13 വര്‍ഷത്തെ കുത്തക നഷ്ടപ്പെട്ട് മാരുതി ആള്‍ട്ടോ, തോറ്റത് ഡിസൈറിന് മുന്നില്‍
ആള്‍ട്ടോ വരുന്നതുവരെ മാരുതി 800 ഹാച്ച്ബാക്കായിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാര്‍. ശേഷം 13 വര്‍ഷം മറ്റൊരു കാറിനും സ്ഥാനം വിട്ടുകൊടുക്കാതെ ആള്‍ട്ടോ വിജയപീഠത്തില്‍ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ആള്‍ട്ടോയുടെ കുത്തക തകര്‍ത്തെറിഞ്ഞ് മാരുതി ഡിസൈര്‍ വിപ്ലവചരിതം കുറിക്കുകയാണ്.

വിപണിയുടെ ചരിത്രത്തിലാദ്യമായി ഹാച്ച്ബാക്കിനെ മറികടന്ന് ഒരു സെഡാന്‍ വില്‍പ്പനയില്‍ ഒന്നാമതെത്തി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി ഇനി മാരുതി ഡിസൈര്‍ അറിയപ്പെടും. ഇടുങ്ങിയ ചെറു കാറുകളില്‍ നിന്നും വിപണി മാറി ചിന്തിക്കാന്‍ തുടങ്ങി.

കൂടുതല്‍ സ്ഥലസൗകര്യമുള്ള, കൂടുതല്‍ പ്രീമിയം പരിവേഷമുള്ള കാറുകള്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. കുതിച്ചുകയറുന്ന ഡിസൈര്‍ വില്‍പ്പന ഇക്കാര്യം വെളിപ്പെടുത്തുകയാണ്. കഴിഞ്ഞവര്‍ഷം 2.47 ലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്.

ആള്‍ട്ടോയില്‍ മാരുതി നേടിയത് 2.31 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയും. അതായത് ആള്‍ട്ടോയെക്കാള്‍ പതിനാറായിരം യൂണിറ്റുകളുടെ അധിക വില്‍പ്പന ഡിസൈര്‍ കുറിച്ചു. പ്രതിമാസം 22,528 യൂണിറ്റുകളുടെ ശരാശരി വില്‍പ്പനയുണ്ട് ഡിസൈറിന്.

ആള്‍ട്ടോയുടെ ശരാശരി വില്‍പ്പന 21,049 യൂണറ്റില്‍ എത്തിനില്‍ക്കുന്നു (വില്‍പ്പന കണക്കുകള്‍ 2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ളത്). 2.7 ലക്ഷം മുതല്‍ 3.9 ലക്ഷം രൂപ വരെയാണ് ആള്‍ട്ടോയ്ക്ക് വിപണിയില്‍ വില.
Most Read: പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

അതേസമയം ഡിസൈര്‍ മോഡലുകള്‍ക്ക് വില 5.6 ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെയും. സെഡാനുകള്‍ക്ക് വിപണിയില്‍ പ്രചാരം കൂടുന്നുണ്ടെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതിയും ഡിസൈറിനുണ്ട്.

കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. അതായത് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന മുടങ്ങാതെ ഡിസൈര്‍ നേടി. നിലവില്‍ മാരുതിയുടെ ഹിറ്റ് താരമാണ് പുതുതലമുറ ഡിസൈര്‍.

മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞു. സുസുക്കിയുടെ ഭാരംകുറഞ്ഞ HEARTECT അടിത്തറ ഉപയോഗിക്കുന്ന ഡിസൈര്‍, മട്ടിലും ഭാവത്തിലും ചമഞ്ഞൊരുങ്ങിയാണ് വിപണിയില്‍ എത്തുന്നത്.

സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം കാഴ്ച്ചവെക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദത്തിനോടാണ് വിപണിക്ക് കൂടുതല്‍ കമ്പം. കണക്കുകള്‍ പ്രകാരം 25 ശതമാനം ഉപഭോക്താക്കള്‍ ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദം തിരഞ്ഞെടുക്കുമ്പോള്‍ 20 ശതമാനം ഉപഭോക്താക്കള്‍ക്ക് പ്രിയം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എഎംടി) സംവിധാനമുള്ള ഓട്ടോമാറ്റിക് മോഡലുകളോടാണ്.

വടിവൊത്ത രൂപവും മേല്‍ത്തരം സൗകര്യങ്ങളും വിശാലമായ അകത്തളവും ഡിസൈറിന്റെ വിശേഷങ്ങളില്‍പ്പെടും. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്.
Most Read: പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍.

പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കും. വിപണിയില്‍ ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സെന്റ്, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവരുമായാണ് ഡിസൈറിന്റെ മത്സരം.


Click it and Unblock the Notifications








