ടൊയോട്ടയുമായി കൂട്ടുകെട്ട്, കൊറോള ആള്‍ട്ടിസിനെ പുറത്തിറക്കാന്‍ മാരുതി
സുസുക്കിയും ടൊയോട്ടയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമാവുന്നു. പറഞ്ഞുവരുമ്പോള്‍ ഈ കൂട്ടുകെട്ട് ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ പ്രതിച്ഛായ തന്നെ തിരുത്തിക്കുറിക്കും. ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ കൈമാറി പകരം കൊറോളോ ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ മാരുതി പൂര്‍ത്തിയാക്കി.

മാരുതി പുറത്തിറക്കുന്ന കൊറോള സെഡാനും ടൊയോട്ടയുടെ ബലെനോ ഹാച്ച്ബാക്കും ഇനിയേറെ വിദൂരമല്ല. മോഡലുകളെ റീബാഡ്ജ് ചെയ്ത് ഇരു കമ്പനികള്‍ വില്‍പ്പനയ്ക്കു കൊണ്ടുവരും. അതേസമയം കേവലം പേരുമാത്രം മാറ്റി അവതരിപ്പിക്കുന്ന പതിവു ബാഡ്ജ് എഞ്ചിനീയറിങ്ങില്‍ ടൊയോട്ടയ്‌ക്കോ മാരുതിയ്‌ക്കോ താത്പര്യമില്ല.

ഗ്രില്ല്, ബമ്പര്‍, ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് ഉള്‍പ്പെടെ രൂപകല്‍പനയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ ഇരു കമ്പനികളും സ്വീകരിക്കും. അകത്തളത്തിലും മാറ്റങ്ങള്‍ നടപ്പിലാകുമെന്നാണ് സൂചന. മോഡലുകള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് ടൊയോട്ടയും മാരുതിയും ആഗ്രഹിക്കുന്നത്.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകള്‍ നിരയിലെ വിടവു നികത്തുമെന്ന് ടൊയോട്ട കരുതുന്നു. പ്രചാരമേറുന്ന കോമ്പാക്ട് എസ്‌യുവി ലോകത്ത് കടന്നുവരാന്‍ ബ്രെസ്സ ടൊയോട്ടയെ സഹായിക്കും. ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കായി ബലെനോ തലയുയര്‍ത്തുമ്പോള്‍ വിപണി കൗതുകം പൂണ്ടുനില്‍ക്കുമെന്ന കാര്യമുറപ്പ്.

സമാനമായി കൊറോള സെഡാന്‍ മാരുതിയുടെ പ്രീമിയം നിരയ്ക്ക് പുത്തനുണര്‍വേകും. നിലവില്‍ സിയാസ് മാത്രമാണ് മാരുതിയുടെ പ്രീമിയം സെഡാന്‍. സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം.

പ്രതിവര്‍ഷം കാല്‍ലക്ഷം ബലെനോകളെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനാണ് മാരുതിയുടെ തീരുമാനം. ടൊയോട്ട ബാഡ്ജ് ഒരുങ്ങുന്ന ബലെനോയെ 2019-20 സാമ്പത്തികവര്‍ഷം ആദ്യപാദം വിപണിയില്‍ പ്രതീക്ഷിക്കാം.
Most Read: വാഗണ്‍ആര്‍ മാത്രമല്ല, പുത്തന്‍ ബലെനോയും ഉടന്‍ — തുടക്കം ഗംഭീരമാക്കാന്‍ മാരുതി

മോഡലുകള്‍ കൈമാറുന്നതിന് പുറമെ നിര്‍മ്മാണ, സാങ്കേതിക, വിപണന മേഖലകളില്‍ ഒരുമിച്ചുനില്‍ക്കാനും ഇരു കമ്പനിക തമ്മില്‍ ധാരണയുണ്ട്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാനുള്ള മാരുതിയുടെ വൈദഗ്ധ്യം ടൊയോട്ടയും സ്വായത്തമാക്കും.

നിര്‍മ്മാണച്ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ K - സീരീസ് പെട്രോള്‍ എഞ്ചിനെ ടൊയോട്ട കടമെടുക്കുമെന്ന് വിവരമുണ്ട്. കൊറോള ആള്‍ട്ടിസിന് വേണ്ടിയാണിത്. ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയാണ് 1.5 ലിറ്റര്‍ K - സീരീസ് പെട്രോള്‍ എഞ്ചിന്റെ സൃഷ്ടാക്കള്‍.

മാത്രമല്ല, ചെറു കാര്‍ വില്‍പ്പനയില്‍ മാരുതി പയറ്റുന്ന തന്ത്രങ്ങള്‍ ടൊയോട്ടയ്ക്ക് മുതല്‍ക്കൂട്ടാവും. ടൊയോട്ടയുമായുള്ള കൂട്ടുകെട്ടില്‍ മാരുതിയ്ക്കായിരിക്കും നേട്ടങ്ങള്‍ കൂടുതല്‍. ബജറ്റ് കാര്‍ നിര്‍മ്മാതാക്കളെന്ന പേരില്‍ നിന്നും എളുപ്പം രക്ഷപ്പെടാന്‍ മാരുതിയെ ടൊയോട്ട പിന്തുണയ്ക്കും.

ടൊയോട്ടയ്ക്ക് വേരോട്ടമുള്ള പ്രീമിയം കാര്‍ നിരയില്‍ മാരുതിക്ക് കടന്നുവരാനുള്ള സുവര്‍ണ്ണാവസരമാണിത്. കിസാഷിയുടെ പരാജയത്തിന് ശേഷം പ്രീമിയം കാറുകളെ കുറിച്ച് മാരുതി ഇതുവരെ ചിന്തിച്ചിരുന്നില്ല.


Click it and Unblock the Notifications








