ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിലെ അഞ്ച് പ്രധാന മാറ്റങ്ങൾ
ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ സുരക്ഷ വാഗ്‌ദാനം ചെയ്യുന്ന കാറുകളിൽ ഒന്നാണ് ടാറ്റയുടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ നെക്സോൺ. ജനപ്രിയ മോഡലിനെ അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

പുനർരൂപകൽപ്പന ചെയ്‌ത മുൻവശം, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ തുടങ്ങീ നിരവധി അനവധി മാറ്റങ്ങളാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇടംപിടിക്കുന്നത്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ടാറ്റ നെക്സോണിന് ലഭിക്കുന്ന ചില പ്രധാന മാറ്റങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

1. ഡിസൈൻ
രൂപകൽപ്പനയുടെ കാര്യത്തിൽ, 2020 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് വാഹനത്തിന്റെ ഇലക്ട്രിക് മോഡലിന് സമാനമാണ്. പ്രധാനമായും വാഹനത്തിന്റെ മുൻവശത്തെ നവീകരണമാണ് പ്രധാന ആകർഷണം. ഇതിന് ഒരു നേർത്ത ഗ്രിൽ, ഒരു ആർട്ടിഫിഷ്യൽ സ്‌കിഡ് പ്ലേറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്‌ത ബമ്പർ, എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

പിൻവശത്ത് പുതിയ ബമ്പറിനൊപ്പം ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. നെക്സോൺ ബാഡ്‌ജിംഗ് ഇപ്പോൾ ടാറ്റ ചിഹ്നത്തിന് കീഴിലായി മധ്യഭാഗത്ത് സ്ഥാനംപിടിച്ചിരിക്കുന്നു. പുതിയ സ്റ്റൈലിഷ് ഡയമണ്ട് കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകളും കാറിന്റെ നവീകരണത്തിൽ ഉൾപ്പെടുന്നു.

2. ബിഎസ്-VI കംപ്ലയിന്റ്
നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന് സമാനമായ 1.2 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നിരുന്നാലും എഞ്ചിനുകൾ പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി ടാറ്റ പരിഷ്ക്കരിച്ചിട്ടുണ്ട്.

പെട്രോൾ യൂണിറ്റ് പരമാവധി 110 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് 110 bhp കരുത്തിൽ 260 Nm torque സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

3. ഇന്റീരിയർ
വാഹനത്തിന്റെ അകതത്ളത്ത്, പുതിയ നെക്സോൺ ഒരു പുതിയ ലെതറിൽ പൊതിഞ്ഞ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിൽ നിന്ന് കടമെടുത്തതായി തോന്നുന്നു. കാറിന് ഇപ്പോൾ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നുണ്ട്. കൂടാതെ ടാറ്റ സീറ്റുകളിൽ പുതിയ അപ്ഹോൾസ്റ്ററിയും ഉൾപ്പെടുത്തിയാണ് വിപണിയിൽ എത്തിക്കുന്നത്.

4. ഫീച്ചറുകൾ
ടാറ്റയുടെ iRA കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയാണ് 2020 നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റൊരു പ്രധാന ആകർഷണം. സമർപ്പിത അപ്ലിക്കേഷന്റെ സഹായത്തോടെ HVAC, ലോക്ക്- അൺലോക്ക്, ലൊക്കേറ്റ ദി കാർ, കാർ ഡ്രൈവിംഗ് കണ്ടീഷൻസ്, ലൈവ് ലൊക്കേഷൻ എന്നിവ പോലുള്ള സവിശേഷതകൾ നിയന്ത്രിക്കാൻ ഈ സാങ്കേതികവിദ്യ ഉപഭോക്താക്കളെ സഹായിക്കുന്നു.

5. വില
നിലിവിൽ വിപണിയിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പെട്രോൾ മോഡലുകൾക്ക് ഏകദേശം 22,000 രൂപയുടെ വർധനവും ഡീസൽ വകഭേദങ്ങൾക്ക് 55,000 രൂപ കൂടുതലുമാണ് വില.

അതായത് ഏറ്റവും ഉയർന്ന ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് 12.7 ലക്ഷം രൂപയും സബ് കോംപാക്‌ട് എസ്‌യുവിയുടെ അടിസ്ഥാന പെട്രോൾ മാനുവൽ മോഡലിന് 6.95 ലക്ഷം രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില.


Click it and Unblock the Notifications








