പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു
നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍.

നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി 2019 ഡിസംബര്‍ 20 മുതല്‍ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

21,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. XM, XZ+ and XZ+ LUX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെയാണ് കമ്പനി അവകാശപ്പെടുന്നത്. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതുക്കിയ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്, പുതിയ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് എന്നിവയാണ് ഇലക്ട്രിക്ക് പതിപ്പിന്റെ സവിശേഷതകള്‍.

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലും, ഗിയര്‍നോബും അകത്തളത്തെ സവിശേഷതകളാണ്.
Most Read: ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡ്രൈവിങ് മോഡുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
Most Read: അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ സുരക്ഷയ്ക്കായി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
Most Read: ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

മുംബൈ, പൂനെ, ഡല്‍ഹി, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരൂ എന്നിവിടങ്ങളിലാകും വാഹനം ആദ്യ നാളുകളില്‍ വില്‍പ്പനയ്ക്ക് എത്തുക. എന്നാല്‍ പിന്നീട് ഘട്ടംഘട്ടമായി മറ്റ് നരഗങ്ങളിലും അവതരിപ്പിക്കാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








