തുന്നത്.
Most Read: INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 112 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 121 bhp കരുത്തും, 300 Nm torque ഉം സൃഷ്ടിക്കും.

രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. വിപണിയില്‍ പോര് മുറുകിയതോടെ അടുത്തിടെ XUV300 -ന്റെ ഓട്ടോമാറ്റിക്ക് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








