ബിഎസ്-VI ഫോർഡ് ഫ്രീസ്റ്റൈൽ ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്
അമേരിക്കൻ കാർ ബ്രാൻഡായ ഫോർഡ് ആഭ്യന്തര വിപണിയിലെ തങ്ങളുടെ കാറുകളെയെല്ലാം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ മിക്ക നിർമാതാക്കളും തങ്ങളുടെ പുതിയ ബിഎസ്-VI മോഡലുകളെ ഇതിനോടകം തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 2020 ഏപ്രിൽ ഒന്നിനാണ് പുതിയ മലിനീകരണ നിയമം രാജ്യത്ത് നിലവിൽ വരിക.

അതിനു മുന്നോടിയായി ഫിഗോ സ്റ്റാൻഡേർഡ് ഹാച്ച്ബാക്ക്, ഫ്രീസ്റ്റൈൽ ക്രോസ്-ഹാച്ച്, ആസ്പയർ കോംപാക്‌ട് സെഡാൻ എന്നിവ ഉൾപ്പെടുന്ന ഫിഗോ ശ്രേണിയെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫോർഡ്. അതിന്റെ ഭാഗമായി പുതിയ ബിഎസ്-VI മോഡലുകളുടെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു.

ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണംയോട്ടം നടത്തിയ പുതിയ 2020 ഫോർഡ് ഫ്രീസ്റ്റൈൽ ബിഎസ്-VI മോഡലിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കറുത്ത അലോയ് വീലുകൾ ഒഴികെ ഫ്രീസ്റ്റൈലിന്റെ രൂപകൽപ്പനയിൽ ഒരു മാറ്റങ്ങളും ഫോർഡ് വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും വിപണിയിൽ ‘2020 MY' എന്ന വിശേഷണത്തോടു കൂടിയെത്തുന്ന എത്തുന്ന അന്തിമ പതിപ്പിനോട് നീതി പുലർത്തുന്നതിനായി കുറച്ച് കൊസ്മെറ്റിക് പിരഷ്ക്കരണങ്ങൾ നൽകാൻ കമ്പനി തയ്യാറായേക്കും. ഒപ്പം പുതിയ ഫീച്ചറുകളും ഫോർഡ് ഉൾക്കൊള്ളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോർഡ് ഇന്ത്യ ഇതിനകം തന്നെ 2020 ഇക്കോസ്പോർട്ട് കോംപാക്ട് എസ്‌യുവിയുടെ ബിഎസ്-VI മോഡലിനെ 8.04 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയിട്ടുണ്ട്.

കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിൾ (സിയുവി) എന്ന് വിളിക്കപ്പെടുന്ന ഫോർഡ് ഫ്രീസ്റ്റൈലിനെ ഫിഗോ ഹാച്ച്ബാക്കിന്റെ വലിയ അവതാരമായി കണക്കാക്കാനാവില്ല. വാസ്തവത്തിൽ ഫോർഡ് ഇന്ത്യയിലെ എഞ്ചിനീയർമാർ ഫ്രീസ്റ്റൈലിന്റെ സസ്പെൻഷനും മറ്റ് ഡ്രൈവിംഗ് ഘടകങ്ങളും ട്യൂൺ ചെയ്ത് വ്യത്യസ്തമായ ഡ്രൈവിംഗ് അനുഭവം സൃഷ്ടിക്കുന്നതിന് പ്രാപ്തമാക്കിയ വാഹനമാണ്.

എല്ലായ്പ്പോഴും വില കുറഞ്ഞ കാറുകൾ രസകരമാംവിധം നിർമ്മിക്കുന്ന കലയിൽ പ്രാവീണ്യം നേടിയിട്ടുള്ളവരാണ് ഫോർഡ് ഇന്ത്യ. ഫ്രീസ്റ്റൈൽ ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.

നിലവിലെ ബിഎസ്-IV പതിപ്പിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഫോർഡ് ഫ്രീസ്റ്റൈൽ വിപണിയിൽ എത്തുന്നു. 1.2 ലിറ്റർ NA ത്രീ സിലിണ്ടർ ഡ്രാഗൺ പെട്രോൾ എഞ്ചിൻ 95 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അതേസമയം 1.5 ലിറ്റർ നാല് സിലിണ്ടർ TDC ഡീസൽ യൂണിറ്റ് 99 bhp കരുത്തിൽ 215 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും സ്‌മൂത്ത് ഷിഫിറ്റിംഗ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുന്നതിനുള്ള സമയപരിധി അടുത്തുകൊണ്ടിരിക്കുന്നതിനാൽ ഫോർഡ് ഇന്ത്യ പുതുക്കിയ ഫ്രീസ്റ്റൈൽ അടുത്ത മാസം വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോർഡ് ഫ്രീസ്റ്റൈൽ ക്രോസ്-ഹാച്ച് പ്രധാനമായും ഹ്യുണ്ടായി i20 ആക്‌ടീവ്, ടൊയോട്ട എത്തിയോസ് ക്രോസ് എന്നിവയോടാണ് വിപണിയിൽ മത്സരിക്കുന്നത്. നിലവിൽ എൻട്രി ലെവൽ പെട്രോൾ വകഭേദത്തിന് 5.91 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2020 ഫോർഡ് ഫ്രീസ്റ്റൈൽ ബിഎസ്-VI ന് വില വർധിക്കുമെന്ന് ഉറപ്പാണ്.
Source: Rushlane


Click it and Unblock the Notifications








