ടർബോ പെട്രോൾ കരുത്തിലും വേർണ എത്തും, മാർച്ച് 26-ന് വിപണിയിലേക്ക്
വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ മുഴുവൻ വാഹന ശ്രേണിയും പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരം കാറുകളുടെ സ്പോട്ടിയർ പതിപ്പുകളെ അവതരിപ്പിക്കാനായും കമ്പനി വിനിയോഗിക്കുകയാണ്.

അടുത്തതായി പ്രീമിയം സി-സെഗ്‌മെന്റ് സെഡാന വിഭാഗത്തിലേക്ക് മുഖംമിനുക്കി എത്തുന്ന വേർണയുടെയും സ്പോർട്ടിയർ മോഡലിനെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന സൂചന. സ്‌പോർട് വകഭേദത്തിൽ നവീകരിച്ച സ്റ്റൈലിംഗോടുകൂടിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് സ്കീമും പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായി ജോടിയാക്കും. അതോടൊപ്പം പാഡിൽ ഷിഫ്റ്ററുകൾ സെഡാന്റെ കരുത്തും വർധിപ്പിക്കുന്നു. കമ്പനിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായ വെന്യു, കോംപാക്‌ട് സബ് 4-മീറ്റർ സെഡാനായ ഓറ, ഹാച്ച്ബാക്ക് i10 നിയോസ് തുടങ്ങിയ മോഡലുകളിൽ 1.0 ലിറ്റർ ടി-ജിഡിഐ ടർബോ-പെട്രോൾ എഞ്ചിൻ ഇതിനോടകം തന്നെ ലഭ്യമാണ്.

എന്നാൽ വേർണയിൽ ഇടംപിടിക്കുന്ന യൂണിറ്റ് 119 bhp കരുത്തും 172 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഹ്യുണ്ടായി വെന്യുവിന്റെ അതേ പവർ ഔട്ട്പുട്ടാണിത് എന്നത് ശ്രദ്ധേയം. ഇവയ്ക്ക് പുറമെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ തെരഞ്ഞെടുക്കാനാകും.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ബ്ലാക്ക് ക്രോമിൽ പൂർത്തിയാക്കിയ കാസ്കേഡിംഗ് ഗ്രിൽ, ചുവന്ന ആക്സന്റുകളും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ഉള്ള കറുത്ത ഇന്റീരിയറുകൾ എന്നിവ ടർബോ വേരിയന്റിലെ മറ്റ് മാറ്റങ്ങളാണ്.

2020 ഹ്യുണ്ടായി വേർണ ടർബോ-പെട്രോൾ ഉയർന്ന വകഭേദമായ SX(O)പതിപ്പിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ലൂ ലിങ്ക് ഇൻറർനെറ്റ് കണക്റ്റുചെയ്‌ത സവിശേഷതകൾ, പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 4.2 ഇഞ്ച് കളർ ടിഎഫ്‌ടി സ്‌ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയുൾപ്പെടെയുള്ള മികച്ച ഉപകരണങ്ങൾ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി-സെഗ്മെന്റ് സെഡാന്റെ ഫെയ്‌സ‌്‌ലിഫ്റ്റ് പതിപ്പ് മാർച്ച് 26 ന് വിൽപ്പനയ്‌ക്കെത്തും. അതിന്റെ ഭാഗമായി ആഭ്യന്തര വിപണിയിൽ 2020 വേർണക്കായുള്ള ഔദ്യോഗിക ബുക്കിംഗുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലൂടെയും ഓൺലൈനായുമായാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്.

നൂതന കണക്റ്റിവിറ്റി സവിശേഷതകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ സി-സെഗ്മെന്റ് സെഡാനെന്ന ഖ്യാതിയുമായാണ് ഹ്യുണ്ടായി വേർണ വിപണിയിലേക്ക് എത്തുന്നത്. നവീകരിച്ചെത്തുന്ന വേർണ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകൾക്കെതിരെ മത്സരിക്കുന്നത് തുടരും.

നിരവധി ഡിസൈൻ പരിഷ്ക്കരണങ്ങളുള്ള 2020 മോഡൽ റഷ്യയിൽ വിൽപ്പനക്കെത്തുന്ന ഏറ്റവും പുതിയ സോളാരിസ് സെഡാനുമായി സ്റ്റൈലിംഗ് സൂചകങ്ങൾ കടമെടുക്കുന്നു.

ആധുനിക മിഡ്-സൈസ് എസ്‌യുവികളുടെ കടന്നുകയറ്റം മൂലം സി-സെഡാൻ വിഭാഗത്തിന് സമീപകാലത്ത് വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രേണിയിലെ വിൽപ്പനയുടെ അളവ് കൂട്ടാനാണ് 2020 വേർണയുടെ ശ്രമം.


Click it and Unblock the Notifications








