ടാറ്റ ഹാരിയറിന്റെ ബ്ലാക്ക് എഡിഷന്‍ എത്തുന്നു
ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രിയ മോഡലായി മാറിയ വാഹനമാണ് ടാറ്റ മോട്ടോര്‍സിന്റെ ഹാരിയര്‍. വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരമുള്ള വിഭാഗം കൂടിയാണ് എസ്‌യുവി ശ്രേണി. അതില്‍ ഏറ്റവും വിജയകരമായ രീതിയില്‍ കാറുകളെ നവീകരിക്കുന്ന ചുരുക്കം നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടാഴ്‌സ്.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാഹനം പരിഷ്‌ക്കരിക്കുന്നതിലും ടാറ്റ വളരെ മുമ്പിലാണ്. ഈ ശ്രേണിയിലെ എതിരാളികളുമായി പിടിച്ചുനില്‍ക്കാന്‍ പുതിയ കറുത്ത നിറത്തിലുള്ള ഹാരിയറുമായി വിപണിയിലെത്തിയിരിക്കുകയാണ് ടാറ്റ. വാഹനത്തിന്റെ ബ്ലാക്ക് എഡിഷന്‍ അടുത്ത മാസം വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

നിലവിലെ വില്‍പ്പനയും ജനപ്രീതിയും നിലനിര്‍ത്താന്‍ ഹാരിയറിന്റെ ബ്ലാക്ക് എഡീഷന്‍ പതിപ്പ് കമ്പനിയെ സഹായിക്കും. എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങള്‍ എത്തുന്നതോടെ പ്രതാപം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ തീരുമാനം.

ഹാരിയറില്‍ വരുത്തുന്ന രണ്ടാമത്തെ നവീകരണമാണിത്. ഡ്യുവല്‍-ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളായിരുന്നു ആദ്യത്തേത്. അടുത്തിടെ 10,000 യൂണിറ്റുകള്‍ വിപണിയിലെത്തിയപ്പോഴാണ് ടാറ്റ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ചേര്‍ത്തത്.

കറുത്ത നിറം കാറുകളുകളെ കൂടുതല്‍ ആകര്‍ഷകമാക്കും എന്നതില്‍ തര്‍ക്കമില്ല. ഓൾ-ബ്ലാക്ക് ഷേഡിന് പുറമേ, ടാറ്റ ഹാരിയറിൽ വരുത്തിയ മറ്റ് മാറ്റങ്ങളിൽ കറുത്ത നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ, മുന്നിലും പിന്നിലും കറുത്ത സ്കിഡ് പ്ലേറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

വിന്‍ഡോ ക്രോം സില്ലുകളും മുന്നിലും പിന്നിലും ബാഡ്ജിംഗ് എന്നിവയുമുണ്ട്. കറുത്ത നിറത്തിലാണ് ഇന്റീരിയറുകളും. സീറ്റുകളിലും ഡോര്‍ പാഡുകളിലും തവിട്ട് നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിക്കു പകരം കറുപ്പ് നിറം ഉള്‍പ്പെടുത്തിയപ്പോള്‍ മുമ്പ് വുഡന്‍ ഫിനീഷിങ്ങില്‍ നല്‍കിയിരുന്ന പാനലുകള്‍ ഇത്തവണ ഗ്രേ കളറിലേക്ക് മാറിയിട്ടുണ്ട്.

കാഴ്ചയിലുള്ള ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും ഹാരിയറില്‍ വരുത്തയിട്ടില്ല. ഹ്യുണ്ടായില്‍ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹാരിയര്‍ അവതരിപ്പിക്കും. കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് വകഭേദവും കമ്പനി പുറത്തിറക്കും. എന്നാല്‍ ഈ മോഡല്‍ എപ്പോല്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല.

സണ്‍റൂഫ് ഉള്‍പ്പെടുത്തിയ ഹാരിയറിന്റെ പുതിയ മോഡല്‍ കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഒരു ആക്‌സസറി ഘടകമായാണ് സണ്‍റൂഫിനെ ടാറ്റ വിപണിയിലെത്തിച്ചത്. ആയതിനാല്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും. എന്നാല്‍ സണ്‍റൂഫിന് 95,066 രൂപയാണ് കമ്പനി വില ഈടാക്കുന്നത്.

ജെനീവയില്‍ നടന്ന ഓട്ടോഷോയില്‍ ഹാരിയറിന്റെ 7 സീറ്റര്‍ പതിപ്പും ടാറ്റ അവതരിപ്പിച്ചിരുന്നു. നിലവിലെ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള രൂപകല്‍പ്പന തന്നെയായിരിക്കും 7 സീറ്റര്‍ പതിപ്പും വിപണിയിലെത്തുക. ഈ വാഹനം ഒരേ വകഭേദത്തിലുള്ളതാണെങ്കിലും വലിയ വീലുകളും ടയറുകളുമായിരിക്കും ഉണ്ടാവുക.

കൂടാതെ മൂന്നാം നിര സീറ്റുകല്‍ ഉല്‍പ്പെടുത്തുന്നതിനായി നീളമുള്ള പിന്‍ ക്വാര്‍ട്ടര്‍ ഗ്ലാസുകളും വലിപ്പം കൂടിയ ഇന്റീരിയറുമായിരിക്കും ഇതിനുണ്ടാവുക. 2.0 മള്‍ട്ടിജെറ്റ് എഞ്ചിന്‍ തന്നെയാകും 7 സീറ്ററിലും ടാറ്റ ഉള്‍പ്പെടുത്തുക. എന്നാല്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന രീതിയിലായിരിക്കും എഞ്ചിന്റെ പ്രവര്‍ത്തനം.

നിലവില്‍ 13 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ വില. എംജി ഹെക്ടർ, മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ എന്നീ വാഹനങ്ങളാണ് ഹാരിയറിന്റെ വിപണിയിലെ എതിരാളികള്‍. കൂടാതെ വരാനിരിക്കുന്ന കിയ സെൽറ്റോസും ഈ ശ്രേണിയില്‍ ഹാരിയറിന് വെല്ലുവിളി ഉയര്‍ത്തും.


Click it and Unblock the Notifications








