വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ സമ്മാനിച്ച് ഹ്യുണ്ടായി; വില 8.09 ലക്ഷം രൂപ
ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. പുതിയ എഞ്ചിന്‍ കരുത്തില്‍ വെന്യുവിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് വെന്യുവിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 8.09 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. കിയ സെല്‍റ്റോസില്‍ നിന്നാണ് ഈ എഞ്ചിന്‍ എടുത്തിരിക്കുന്നത്. ഈ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

എന്നാല്‍ വെന്യുവിലേക്ക് എഞ്ചിന്‍ നല്‍കുമ്പോള്‍ കരുത്തും ടോര്‍ഖും കുറഞ്ഞേക്കും. വെന്യുവില്‍ എത്തുമ്പോള്‍ ഈ എഞ്ചിന്‍ 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ തന്നെയാണ് ഗിയര്‍ബോക്സ്.

നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ തന്നെ പുതിയ ക്രെറ്റയിലും, വെര്‍ണയിലും ഇടംപിടിച്ചേക്കുമെന്നും സൂചനകളുണ്ട്. പുതിയ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചതോടെ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വെന്യുവിന്റെ മുഖ്യഎതിരാളിയായ വിറ്റാര ബ്രെസയുടെ വില്‍പ്പന തടയിടുകയാണ് പുതിയ ഡീസല്‍ എഞ്ചിന്‍ പതിപ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ ഡീസല്‍ ബ്രെസയുടെ വില്‍പ്പന മാരുതി അവസാനിപ്പിച്ചിരുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ബ്രെസ ഇനി വില്‍പ്പനയ്ക്ക് എത്തുക.

15 -ാം മത് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് പുതിയ ബ്രെസ് ഉടന്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വിപണിയില്‍ എത്തിയ ആദ്യനാളുകളില്‍ വിറ്റാര ബ്രെസയുടെ വില്‍പ്പനയെ മറികടക്കാന്‍ വെന്യുവിലൂടെ ഹ്യുണ്ടായിക്ക് സാധിച്ചിരുന്നു.

പുതിയ എഞ്ചിന്‍ നല്‍കി എന്നതല്ലാതെ മറ്റ് പരിഷ്‌കാരങ്ങള്‍ക്കൊന്നും വെന്യു വിധേയമായിട്ടില്ല. വെന്യുവിലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്. നിരവധി പുതുമകളോടെയാണ് വാഹനം പോയവര്‍ഷം വിണിയില്‍ എത്തിയത്. കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം.

50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയും കമ്പനി വര്‍ധിപ്പിച്ചിരുന്നു. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഇതില്‍ S വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും. പെട്രോളിന് 6.70 ലക്ഷം രൂപ മുതലും ഡീസലിന് 8.09 ലക്ഷം രൂപ മുതലുമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്ലൂലിങ്ക് കണക്ടിവിറ്റിയാണ് വാഹനത്തിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും.


Click it and Unblock the Notifications








