2020 ഫോർഡ് മസ്താംഗ് ഏപ്രിലിൽ ഇന്ത്യയിലെത്തും
ഫോർഡ് ഇന്ത്യ പുതിയ മസ്താംഗിനെനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ ഫോർഡ് മസ്താംഗ് 2020 ഏപ്രിലിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഫോർഡ് മസ്താംഗ് ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. ഒടുവിൽ മസിൽ കാർ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. മുൻ മോഡലിനെ അപേക്ഷിച്ച് ചെറിയ പരിഷ്ക്കരണങ്ങളോടെയാണ് പുതിയ ഫോർഡ് മസ്താംഗ് വാഗ്ദാനം ചെയ്യുന്നത്. സംയോജിത എയർ വെന്റുകൾ ഉള്ള ഒരു താഴ്ന്ന ബോണറ്റ് ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ പരിഷ്ക്കരിച്ച മോഡലിൽ അല്പം നവീകരിച്ച ഫ്രണ്ട് ഗ്രില്ലും ലഭ്യമാകും. ഇത് പഴയ മോഡലിനെക്കാൾ ചെറുതാണ്. മുന്നിലും പിന്നിലും നവീകരിച്ച ബമ്പറുകളുമായാണ് മസിൽ കാർ എത്തുന്നത്. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ഇന്റീരിയറിൽ പുതിയ 12 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് പുതിയ ഫോർഡ് മസ്താംഗ് വരുന്നത്. ക്യാബിന് ചുറ്റുമുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ശ്രദ്ധേയമാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, മൗണ്ട്‌ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ പുതിയ മസ്താംഗിലെ ചില സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ, പുതിയ ഫോർഡ് മസ്താംഗ് നിലവിലെ എഞ്ചിനെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുക. എന്നാൽ എഞ്ചിന്റെ റീ-ട്യൂൺ ചെയ്ത പതിപ്പ് ഉപയോഗിക്കും.

5.0 ലിറ്റർ V8 പെട്രോൾ എഞ്ചിന്റെ രൂപത്തിലാണ് ഇത് വരുന്നത്. ഇത് 450 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിൽ നിന്ന് 35 bhp-യുടെ വർധനവാണ് സൂചിപ്പിക്കുന്നത്.

നിലവിൽ വിപണിയിലുള്ള മോഡലിൽ കാണുന്നതുപോലെ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരമായി ഫോർഡ് പുതിയ മസ്താംഗിൽ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് അവതരിപ്പിച്ചേക്കാം.
Most Read: ബ്രെസ്സ, എസ്-ക്രോസ്സ് ബിഎസ് VI മോഡലുകൾ 2020 മാർച്ചിനു മുമ്പ് പുറത്തിറക്കുമെന്ന് മാരുതി

നവീകരിച്ച ഡിസൈൻ, റീ-ട്യൂൺഡ് എഞ്ചിൻ എന്നിവ കൂടാതെ, പുതിയ ബ്ലൂ, ഓറഞ്ച്, റെഡ് എന്നീ പുതിയ മൂന്ന് കളർ ഓപ്ഷനും ഫോർഡ് മസ്താംഗ് വാഗ്ദാനം ചെയ്യുന്നു.

അതോടൊപ്പം 19 ഇഞ്ച് അലോയ് വീൽ ഡിസൈനും വാഹനത്തിൽ ഇടംപിടിക്കുന്നു. ഇത് മൂന്ന് വ്യത്യസ്ത ഫിനിഷുകളിലുമാണ് വരുന്നത്. ഇന്ത്യൻ വിപണിയിലെ നിലവിലെ മോഡലിനേക്കാൾ അല്പം ഉയർന്ന വിലയുമാണ് പുതിയ മസ്താംഗിന് ഉണ്ടാവുക.

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോഡലായ മസ്താംഗ് മാക്-ഇ അടുത്തിടെയാണ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചത്. ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായാണ് കമ്പനി പുതിയ മസ്താംഗ് പ്രചോദിത ഓൾ-ഇലക്ട്രിക്കിനെ പുറത്തിറക്കുന്നത്.


Click it and Unblock the Notifications








