ഓട്ടോ എക്സ്പോ 2020: ബിഎസ്-VI കരുത്തിൽ ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്
നീണ്ടനാളെത്തെ കാത്തിരിപ്പിന് ശേഷം ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. ഓട്ടോ എക്സ്പോയിലാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

എസ്‌യുവിയുടെ പുറംമോഡിയിലും അകത്തളത്തും നിരവധി മാറ്റങ്ങൾ കൊറിയൻ നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് വാഹനത്തിന്റെ എഞ്ചിൻ പരിഷ്ക്കരിച്ചതും എടുത്തു പറയേണ്ട നവീകരണങ്ങളിൽ ഒന്നാണ്.

ഫെയ്‌സ്‌ലിഫ്റ്റഡ് ട്യൂസോൺ മാർച്ചിൽ വിപണിയിൽ എത്തുമ്പോൾ GL, GLS ഓപ്ഷൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യും. പുറമേയുള്ള മാറ്റങ്ങൾ അധികമില്ലെങ്കിലും ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ വലിയ കാസ്കേഡിംഗ് ഗ്രിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

അതോടൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ബമ്പറുകൾ, പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയ്-വീൽ ഡിസൈൻ, പുതുക്കിയ ടെയിൽലാമ്പ് എന്നിവ മിഡ്-ലൈഫ് പരിഷ്ക്കരണത്തിന്റെ മറ്റ് ഘടകങ്ങളാണ്.

ഇന്റീരിയറിലെ മാറ്റങ്ങൾ കൂടുതൽ സമഗ്രമാണ്. പൂർണമായും നവീകരിച്ച ഡാഷ്‌ബോർഡ് മാറ്റങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഡാഷ്ബോർഡിൽ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ പുതിയ എസി വെന്റുകൾ, പുതുക്കിയ സെന്റർ കൺസോൾ എന്നിവ ഇടംപിടിച്ചിരിക്കുന്നു. മുമ്പത്തെപ്പോലെ ക്രമീകരിക്കാവുന്ന റിയർ ബാക്ക്‌റെസ്റ്റുകളുള്ള ഇരിപ്പിടം അഞ്ച് പേർക്ക് മാന്യമായ യാത്ര ട്യൂസോൺ വാഗ്ദാനം ചെയ്യുന്നു.

സാങ്കേതികവിദ്യക്കൊപ്പം ട്യൂസോണിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റവും കമ്പനി മെച്ചപ്പെടുത്തി. എട്ട് രീതിയിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ് എന്നിവയാണ് എസ്‌യുവിയിലെ പുതിയ കൂട്ടിച്ചേർക്കലുകൾ.

നിലവിലുള്ള മോഡലിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ബിഎസ്-VI പതിപ്പുകൾക്കൊപ്പം ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്‌ക്കെത്തും. 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കുമ്പോൾ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ 182 bhp പവറിൽ 400 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു.

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു. പഴയ മോഡലിന്റെ 6 സ്പീഡ് യൂണിറ്റുമായി പെട്രോൾ തുടരുന്നു. എന്നാൽ ഡീസലിന് പുതിയ 8 സ്പീഡ് യൂണിറ്റ് ലഭിക്കും. ഉയർന്ന ഡീസൽ GLS വകഭേദങ്ങളിൽ മാത്രമേ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ ലഭ്യമാകൂ. ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, ഹോണ്ട സിആർ-വി എന്നീ മോഡലുകളാണ് പുതിയ ഹ്യുണ്ടായി ട്യൂസോൺ ഫെയിസ്‌ലിഫ്റ്റിന്റെ പ്രധാന എതിരാളി മോഡലുകൾ.


Click it and Unblock the Notifications








