ഇനി കാത്തിരുന്ന് മുഷിയില്ല, സ്വിഫ്റ്റ് ഉത്പാദനം കൂട്ടി മാരുതി
ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഓരോമാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നു. എന്നിട്ടും ബുക്ക് ചെയ്താല്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണം സ്വിഫ്റ്റ് കൈയ്യില്‍ കിട്ടാന്‍. എന്തായാലും ഈ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടും. പുതിയ സ്വിഫ്റ്റിനെ ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും പുറത്തിറക്കാന്‍ മാരുതി സുസുക്കി ആരംഭിച്ചിരിക്കുകയാണ്.

പ്രതിവര്‍ഷം രണ്ടരലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി സാനന്ദ് ശാലയ്ക്കുണ്ട്. ആഭ്യന്തര വിപണിയില്‍ കാറുകള്‍ ലഭ്യമാക്കുന്നതിന് പുറമെ വിദേശ വിപണികളില്‍ കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും പുതിയ നടപടിയിലൂടെ കമ്പനി ലക്ഷ്യമിടുന്നു.

നിലവില്‍ ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടു ശാലകളും സുസുക്കിയുടെ ഉടമസ്ഥതയിലാണ്. പ്രതിവര്‍ഷം അഞ്ചുലക്ഷം കാറുകള്‍ സംയുക്തമായി പുറത്തിറക്കാന്‍ ഗുജറാത്ത് ശാലകള്‍ക്ക് കഴിയും. 2020 -ല്‍ മൂന്നാമത്തെ ശാല കൂടി കമ്പനി തുടങ്ങുന്നതോടെ വാര്‍ഷിക ഉത്പാദനം ഏഴരലക്ഷം യൂണിറ്റായി ഉയരും.

കമ്പനിയുടെ ഗുരുഗ്രാം, മനേസര്‍ ശാലകള്‍ ചേര്‍ന്ന് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കാറുകളാണ് വിപണിയില്‍ പുറത്തിറക്കുന്നത്. വര്‍ഷാവര്‍ഷം കൈയ്യടക്കുന്ന വില്‍പ്പന വളര്‍ച്ച പുതിയ ശാലകള്‍ പടുത്തുയര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നു.
Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

ഗുജറാത്തില്‍ മാരുതി സുസുക്കി നിശ്ചയിച്ചിരിക്കുന്ന മൂന്നാംശാല പ്രധാനമായും വൈദ്യുത കാറുകള്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പാണ് മാരുതിയില്‍ നിന്നും വരാനിരിക്കുന്ന ആദ്യ വൈദ്യുത കാര്‍. 2020 -ല്‍ മോഡല്‍ വിപണിയില്‍ വില്‍പ്പനയ്ക്കു വരും.

സ്വിഫ്റ്റിലേക്ക് മടങ്ങിവരുമ്പോള്‍ ഹാച്ച്ബാക്കിനായി വന്‍ ബുക്കിംഗ് ബാഹുല്യമാണ് മാരുതി ഡീലര്‍ഷിപ്പുകളില്‍. 2005 -ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ മാരുതി സ്വിഫ്റ്റ് ഇതിനോടകം ഇരുപതുലക്ഷം യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പന പിന്നിട്ടുകഴിഞ്ഞു.

വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യ അഞ്ചു കാറുകളിലെ സ്ഥിര പ്രതിഷ്ഠയായി മാരുതി സ്വിഫ്റ്റ് തുടരാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയാവുന്നു. നൂതന സാങ്കേതികവിദ്യ, ഈടുനില്‍പ്പ്, ദൃഢത, പ്രകടനക്ഷമത, ഇന്ധനക്ഷമത എന്നീ ഘടകങ്ങള്‍ സ്വിഫ്റ്റിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.

ബലെനോ, ഇഗ്‌നിസ്, ഡിസൈര്‍ മോഡലുകള്‍ പുറത്തുവരുന്ന HEARTECT അടിത്തറയാണ് പുതുതലമുറ സ്വിഫ്റ്റും ഉപയോഗിക്കുന്നത്. ഭാരംകുറഞ്ഞ എന്നാല്‍ ദൃഢതയുള്ളതുമായ സുസുക്കിയുടെ HEARTECT അടിത്തറ പുതിയ സ്വിഫ്റ്റിന്റെ ആകാരയളവ് കൂട്ടി.

മുന്‍മോഡലുകളെ അപേക്ഷിച്ചു വിശാലമായ അകത്തളമാണ് പുതുതലമുറ സ്വിഫ്റ്റ് സമര്‍പ്പിക്കുന്നത്. സുരക്ഷയിലും ഹാച്ച്ബാക്ക് പതിയെ പുരോഗമിക്കുകയാണെന്നു അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു.

മുമ്പ് 2014 -ല്‍ ഒരു സ്റ്റാര്‍ പോലും നേടാന്‍ കഴിയാതിരുന്നു സ്വിഫ്റ്റ് ഇത്തവണ രണ്ടു സ്റ്റാര്‍ സുരക്ഷ കാഴ്ച്ച വെയ്ക്കുകയുണ്ടായി. 4.99 ലക്ഷം രൂപ മുതലാണ് വിപണിയില്‍ മാരുതി സ്വിഫ്റ്റിന് വില. ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് ഡീസല്‍ മോഡല്‍ 8.29 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കു വരുന്നു.

ആകെമുഴുവന്‍ 12 വകഭേദങ്ങളുണ്ട് പുതിയ സ്വിഫ്റ്റില്‍. ആറു പെട്രോള്‍, ആറു ഡീസല്‍ മോഡലുകള്‍ ഇതില്‍പ്പെടും. അഞ്ചു സ്പീഡ് എഎംടി പതിപ്പാണ് പുതിയ ഹാച്ച്ബാക്കിലെ മുഖ്യാകര്‍ഷണം. VXi, VDi, ZDi, ZXi പ്ലസ്, ZDi പ്ലസ് മോഡലുകളില്‍ എഎംടി ഓപ്ഷന്‍ ലഭിക്കും.
Most Read: ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

പഴയ സ്വിഫ്റ്റിലെ എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും. 83 bhp കരുത്തും 115 Nm torque ഉം സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ സൃഷ്ടിക്കും. ഡീസല്‍ മോഡലുകളിലുള്ള 1.3 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന് 74 bhp കരുത്തും 190 Nm torque ഉം പരമാവധിയുണ്ട്.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്വിഫ്റ്റ് മോഡലുകളിലെ അടിസ്ഥാന ഫീച്ചറാണ്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്വിഫ്റ്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുണ്ട്. വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ, നിസാന്‍ മൈക്ര എന്നിവരുമായാണ് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ മത്സരം.


Click it and Unblock the Notifications








