ആറ് മോഡലുകളിലായി ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വേർണ എത്തും
വേർണയുടെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. നിലവിലുള്ള മോഡലിനേക്കാൾ മികച്ച പരിഷ്ക്കരണവുമായാണ് വാഹനം വിപണിയിൽ എത്താനിരിക്കുന്നത്.

കൂടാതെ പുതിയ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകളും ഫെയ്‌സ്‌ലിഫ്റ്റ് വേർണയിൽ ഇടംപിടിക്കും. നവീകരിച്ച സി-സെഗ്മെന്റ് സെഡാന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ടോക്കൺ തുകയായി സ്വീകരിക്കുന്നത്.

വരാനിരിക്കുന്ന മോഡലിന്റെ മോഡൽ തിരിച്ചുള്ള എഞ്ചിൻ സവിശേഷതകൾ ഇപ്പോൾ ഹ്യുണ്ടായി ഔദ്യോഗികമായി വെളിപ്പെടുത്തി. പെട്രോൾ മോഡൽ S, SX, SX (O) വകഭേങ്ങളിലും ഡീസൽ പതിപ്പ് S+, SX, SX (O) എന്നീ മൂന്ന് പതിപ്പുകളിലും വാഗ്‌ദാനം ചെയ്യും.

പെട്രോളിലെ S മോഡലും ഡീസലിലെ S+ പതിപ്പും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം ജോടിയക്കും. മറുവശത്ത്, SX പെട്രോളിനായി ഒരു ഓപ്ഷണൽ സിവിടിയും ഡീസൽ മോഡലിന് ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും.

ഉയർന്ന SX (O) വകഭേദത്തിന് SX-ന് സമാനമായ എഞ്ചിൻ, ഗിയർബോക്‌സുകളിൽ ലഭ്യമാകുമെങ്കിലും 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് ഡിസിടി ഉപയോഗിച്ച് മാത്രമേ വാഗ്‌ദാനം ചെയ്യുകയുള്ളൂ.

എഞ്ചിൻ സവിശേഷതകൾ കൂടാതെ, വരാനിരിക്കുന്ന വേർണ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകുന്ന പെയിന്റ് സ്കീമുകളും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. ഫിയറി റെഡ്, ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, സ്റ്റാർറി നൈറ്റ് എന്നിങ്ങനെ ആറ് കളറുകളിൽ വാഹനം വിപണിയിൽ ഇടംപിടിക്കും.

നൂതന കണക്റ്റിവിറ്റി സവിശേഷതകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ സി-സെഗ്മെന്റ് സെഡാനാണ് ഹ്യുണ്ടായി വേർണ. ഫെയ്‌സ‌്‌ലിഫ്റ്റ് പതിപ്പ് മാർച്ച് 26 ന് വിൽപ്പനയ്‌ക്കെത്തിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

റഷ്യയിൽ വിൽപ്പനക്കെത്തുന്ന ഏറ്റവും പുതിയ സോളാരിസ് സെഡാനുമായി ഏറെ സാമ്യമുണ്ട് 2020 വേർണക്ക്. പുതിയ ഫോഗ് ലാമ്പ് ഹൗസിംഗും സെൻട്രൽ എയർ ഡാമും ഉൾക്കൊള്ളുന്ന പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ പുതുതായി രൂപകൽപ്പന ചെയ്‌ത ബമ്പറിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് വാഹനത്തെ ഏറെ ആകർഷകമാക്കുന്നു.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ബ്ലാക്ക് ക്രോമിൽ പൂർത്തിയാക്കിയ കാസ്കേഡിംഗ് ഗ്രിൽ, ചുവന്ന ആക്സന്റുകളും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ഉള്ള കറുത്ത ഇന്റീരിയറുകൾ എന്നിവ വാഹനത്തിലെ മാറ്റങ്ങളാണ്.

വേർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില കൊറിയൻ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ എതിരാളികളുമായി കിടപിടിക്കാൻ നിലവിലുള്ള മോഡലിന് സമാനമായി വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് വേർണയുടെ എക്സ്ഷോറൂം വില 8.17 ലക്ഷം മുതൽ 14.07 ലക്ഷം രൂപ വരെയാണ്.

പുറത്തിറങ്ങുമ്പോൾ, സി-സെഗ്മെന്റ് സെഡാൻ വരാനിരിക്കുന്ന പുതിയ തലമുറ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്കോഡ റാപ്പിഡ് എന്നിവയ്‌ക്കെതിരെ വിപണിയിൽ മത്സരിക്കും.


Click it and Unblock the Notifications








