മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും
വാഹന നിര്‍മ്മാതാക്കളുടെ ദുരിതകാലം തീരുന്നില്ല. മെയ് മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയ്ക്ക് വില്‍പ്പനയില്‍ പാടെ ചുവടുതെറ്റി. കഴിഞ്ഞമാസം 1.34 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാനായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.72 യൂണിറ്റുകള്‍ മാരുതി വിറ്റിരുന്നു. വില്‍പ്പനയില്‍ സംഭവിച്ചത് 22 ശതമാനം ഇടിവ്.

ടൊയോട്ടയ്ക്കായി നിര്‍മ്മിച്ച 2,302 ഗ്ലാന്‍സ യൂണിറ്റുകള്‍ മാരുതിയുടെ വില്‍പ്പന കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഗ്ലാന്‍സ യൂണിറ്റുകള്‍ ആരുടെ പേരില്‍ കുറിക്കണമെന്ന ആശയക്കുഴപ്പം മാരുതിയും ടെയോട്ടയും തമ്മിലുണ്ടായിരുന്നു. ആഭ്യന്തര വിപണിയില്‍ മാരുതിയുടെ ക്ഷീണം തുടരുകയാണ്. രാജ്യത്തെ മാരുതി കാര്‍ വില്‍പ്പന 1.21 ലക്ഷം യൂണിറ്റുകളായി കഴിഞ്ഞമാസം ചുരുങ്ങി.

2018 മെയ്യില്‍ 1.61 ലക്ഷം യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയുണ്ടായിരുന്നു മാരുതിക്ക്. ഒരു കാര്‍ ശ്രേണിയില്‍പോലും കമ്പനിക്ക് പ്രത്യാശ പ്രകടിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നത് വീഴ്ച്ചയുടെ ആഘാതം കൂട്ടുന്നു. പ്രാരംഭ സെഗ്മന്റില്‍ ആള്‍ട്ടോയ്ക്കും പഴയ തലമുറ വാഗണ്‍ആറിനും പ്രതീക്ഷ കാക്കാനായില്ല. പുതുതലമുറ വാഗണ്‍ആര്‍ വന്നെങ്കിലും ടാക്‌സി വിപണിയില്‍ പഴയ വാഗണ്‍ആര്‍ മോഡലിനെ മാരുതി ഇപ്പോഴും വില്‍ക്കുന്നുണ്ട്.

ഈ വിഭാഗത്തില്‍ മാത്രം 56.7 ശതമാനം വില്‍പ്പന ഇടിവ് കമ്പനി നേരിട്ടു. 37,864 യൂണിറ്റുകളുടെ വില്‍പ്പനയുണ്ടായിരുന്ന പ്രാരംഭ ശ്രേണിയില്‍ വില്‍പ്പന 16,394 യൂണിറ്റുകളിലേക്ക് കൂപ്പുകുത്തി. പുതുതലമുറ വാഗണ്‍ആറിന് സ്ഥാനക്കയറ്റം നല്‍കിയതും പ്രാരംഭ കാര്‍ നിരയിലെ വില്‍പ്പന ഇടിയാന്‍ കാരണമാണ്.

നിലവില്‍ സ്വിഫ്റ്റ്, ബലെനോ, സെലറിയോ, ഇഗ്നിസ്, ഡിസൈര്‍ മോഡലുകളുള്ള കോമ്പാക്ട് ശ്രേണിയിലാണ് വാഗണ്‍ആര്‍ പെടുന്നത്. ഇവിടെയും ചിത്രം ആശാവഹമല്ല. 70,135 യൂണിറ്റുകള്‍ വിറ്റെങ്കിലും വളര്‍ച്ചയിലേക്ക് കരകയറാന്‍ മാരുതിയുടെ കോമ്പാക്ട് കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 9.2 ശതമാനം ഇടിവ് കോമ്പാക്ട് ശ്രേണിയില്‍ കമ്പനിക്ക് സംഭവിച്ചു.
Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

പതിവിന് വിപരീതമായി മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും മെയ്യില്‍ അടിതെറ്റി. എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, ജിപ്‌സി തുടങ്ങിയ താരങ്ങളുണ്ടായിട്ടും 25.3 ശതമാനം ഇടിവ് മാരുതിയെ തേടിയെത്തി. 19,152 യൂണിറ്റുകളില്‍ ഒതുങ്ങി യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന. ഒമ്‌നി, ഈക്കോ ഉള്‍പ്പെടുന്ന വാന്‍ ശ്രേണിയില്‍ 29.7 ശതമാനമാണ് വില്‍പ്പന ഇടിവ്.
Most Read: ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ഇടത്തരം കാറായ സിയാസിനെയും ശനിദശ വിട്ടുമാറിയിട്ടില്ല. 2018 -ല്‍ 4,024 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ചിരുന്ന സിയാസ് ഇക്കുറി 3,592 യൂണിറ്റുകളുടെ വില്‍പ്പനയില്‍ തൃപ്തിപ്പെടേണ്ടി വന്നു. പാസഞ്ചര്‍ വാഹനങ്ങളില്‍ തിരിച്ചടി തുടരുന്നെങ്കിലും വാണിജ്യ വാഹന ശ്രേണിയില്‍ 31 ശതമാനം വളര്‍ച്ച മാരുതി നേടിയിട്ടുണ്ട്.
Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

പോയമാസം 2,230 സൂപ്പര്‍ ക്യാരി യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2018 മെയ്യില്‍ 1,703 യൂണിറ്റുകളായിരുന്നു സൂപ്പര്‍ ക്യാരി വില്‍പ്പന.


Click it and Unblock the Notifications








