കൂടുതല്‍ കരുത്തുമായി മാരുതി എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍, വില 9.86 ലക്ഷം രൂപ മുതല്‍
1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തുമായി പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍. സിയാസിന് ശേഷം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്ന രണ്ടാമത്തെ മാരുതി കാറാണ് എര്‍ട്ടിഗ. 9.86 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ 1.5 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ മോഡലുകള്‍ വിപണിയില്‍ അണിനിരക്കും.

മൂന്നു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗ പതിപ്പിലുണ്ട്. VDI മോഡലിന് വില 9.86 ലക്ഷം രൂപ. ZDI മോഡല്‍ 10.69 ലക്ഷം രൂപ വില കുറിക്കും. 11.20 ലക്ഷം രൂപയാണ് എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ ZDI പ്ലസിന് വില (ദില്ലി ഷോറൂം). എര്‍ട്ടിഗയിലെ പുതിയ 1.5 ലിറ്റര്‍ DDiS 225 എഞ്ചിന് 94 bhp കരുത്തും 225 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇതേസമയം, 1.3 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ പതിപ്പിലുള്ളതുപോലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം 1.5 ലിറ്റര്‍ ഡീസല്‍ മോഡലിനില്ല. 24.2 കിലോമീറ്റര്‍ മൈലേജ് എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ കാഴ്ച്ചവെക്കും. പുതിയ എഞ്ചിന്‍ ലഭിച്ചതൊഴിച്ചാല്‍ എര്‍ട്ടിഗയ്ക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
Most Read: മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സുസുക്കിയുടെ HEARTECT അടിത്തറ ആധാരമാക്കുന്ന എര്‍ട്ടിഗ, 4,395 mm നീളവും 1,735 mm വീതിയും 1,690 mm ഉയരവും കുറിക്കും. 180 mm ആണ് എംപിവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. വീല്‍ബേസ് 2,740 mm. കഴിഞ്ഞ നവംബറിലാണ് അടിമുടി പരിഷ്‌കാരങ്ങളുമായി രണ്ടാംതലമുറ എര്‍ട്ടിഗ വിപണിയില്‍ എത്തിയത്.

നിലവില്‍ എംപിവി ശ്രേണിയില്‍ 39 ശതമാനം വിഹിതം മാരുതി എര്‍ട്ടിഗയ്ക്കുണ്ട്. മഹീന്ദ്ര മറാസോയുമായാണ് മാരുതി എംപിവിയുടെ പ്രധാന അങ്കം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന നിര്‍ത്താനിരിക്കെയാണ് പുതിയ എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ മോഡലുമായുള്ള മാരുതിയുടെ കടന്നുവരവ്.

എന്നാല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് തിരുമാനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഡീസല്‍ വിപണിയിലേക്ക് തിരിച്ചുവരുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിച്ചാല്‍ നിര്‍മ്മാണ ചിലവുയരും. ഇത് ഡീസല്‍ കാറുകളുടെ വില ഗണ്യമായി ഉയര്‍ത്തും. ഉയര്‍ന്ന വില കൊടുത്ത് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യപ്പെടില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കേണ്ടതില്ലെന്ന കമ്പനിയുടെ തീരുമാനം.


Click it and Unblock the Notifications








