ഓട്ടോ എക്സ്പോ 2020: എർട്ടിഗയെ പൂട്ടാൻ എംജി 360M എംപിവി
ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് രണ്ടും കൽപ്പിച്ചാണ് എത്തിയിരിക്കുന്നത് വ്യക്തമാണ്. എക്സ്പോയുടെ ആദ്യദിനം തന്നെ നിരവധി മുൻനിര മോഡലുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

അതിൽ ഏറ്റവും വേറിട്ടു നിന്നത് കമ്പനിയുടെ ഒരു എംപിവി മോഡലും. എംജി 360M എന്ന എംപിവി വാഹനത്തെ പ്രദർശിപ്പിച്ചപ്പോൾ ഏറെ കൌതുകത്തോടെയാണ് പുതിയ ഏഴ് സീറ്റർ വാഹനത്തെ എല്ലാവരും നോക്കിക്കണ്ടത്. ഇന്ത്യൻ വിപണിയുടെ എംപിവി പ്രേമത്തെ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കമ്പനി പുതിയ ചുവടുവെപ്പാകും ഇതിലൂടെ നടക്കുക.

എസ്‌യുവി വാഹനങ്ങളെ മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ശ്രേണിയാണ് എംപിവിയുടേത്. ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ മാരുതി എർട്ടിഗയുടെ വിൽപ്പന പിടിച്ചടുക്കുകയാണ് 360M മോഡലിലൂടെ എംജി ലക്ഷ്യമാക്കുന്നത്. എർട്ടിഗയ്ക്ക് മാത്രമല്ല ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും വെല്ലുവിളിയാണ് പുതിയ എംപിവി.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചെങ്കിലും വാഹനത്തെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി സൂചനകളൊന്നും തന്നെ നൽകിയിട്ടില്ല.

രൂപകൽപ്പനയുടെ കാര്യത്തിൽ 360M എംപിവി ശൈലിയിൽ നിറഞ്ഞു നിൽക്കുന്നു. എംജിയുടെ പരമ്പരാഗത ഹണികോമ്പ് ഗ്രിൽ പോലുള്ള പരിചിതമായ സ്റ്റൈലിംഗ് ഘടകങ്ങളാണ് കമ്പനി വാഹനത്തിൽ അണിനിരത്തുന്നത്. എംജി 360M മാരുതി സുസുക്കി എർട്ടിഗയേക്കാൾ അല്പം നീളമുള്ളതും വീതിയേറിതുമാണെങ്കിലും 7 സീറ്ററിലെ ക്യാബിൻ റൂം മാരുതിക്ക് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിന്റെ ഫീച്ചർ പട്ടിക എംജി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മറ്റ് ഓഫറുകൾക്ക് അനുസൃതമായി മികച്ച സജ്ജീകരണങ്ങളുള്ള ഇന്റീരിയർ പ്രതീക്ഷിക്കാം. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എംജി 360M ൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ ഇതിനകം തന്നെ എംജി ഹെക്ടറിന് കരുത്തേകുന്നവയാണ് എന്നത് ശ്രദ്ധേയം.

ഹെക്ടർ എസ്‌യുവിയിൽ ഇത് 143 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൂടാതെ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഒരു ഓപ്ഷനായി വരുന്നു. എംപിവി ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ, ഹെക്ടറിൽ നിന്നുള്ള ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനും ഓഫർ ചെയ്തേക്കാം.


Click it and Unblock the Notifications








