സെൽറ്റോസിന്റെ വിൽപ്പനയിൽ 45 ശതമാനവും ബിഎസ്-VI ഡീസൽ
കിയ മോട്ടോർസ് കഴിഞ്ഞ വർഷം പകുതിയോടെയാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. 2019 ഓഗസ്റ്റിൽ സെൽറ്റോസ് എസ്‌യുവിയുമായി കളംചവിട്ടിയതിനു ശേഷം കഴിഞ്ഞ വർഷം മൊത്തം 45,494 യൂണിറ്റുകൾ വിറ്റഴിക്കാനും കൊറിയൻ കമ്പനിക്ക് സാധിച്ചു.

ഫോക്‌സ്‌വാഗൺ, നിസാൻ, എംജി, സ്‌കോഡ, ഫിയറ്റ് തുടങ്ങിയ ബ്രാൻഡുകളേക്കാൾ മുന്നിലാണ് ഇപ്പോൾ കിയയുടെ സ്ഥാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒമ്പതാമത്തെ കാർ നിർമാതാക്കളാണ് കിയ എന്നതും എടുത്തു പറയേണ്ട ഒന്നാണ്. മിഡ്-സൈസ് എസ്‌യുവിയെ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകളാണ് തുടക്കം മുതൽ കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്.

കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ 45.2 ശതമാനം സംഭാവന ചെയ്‌തത് ഡീസൽ വകഭേദങ്ങളാണ്. ദക്ഷിണ കൊറിയൻ ബ്രാൻഡ് കഴിഞ്ഞ വർഷം 20,574 യൂണിറ്റ് ഡീസൽ പവർ സെൽറ്റോസുകൾ വിറ്റഴിച്ചപ്പോൾ പെട്രോൾ മോഡലിന്റെ വിൽപ്പന 24,920 യൂണിറ്റായിരുന്നു.

2019 ഡിസംബർ മാസം ഒഴികെ ആഭ്യന്തര വിപണിയിൽ പ്രവേശിച്ചതുമുതൽ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ മുൻനിരയിലാണ് ഇപ്പോൾ സെൽറ്റോസിന്റെ സ്ഥാനം. 9.89 ലക്ഷം മുതൽ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

മൂന്ന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകളാണ് കിയ സെൽറ്റോസിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അടുത്തിടെ വിപണിയിൽ എത്തിയ പതുതലമുറ ഹ്യുണ്ടായി ക്രെറ്റയിലും ഇതേ എഞ്ചിൻ ഓപ്ഷനുകളാണ് ഉള്ളത്.

1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

അതേസമയം1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഉപയോഗിച്ച് ലഭ്യമാകും. ഇത് പരമാവധി 115 bhp പവറും 250 Nm torque ഉം സൃഷ്‌ടിക്കും.

1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ 140 bhp കരുത്തിൽ 242 Nm torque ഉം നൽകാൻ ശേഷിയുള്ളവയാണ്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു.

അഞ്ച് സീറ്റർ എസ്‌യുവിയായ സെൽറ്റോസിൽ ടെക് ലൈനിലും ജിടി ലൈൻ പതിപ്പുകളിലും ലഭ്യമാണ്. HT E, HT K, HT K Plus, HT X, HT X എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാണ് ടെക് ലൈനിനുള്ളത്. GT K, GT X, GT X Plus എന്നീ മൂന്ന് വകഭേദങ്ങൾ ജിടി ലൈനിൽ തെരഞ്ഞെടുക്കാം.

17 ഇഞ്ച് ഹൈപ്പർ മെറ്റാലിക് അലോയ് വീലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് ഈ മിഡ് സൈസ് എസ്‌യുവിയുടെ സവിശേഷതകളിൽ ചിലത്.

കിയയുടെ യുവിഒ കണക്റ്റിനൊപ്പം 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട്-വേ പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, എട്ട് സ്പീക്കർ ബോസ് സൗണ്ട്, 360 ഡിഗ്രി ക്യാമറ, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഡ്യുവൽ ടോൺ ഇന്റീരിയർ, ലെതറെറ്റ് സീറ്റുകൾ, സ്‌മാർട്ട് കീ പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി തുടങ്ങിയവ കിയ സെൽറ്റോസിനെ കൂടുതൽ ആകർഷകമാക്കുന്നു.


Click it and Unblock the Notifications








