പോളോ, അമിയോ, വെന്റോ കാറുകളുടെ ലോകകപ്പ് എഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍
കായിക ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2019 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. ഇതോടനുബന്ധിച്ച് പോളോ, അമിയോ, വെന്റോ കാറുകളുടെ ലോകകപ്പ് എഡിഷന്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കാറുകളുടെ 'കപ്പ് എഡിഷന്‍' കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല #GermanyCheersForIndia എന്ന പരസ്യ ക്യാംപയിനും കാറുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ പോളോ 6.49 ലക്ഷം രൂപ, അമിയോ 6.19 ലക്ഷം രൂപ, വെന്റോ 9.24 ലക്ഷം രൂപ എന്നിങ്ങനെയാണ് കപ്പ് എഡിഷനുകളുടെ വില.

ദില്ലി എക്‌സ്ഷറൂം പ്രകാരമാണ് എല്ലാ വിലകളും. പ്രധാനമായും കടുത്ത ക്രിക്കറ്റ് ആരാധകരെ ലക്ഷ്യം വെച്ചാണ് കപ്പ് എഡിഷന്‍ കാറുകള്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഒരു ക്രിക്കറ്റ് ഇവന്റുമായി ബന്ധപ്പെട്ട് കമ്പനി സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. മുമ്പ് നിരയിലെ കാറുകളുടെ IPL (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) എഡിഷനുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

സാധാരണ മോഡലുകളില്‍ നിന്നും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും കപ്പ് എഡിഷനിലില്ല. എങ്കിലും ചില പരിഷ്‌കരണങ്ങളും ഫീച്ചറുകളും കപ്പ് എഡിഷനുകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

വശങ്ങളില്‍ കപ്പ് എഡിഷന്‍ ലോഗോ പതിഞ്ഞിരിക്കുന്നു. ക്രോം ആവരണത്തിലാണ് ഡോറിന് തൊട്ട് മുന്നില്‍ പതിഞ്ഞിരിക്കുന്ന കപ്പ് എഡിഷന്‍ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Most Read: മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

ലോകകപ്പിന്റെ ആവേശം കാറിന്റെ ഇന്റീരിയറിലും എത്തിച്ചിരിക്കുന്നു കമ്പനി. ഇന്ത്യന്‍ ജഴ്‌സിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സീറ്റുകളുടെ ഡിസൈന്‍.
Most Read: ഇടി പരീക്ഷയില്‍ തിളങ്ങി ഹോണ്ട അമേസ്, കിട്ടിയത് നാലു സ്റ്റാര്‍

വശങ്ങളില്‍ ഡോറുകള്‍ക്ക് താഴെയായും കപ്പ് എഡിഷനെ വ്യത്യസ്തമാക്കുന്ന രീതിയിലുള്ള ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ഇവിടെയും തെളിഞ്ഞു കാണാം.
Most Read: ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് - എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

വ്യത്യസ്തമായ അലോയ് വീലുകളാണ് മൂന്ന് കപ്പ് എഡിഷന്‍ മോഡലുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്. പോളോയ്ക്ക് റാസോര്‍ അലോയ് വീലുകളും, അമിയോയ്ക്ക് ടോസ അലോയ് വീലുകളും, വെന്റോയ്ക്ക് ലിനാസ് അലോയ് വീലുകളുമാണുള്ളത്.

15 ഇഞ്ച് വലുപ്പമുള്ളതാണ് ഈ അലോയ് വീലുകളെല്ലാം. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ കപ്പ് എഡിഷനുകളുടെ ഹൃദയം. ഇത് 76 bhp കരുത്തും 95 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.

മറുഭാഗത്ത് 1.6 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വെന്റോ കപ്പ് എഡിഷനില്‍ തുടിക്കുന്നത്. ഇത് 105 bhp കരുത്തും 153 Nm torque ഉം കുറിക്കുന്നതാണ്. അഞ്ച് സ്പീഡാണ് കപ്പ് എഡിഷനിലെ ഗിയര്‍ബോക്‌സ്. നിലവില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ കപ്പ് എഡിഷന്‍ കാറുകള്‍ വില്‍പ്പനയ്ക്കുള്ളൂ. ഇവയുടെ ഡീസല്‍ പതിപ്പുകള്‍ ഉടനെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.


Click it and Unblock the Notifications








