എട്ട് മാസത്തിനുള്ളിൽ മാരുതി വിറ്റഴിച്ചത് 22,000 XL6 യൂണിറ്റുകൾ
ജനപ്രിയ മോഡലായ എർട്ടിഗയെ അടിസ്ഥാനമാക്കി എത്തിയ പ്രീമിയം ആറ് സീറ്റർ എംപിവി XL6-ന്റെ വിൽപ്പനയിൽ പുതിയ നേട്ടം കൈവരിച്ച് മാരുതി സുസുക്കി. വിപണിയിൽ എത്തി എട്ടുമാസത്തിനുള്ളിൽ രാജ്യത്ത് വിറ്റഴിച്ചത് 22,000 യൂണിറ്റ് XL6 മോഡലുകളാണ്.

പൂർണമായും എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും XL6 ക്രോസ്ഓവർ പതിപ്പിന് കുറച്ച് സവിശേഷമായ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ലഭിക്കുന്നു. ചെറുതായി പരിഷ്ക്കരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, ബീഫിയർ ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവയ്‌ക്കൊപ്പം വലിയ ഗ്രില്ലും വാഹനത്തിന്റെ മുൻവശത്ത് ഇടംപിടിക്കുന്നു.

ഇതിനുപുറമെ 15 ഇഞ്ച് അലോയ് വീലുകളും കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന മിറർ ക്യാപ്‌സും റൂഫ് റെയിലുകളും പ്ലാസ്റ്റിക് സൈഡ് ബോഡി ക്ലാഡിംഗും XL6-നെ കൂടുതൽ പ്രീമിയവും വ്യത്യസ്‌തവുമാക്കുന്നു. ഏഴ് സീറ്റുകളുള്ള എർട്ടിഗയുടെ ബീജ് ക്യാബിൻ തീമുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലാക്ക്ഔട്ട് അകത്തളമാണ് XL6-ൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

രണ്ടാമത്തെ വരിയിലെ ബെഞ്ച് സീറ്റിംഗിന് പകരമായി രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ മാരുതിയുടെ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന XL6 ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർ സീറ്റിനായി ഉയരം ക്രമീകരണം, ക്രൂയിസ് കൺട്രോൾ, റിയർ എയർ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ എന്നിവയും കാറിൽ ഉൾക്കൊള്ളുന്നു.

കോൺ വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഉപയോഗിച്ചുള്ള കീലെസ് എൻട്രിയും പ്രീമിയം ക്രോസ്ഓവർ എംപിവിയുടെ വ്യത്യസ്‌ത സ്വഭാവത്തെ എടുത്തുകാണിക്കുന്നു. എർട്ടിഗയ്‌ക്കൊപ്പം വാഗ്‌ദാനം ചെയ്യുന്ന അതേ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് XL6-നും കരുത്തേകുന്നത്.

ഈ എഞ്ചിൻ പരമാവധി 105 bhp പവറും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇത് ജോടിയാക്കുന്നു. കൂടാതെ ഓപ്‌ഷണലായി 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും തെരഞ്ഞടുക്കാൻ സാധിക്കും. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന മാരുതി സുസുക്കിയുടെ SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും XL6-ന് ലഭിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ മാരുതി സുസുക്കി XL6 പ്രീമിയം ക്രോസ്ഓവർ എംപിവിയിൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ് ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇഎസ്പി, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയൊക്കെയാണ് ഒരുക്കിയിരിക്കുന്നത്.

മെറ്റാലിക് പ്രീമിയം സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ ബ്രേവ് ഖാക്കി, പ്രൈം ആബർൺ റെഡ്, പേൾ ആർട്ടിക് വൈറ്റ്, നെക്‌സ ബ്ലൂ എന്നീ ആറ് കളർ ഓപ്ഷനുകളിൽ XL6 തെരഞ്ഞെടുക്കാൻ സാധിക്കും.

എർട്ടിഗയിൽ നിന്ന് വ്യത്യസ‌്തമായി മാരുതി XL6 അതിന്റെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ നിന്ന് മാത്രമാണ് വിൽപ്പന നടത്തുന്നത് പ്രീമിയം എംപിവി രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. 9.84 ലക്ഷം മുതൽ 11.51 ലക്ഷം വരെയാണ് കാറിന്റെ എക്സ്ഷോറൂം വില. മഹീന്ദ്ര മറാസോയാണ് വാഹനത്തിന്റെ വിപണിയിലെ പ്രധാന എതിരാളി.


Click it and Unblock the Notifications








