കരകയറാതെ വാഹന വ്യവസായം; 3000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മാരുതി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ ഭാര്‍ഗവ വ്യക്തമാക്കി. ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം.

അതേസമയം ഈ വര്‍ഷം 50 ശതമാനം സിഎന്‍ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

അശോക് ലെയ്‌ലാന്റ്, ടിവിഎസ്, ഹീറോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ചെയര്‍മാര്‍ ആനന്ദ മഹീന്ദ്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുകയാണെങ്കില്‍ ഇനിയും പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. ജൂലൈയില്‍ വാഹനങ്ങളുടെ വില്‍പ്പന 18.71 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയുടെ വാഹന പ്രതിസന്ധി രൂക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് 19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരുന്ന സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്.
Most Read:ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്. ടിവിഎസിന്റെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മാണ ശാലകളില്‍ പ്രവൃത്തി രഹിത ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബോഷ് തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടും.
Most Read:ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

സ്പെയര്‍പാര്‍ട്സ് നിര്‍മാണമേഖലയില്‍ 11 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
Most Read:പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറഞ്ഞു.

അതേസമയം പ്രതിസന്ധിയിലായിരിക്കുന്ന വാഹന വിപണിയെ കൈ പിടിച്ച് ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് കാലങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കി. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനും തീരുമാനമായി.


Click it and Unblock the Notifications








