ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് 2019 മാരുതി വാഗണ്‍ആര്‍ എഎംടി
2019 വാഗണ്‍ആറിന് ഇനി കഷ്ടിച്ച് രണ്ടാഴ്ച്ച മാത്രം. ജനുവരി 23 -ന് വാഗണ്‍ആര്‍ വില്‍പ്പനയ്ക്കു വരുമെന്നിരിക്കെ മാരുതി ഹാച്ച്ബാക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വിപണി. സാന്‍ട്രോയുടെ തിരിച്ചുവരവ് കൊളുത്തിയ തരംഗം തടുക്കാന്‍ 2019 വാഗണ്‍ആര്‍ മാരുതിയെ സഹായിക്കും. 2006 -ന് ശേഷം വാഗണ്‍ആറിന് ലഭിക്കാന്‍ പോകുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് വരാനിരിക്കുന്ന മോഡല്‍.

പുതിയ ഹാച്ച്ബാക്കിന്റെ ഒട്ടുമിക്ക വിവരങ്ങളും ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ വാഗണ്‍ആര്‍ എഎംടി പതിപ്പിനെയും ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്നാണ് എഎംടി സംവിധാനത്തെ മാരുതി വിശേഷിപ്പിക്കുന്നത്.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകളും പുതിയ വാഗണ്‍ആറില്‍ ഒരുങ്ങുന്നുണ്ട്. എഎംടി, മാനുവല്‍ പതിപ്പുകളുടെ ക്യാബിന്‍ സമാനമാണ്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ലെവറുണ്ടെന്നതൊഴിച്ചാല്‍ മാറ്റങ്ങളേതുമില്ല.

ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ക്ക് ഒപ്പമാണ് പുതിയ വാഗണ്‍ആറിന്റെ സ്റ്റീയറിംഗ് വീല്‍. മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ യൂണിറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ പ്രതീക്ഷിക്കാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളിലാണ് വാഗണ്‍ആര്‍ എഎംടി വില്‍പ്പനയ്ക്കു വരിക. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ ഹാച്ച്ബാക്കില്‍ തുടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ മുന്‍തലമുറയിലേതുതന്നെ.

പരിഷ്‌കരിച്ച ബോക്‌സി ഘടനയാണ് ഹാച്ച്ബാക്ക് പിന്തുടരുന്നത്. ഇക്കാരണത്താല്‍ ആകാരയളവും കൂടി. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും പുത്തന്‍ ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm. 4.7 മീറ്ററാണ് ടേണിംഗ് റേഡിയസ്. അതായത് 19 mm നീളവും 145 mm വീതിയും 5 mm ഉയരവും 2019 വാഗണ്‍ആറിന് അധികമുണ്ട്.

എന്നാൽ 14 ഇഞ്ച് വലുപ്പത്തില്‍ തന്നെ ടയറുകള്‍ തുടരും. 32 ലിറ്ററാണ് ഇന്ധനശേഷി. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 805 മുതല്‍ 845 കിലോ വരെ ഭാരം ഹാച്ച്ബാക്ക് രേഖപ്പെടുത്തും. വൈറ്റ്, സില്‍വര്‍, ഗ്രെയ്, ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ എന്നി നിറങ്ങളിലാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുക.

LXi 1.0 ലിറ്റര്‍ മാനുവല്‍, VXi 1.0 ലിറ്റര്‍ മാനുവല്‍, VXi 1.0 ലിറ്റര്‍ എഎംടി, VXi 1.2 ലിറ്റര്‍ മാനുവല്‍, VXi 1.2 ലിറ്റര്‍ എഎംടി, ZXi 1.2 ലിറ്റര്‍ മാനുവല്‍, ZXi 1.2 ലിറ്റര്‍ എഎംടി വകഭേദങ്ങള്‍ വരാനിരിക്കുന്ന വാഗണ്‍ആറിലുണ്ട്. നേരത്തെ പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

നിലവിലെ വാഗണ്‍ആര്‍ അടിത്തറ പരിഷ്‌കരിച്ചാണ് പുതിയ ഹാച്ച്ബാക്കിനെ മാരുതി കൊണ്ടുവരുന്നത്. മുഖച്ഛായ മാറി. ബോഡി ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. കാഴ്ച്ചക്കാരുടെ കണ്ണുകള്‍ പിന്നഴകിലും പതിയുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് ഹാച്ച്ബാക്കിന്. ഗ്രില്ല് ചെറുതായി. ഗ്രില്ലിന് നടുവിലൂടെ പ്രത്യേക ക്രോം വര കടന്നുപോകുന്നു. വലിയ എയര്‍ഡാം ഇടംകണ്ടെത്തുന്ന മുന്‍ബമ്പര്‍ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി പരിവേഷം ഉയര്‍ത്തിക്കാട്ടും. താഴെ ബമ്പറിലാണ് ഫോഗ്‌ലാമ്പുകള്‍.

പിറകിലെ ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും. വീതികൂടിയ C പില്ലറില്‍ പ്രത്യേക കറുത്ത ഡിസൈന്‍ ശൈലി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. മേല്‍ക്കൂരയ്ക്ക് ഒഴുകിയിറങ്ങുന്ന പ്രഭാവം നല്‍കാന്‍ ഇതു സഹായിക്കും.
Most Read: ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

കഴിഞ്ഞവര്‍ഷം ജാപ്പനീസ് വിപണിയിലെത്തിയ വാഗണ്‍ആറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വരാനിരിക്കുന്ന മോഡല്‍. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം മുന്‍നിര്‍ത്തി സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതലായി പുതിയ വാഗണ്‍ആറില്‍ ഒരുങ്ങും.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.
Source: Auto Vikings


Click it and Unblock the Notifications








