അഞ്ച് മാറ്റങ്ങളുമായി ടാറ്റ ഹാരിയര്‍ ഉടന്‍ എത്തും
ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രിയ മോഡലായി മാറിയ ടാറ്റ ഹാരിയര്‍ പ്രധാന അഞ്ച് മാറ്റങ്ങളുമായി ഉടനെത്തും. ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയറിനെ അവതരിപ്പിച്ചത്.

ഹാരിയറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് 2020 ന്റെ തുടക്കത്തില്‍ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. മലിനീകരണ നിരോധന ചട്ടങ്ങള്‍ അനുസരിച്ച് പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ടാറ്റ പുറത്തിറക്കുക. ഇതിനകം ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

സണ്‍റൂഫ്
അതീവ മത്സരം നടക്കുന്ന ശ്രേണിയില്‍ ചില പുതിയ മാറ്റങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ഹാരിയറില്‍ സണ്‍റൂഫ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സണ്‍ റൂഫ് ഫലപ്രദമല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇതിനോടുള്ള പ്രിയമാണ് ഈ ഒരു ഘടകം വാഹനത്തില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി തയ്യാറായത്.

കരുത്തേറിയ എഞ്ചിന്‍
ടാറ്റ പരിഷ്‌ക്കരിച്ച ഫിയറ്റിന്റെ 2 ലിറ്റര്‍ ക്രൈയോട്ടെക് എഞ്ചിനാണ് ഹാരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതേ എഞ്ചിന്‍ തന്നെയാണ് എംജി ഹെക്ടറിനും ജീപ്പ് കോമ്പസിനും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കരുത്തേകുന്നത്. നിലവില്‍ 140 ps പവറില്‍ 350 Nm Torque വാഹനം
ഉത്പാദിപ്പിക്കും. എന്നാല്‍ പരിഷ്‌ക്കരിച്ച പതിപ്പില്‍ എംജി ഹെക്ടറും ജീപ്പ് കോമ്പസും നല്‍കുന്ന 173 ps -350 Nm കരുത്ത് ഹാരിയര്‍ നല്‍കും.

ഓട്ടോമാറ്റിക് പതിപ്പ്
സമീപകാലത്തായി ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ കൂടുതലാണ്. എങ്കിലും 6 സ്പീഡ് മാനുവല്‍ പതിപ്പ് മാത്രമായിരുന്നു ഹാരിയറിന് വിപണിയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ പതിപ്പില്‍ 6 ഗിയര്‍ ഓട്ടോമാറ്റിക് പതിപ്പുകളും ടാറ്റ പുറത്തിറക്കും. ഹ്യുണ്ടായില്‍ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഹാരിയറില്‍ ഉപയോഗിക്കുക. ജെനീവയില്‍ നടന്ന മോട്ടോര്‍ ഷോയില്‍ കമ്പനി ഇക്കാര്യം പുറത്തുവിട്ടിരുന്നു. ഹ്യുണ്ടായിയുടെ ട്യൂസണ്‍ ഡീസലിലും ഇതേ സംവിധാനമാണ് ഉപയോഗിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍
1.6 ലിറ്റര്‍ പെട്രോള്‍ മോഡലും പുത്തന്‍ പതിപ്പില്‍ ഉണ്ടാകുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിയറിന്റെ പുതിയ പെട്രോള്‍ എഞ്ചിന്റെ
പണിപുരയിലാണ് ടാറ്റ. ഡയറക്ട് ഇന്‍ജക്ഷന്‍ എഞ്ചിനില്‍ 150 bhp കരുത്തായിരിക്കും വാഹനം സൃഷ്ടിക്കുക. ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ആദ്യഘട്ടത്തില്‍ ഹാരിയറില്‍ ഉള്‍പ്പെടുത്തുക.

മികച്ച മൈലേജ്
ഹാരിയറിന്റെ ഉത്പാദനത്തിലേക്ക് കടക്കുമ്പോള്‍ മികച്ച രീതിയില്‍ വാഹനത്തെ പരിഷ്‌ക്കരിക്കുമെന്നും നിലവിലെ പതിപ്പിനെക്കാള്‍ കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. നിലവിലെ 2.0 ലിറ്റര്‍ എഞ്ചിന്‍ പരിഷ്‌ക്കരിക്കുന്നതിനാല്‍ കൂടുതല്‍ ഇന്ധന ക്ഷമത ലഭിക്കും. കൂടാതെ വാഹനം സുഗമമായ രീതിയില്‍ കൈകാര്യം ചെയ്യാനും ഇതിലൂടെ സാധിക്കും.


Click it and Unblock the Notifications








