വീണ്ടും H7X എസ്‌യുവിയെ കാട്ടി ടാറ്റ
2019 ജനീവ മോട്ടോര്‍ ഷോയില്‍ നാലു പുത്തന്‍ കാറുകളെ ടാറ്റ അനാവരണം ചെയ്യും. ആള്‍ട്രോസ് ഹാച്ച്ബാക്ക്, H7X എസ്‌യുവി, ആള്‍ട്രോസ് ഇവി കോണ്‍സെപ്റ്റ്, ഹോണ്‍ബില്‍ മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റ് മോഡലുകളാണ് ടാറ്റ നിരയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്നത്. പതിവുപോലെ വരാനിരിക്കുന്ന അവതാരങ്ങളുടെ ടീസറുകള്‍ ഓരോന്നായി കമ്പനി പുറത്തുവിട്ടു കൊണ്ടിരിക്കുന്നു.

ഏറ്റവുമൊടുവില്‍ ടാറ്റ പങ്കുവെച്ച ഏഴു സീറ്റര്‍ H7X ടീസര്‍, എസ്‌യുവിയുടെ ആകാരത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയാണ്. പുതിയ H7X രൂപഭാവത്തില്‍ എണ്‍പതു ശതമാനവും ഹാരിയറിനെ പിന്തുടരും. എന്നാല്‍ ഹാരിയറിനോളം അക്രമണോത്സുകത H7X -ല്‍ കരുതേണ്ടതില്ല.

ഫാമിലി കാര്‍ ആഗ്രഹിക്കുന്നവരെയാകും H7X തൃപ്തിപ്പെടുത്തുക. ഹാരിയറിന്റെ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും സമകാലിക ഡിസൈന്‍ സങ്കല്‍പ്പം തിരുത്തുന്നുണ്ട്. എന്നാല്‍ H7X -ല്‍ ചിത്രമിതല്ല. ബോണറ്റിനോട് ചേര്‍ന്ന് ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങും.

ഹെഡ്‌ലാമ്പുകള്‍ക്ക് വീതി കുറവായിരിക്കും. ബമ്പറിലാകും ഫോഗ്‌ലാമ്പുകള്‍. മുന്‍ ബമ്പറില്‍ പ്രത്യേക സ്പ്ലിറ്ററും പ്രതീക്ഷിക്കാം. നേരത്തെ മോഡലിന്റെ പിന്‍ഭാഗം കമ്പനി വെളിപ്പെടുത്തിയിരുന്നു. മൂന്നാംനിരയില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി പരന്ന ശൈലിയാണ് റൂഫ്‌ലൈന്‍ പാലിക്കുന്നത്.

ഇക്കാരണത്താല്‍ പിറകില്‍ കൂടുതല്‍ ഹെഡ്‌റൂം യാത്രക്കാര്‍ക്ക് ലഭിക്കും. ഹാരിയറില്‍ ചാഞ്ഞിറങ്ങുംവിധമാണ് മേല്‍ക്കൂര. ഹാരിയറില്‍ നിന്നും വ്യത്യസ്തമായി ബോക്‌സി ഘടനയായിരിക്കും H7X -ന് ലഭിക്കുക. അതേസമയം ഹാരിയര്‍ പുറത്തുവരുന്ന ലാന്‍ഡ് റോവര്‍ D8 അടിത്തറതന്നെ പുതിയ എസ്‌യുവിയും പങ്കിടും.

അകത്തളത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടാവില്ല. ഡാഷ്‌ബോര്‍ഡും ഇന്‍സ്ട്രമെന്റും ക്ലസ്റ്ററും ഇരു മോഡലുകളിലും സമാനമായിരിക്കും. എസ്‌യുവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുണ്ടാവുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
Most Read: പ്രാരംഭ എര്‍ട്ടിഗ ഡീസല്‍ മോഡലിനെ മാരുതി പിന്‍വലിച്ചു, കാരണമിതാണ്

കേവലം ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമല്ല വിശേഷം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലുകളില്‍ നിന്നും കടമെടുത്ത ഗിയര്‍ നോബും ശ്രേണിയിലെ ആദ്യ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും H7X -ന്റെ മേന്മയുണര്‍ത്തും.

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, തുകല്‍ ആവരണമുള്ള ഡാഷ്ബോര്‍ഡ്, വലിയ 8.8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.1 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകള്‍ മോഡലില്‍ പ്രതീക്ഷിക്കാം.

പ്രീമിയം പ്രതിച്ഛായയുള്ളതിനാല്‍ മൂന്നാംനിരയിലും എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, ശീതികരിച്ച കപ്പ് ഹോള്‍ഡറുകള്‍ മുതലായ സൗകര്യങ്ങള്‍ കമ്പനി ഉറപ്പുവരുത്തും. ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ യൂണിറ്റ് പങ്കിടുമെങ്കിലും വ്യത്യസ്തമായ കരുത്തുത്പാദനം H7X കുറിക്കുമെന്നാണ് വിവരം. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം ഹാരിയറിന് പരമാവധിയുണ്ട്.


Click it and Unblock the Notifications








