വാഗണ്‍ആര്‍ മാത്രമല്ല, പുത്തന്‍ ബലെനോയും ഉടന്‍ — തുടക്കം ഗംഭീരമാക്കാന്‍ മാരുതി
വാഗണ്‍ആറിനെ മാത്രമല്ല, ബലെനോയെയും പുതുക്കാന്‍ സമയമായി. 2015 -ല്‍ വില്‍പ്പനയ്ക്ക് എത്തിയ മാരുതി ബലെനോ ജീവിതകാലയളവിന്റെ പകുതി ദൂരം ഓടിക്കഴിഞ്ഞു. പരിഷ്‌കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഇനിയും വൈകിയാല്‍ ബലെനോ മത്സരത്തില്‍ നിന്നു പുറത്താവും. ഇക്കാര്യം മാരുതിക്കുമറിയാം.

വില്‍പ്പനയില്‍ ചെറുതല്ലാത്തൊരു പങ്ക് ബലെനോയ്ക്കുള്ളപ്പോള്‍, പരിഷ്‌കരിച്ച ഹാച്ച്ബാക്കിനെ എത്രയും വേഗം അണിനിരത്താനുള്ള തിടുക്കത്തിലാണ് കമ്പനി. പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ ബലെനോയുടെ ചിത്രമാകട്ടെ മാരുതിയുടെ മുന്നൊരുക്കം പറഞ്ഞുംവെയ്ക്കുന്നു.

യാതൊരുവിധ മറകളും കൂടാതെയാണ് ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം. പുതിയ മുഖരൂപം ചിത്രത്തില്‍ തെളിഞ്ഞുകാണാം. കാര്യമായ പരിഷ്‌കാരങ്ങള്‍ മുഴുവന്‍ മുന്‍ഭാഗത്താണ്. ഹെഡ്‌ലാമ്പ് ഘടനയ്ക്ക് ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു.

ബലെനോ RS പതിപ്പിന്റെ നിഴലാട്ടം ഇരുണ്ട (സ്‌മോക്ക് ചെയ്ത) ഹെഡ്‌ലാമ്പുകളില്‍ അനുഭവപ്പെടും. മുന്‍ ബമ്പറായിരിക്കും ഹാച്ച്ബാക്കിന്റെ പരിവേഷത്തിന് പുതുമ സമര്‍പ്പിക്കുക. ചതുരാകൃതിയുള്ള വലിയ എയര്‍ഡാമുകളും പുതിയ ഫോഗ്‌ലാമ്പുകളും കാറിന് സ്‌പോര്‍ടി ഭാവം കല്‍പ്പിക്കും.

പിന്നഴകിലും സമാനമായ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്കും സാധ്യതയുണ്ട്. അകത്തളത്തില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാരുതി പുതുക്കിയെന്നാണ് വിവരം. പുതുമ കൊണ്ടുവരാന്‍ പ്രീമിയം അപ്‌ഹോള്‍സ്റ്ററിയും കമ്പനി പരീക്ഷിച്ചേക്കും.

സിയാസിലേതുപോലെ തടി നിര്‍മ്മിത ഘടനകള്‍ ഡാഷ്‌ബോര്‍ഡിലുണ്ടാവും. നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് വേഗ മുന്നറിയിപ്പ് സംവിധാനവും വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകളും ബലെനോയില്‍ ഇടംകണ്ടെത്തുമെന്നാണ് സൂചന.

സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സുരക്ഷാ സംവിധാനങ്ങളുണ്ട്. എഞ്ചിനില്‍ കമ്പനി കൈകടത്തില്ല. നിലവിലെ 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ ബലെനോയില്‍ തുടരും. എഞ്ചിന്‍ 6,000 rpm -ല്‍ 83 bhp കരുത്തും 4,000 rpm -ല്‍ 115 Nm torque ഉം പരമാവധി സൃഷ്ടിക്കും.
Most Read: വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

ബലെനോയിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 4,000 rpm -ല്‍ 74 bhp കരുത്തും 2,000 rpm -ല്‍ 190 Nm torque ഉം നേടാനാവും. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. അതേസമയം ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുകയുള്ളൂ.

നിലവില്‍ പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബലെനോ RS പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് RS പതിപ്പില്‍. 5,500 rpm -ല്‍ 101 bhp കരുത്തും 1,700-4,500 rpm -ല്‍ 150 Nm torque ഉം ബലെനോ RS -നുണ്ട്.

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വിപണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20 ആണ് ബലെനോയുടെ എതിരാളി. എന്നാല്‍ വില്‍പ്പനയില്‍ ബലെനോയുടെ ഏഴയലത്തുവരാന്‍ ഹ്യുണ്ടായി ഹാച്ച്ബാക്കിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിമാസം 17,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പനയാണ് ബലെനോ കുറിക്കുന്നത്.
Spy Image Source: GaadiWaadi


Click it and Unblock the Notifications








