സെൽറ്റോസിന് പിന്നാലെ ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഹ്യുണ്ടായി ക്രെറ്റയും
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഇലക്‌ട്രിക് വാഹനങ്ങളെ പ്രേത്സാഹിപ്പിക്കുകയാണ് അതത് സർക്കാരുകൾ. ജനപ്രിയ മോഡലായ സെൽറ്റോസ് എസ്‍യുവിയുടെ ഇവി പതിപ്പും കിയ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അത് ഇന്ത്യയിലും വിൽപ്പനക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനയും. ഹ്യുണ്ടായി കോന ഇലക്‌ട്രിക്കിന് താഴെയായി ഇത് സ്ഥാനംപിടിക്കും. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് വിപണിയിൽ ഒരു പുതിയ ഓപ്ഷനാകും സെൽറ്റോസ് ഇവി. എന്നാൽ ക്രെറ്റയും ഇവി മോഡലുമായി അവതരിക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം.

രണ്ട് എസ്‌യുവികളും ഒരേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമാണ്. കൂടാതെ ഒരേ എഞ്ചിൻ ഓപ്ഷനുകൾ പോലുമാണ് അണിനിരത്തുന്നത് എന്നും ശ്രദ്ധേയമാണ്. തീർന്നില്ല ഫീച്ചറുകളുടെ കാര്യത്തിലും ക്രെറ്റയും സെൽറ്റോസും സമാനമായ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പറഞ്ഞുവരുന്നത് എന്തെന്നാൽ സെൽറ്റോസ് ഇലക്ട്രിക്കായി പരിണമിച്ചാൽ ക്രെറ്റയും ഇതേ പാത പിന്തുടർന്നേക്കും.

വാസ്‌തവത്തിൽ ഹ്യുണ്ടായി കോണയ്ക്ക് താഴെയായി ഒരു ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കും. വളരെ വ്യക്തമായി പറഞ്ഞാൽ ഇതിനോടകം തന്നെ വിജയമായി തീർന്ന ഒരു മോഡലിന്റെ ചെലവ് കുറഞ്ഞ ഇലക്‌ട്രിക് പതിപ്പ് വിൽപ്പനക്ക് എത്തിച്ചാൽ വിപണിയിൽ ഹ്യുണ്ടായിക്ക് മേൽകൈ നേടാനാകും.

ക്രെറ്റ അതിന്റെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും കിയ സെൽറ്റോസുമായി പങ്കിടും. ഇത് നിരോ ഇവിയിൽ നിന്ന് കടമെക്കുന്നതായതിനാൽ മറ്റ് അധിക ചെലവുകൾ കുറവായിരിക്കും. സെൽറ്റോസ് ഇലക്ട്രിക്കിന്റെ ഉത്പാദനം 2020 ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അതിന്റെ പ്രാദേശിക വിക്ഷേപണം 2022-ൽ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഇതേ സമയത്തുതന്നെ ക്രെറ്റയും ഇവി പതിപ്പിലേക്ക് ചുവടുവെക്കും. ഈ വർഷാവസാനം ഹ്യുണ്ടായി ക്രെറ്റ ഇലക്‌ട്രിക് എത്തുന്ന ആദ്യത്തെ വിപണിയാകും ചൈന. 356 വോൾട്ട്, 64 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ നിന്നാണ് കിയ നിരോ ഇവിക്ക് കരുത്ത് ലഭിക്കുന്നത്.

ഇത് പരമാവധി 204 bhp കരുത്തും 395 Nm torque ഉത്പദിപ്പിക്കാൻ ശേഷിയുള്ളവയാണ്. കമ്പനി പറയുന്നതനുസരിച്ച് പൂർണ ചാർജിൽ 455 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് ലഭിക്കുക. ദൃശ്യപരമായി നോക്കിയാൽ ഇലക്ട്രിക് പതിപ്പ് ക്രെറ്റ സ്റ്റാൻഡേർഡ് പതിപ്പുമായി കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല.

അടുത്തിടെ ടാറ്റയും എംജിയും എല്ലാം കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ചതോടെ ഈ ശ്രേണിയിലും മത്സരം കടുപ്പമേറിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ കുറഞ്ഞ വിലയില്‍ ഒരു ഇവി അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ക്രെറ്റ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ICE അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലാകും ഇലക്ട്രിക് വാഹനത്തെ നിർമിക്കുകയെന്നാണ് സൂചന. ക്രെറ്റയ്ക്ക് ഇവി പതിപ്പ് നൽകിയില്ലെങ്കിൽ ദക്ഷിണ കൊറിയൻ നിർമാതാക്കൾ ഒരു പുതിയ പേരിൽ ഇലക്‌ട്രിക്കിനെ വിപണിിൽ പരിചയപ്പെടുത്തിയേക്കും.


Click it and Unblock the Notifications








