ഇനി കളി വേറെ, ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പുമായി എംജി എത്തുന്നു
അടുത്തിടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് മികച്ച വിജയം സ്വന്തമാക്കിയ പുത്തൻ ബ്രാൻഡുകളിൽ ഒന്നാണ് എംജി മോട്ടോർസ്. ഹെക്‌ടർ എസ്‌യുവിയിലൂടെ കളംപിടിച്ച കമ്പനി ZS ഇലക്‌ട്രിക്കും അടുത്തിടെ നമ്മുടെ നിരത്തിലേക്ക് എത്തി.

20.88 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയുള്ള ഇവി ആദ്യമാസം തന്നെ 3,500 ബുക്കിംഗുകൾ വാരികൂട്ടി. ഹെക്‌ടറിനു പിന്നാലെ തങ്ങളുടെ രണ്ടാം മോഡലും വിജയമായി തീർന്നതിനെ തുടർന്ന് എംജി ZS ഇവിയുടെ പെട്രോൾ പതിപ്പും വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്.

ബ്രാൻഡ് ഇതിനകം തന്നെ വിദേശ വിപണികളിൽ പെട്രോൾ എഞ്ചിൻ കരുത്തിൽ എസ്‌യുവിയെ വിപണിയിൽ എത്തിക്കുന്നുണ്ട്. അതിനാൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനും കമ്പനിക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും എംജി പ്രദർശിപ്പിച്ചിരുന്നു.

1.0 ലിറ്റർ ടർബോചാർജ്‌ഡ് യൂണിറ്റാണ് പെട്രോൾ ZS-ന് കരുത്ത് പകരുന്നത്. ഇത് പരമാവധി 111 bhp പവറും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും.

12.4 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പുത്തൻ പെട്രോൾ എസ്‌യുവിക്ക് സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നു. കൂടാതെ പരമാവധി 180 കിലോമീറ്റർ വേഗത പുറത്തെടുക്കാനും വാഹനത്തിന് സാധിക്കും.

കാറിന്റെ ഇലക്ട്രിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷാർപ്പ് സ്റ്റൈലിംഗ് മാറ്റങ്ങളോടെയാകും പെട്രോൾ എസ്‌യുവി എത്തുക. മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകർഷകമാക്കും. നവീകരിച്ച ഫോഗ് ലാമ്പുകൾ, സെൻട്രൽ എയർഡാം എന്നിവ ഉപയോഗിച്ച് ബമ്പർ പുനസ്ഥാപിച്ചു. ഈ മാറ്റങ്ങൾ പെട്രോൾ ZS-നെ അതിന്റെ ഇലക്ട്രിക്ക് പതിപ്പിൽ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു.

എന്നാൽ വാഹനത്തിന്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാകുന്നു. പെട്രോൾ വകഭേദത്തിന്റെ വീൽബേസും (2585 mm) eZS-ന് സമാനമാണ്. മറ്റ് സവിശേഷതകളിലേക്ക് നോക്കുമ്പോൾ ഇലക്‌ട്രിക് മോഡലിന് സമാനമായ 10.1-ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ആറ് എയർബാഗുകൾ, ഓട്ടോ എസി, എന്നിവ പെട്രോൾ പതിപ്പിലും ഇടിംപിടിക്കുന്നു.

അതോടൊപ്പം ഹെക്‌ടറിലും ZS ഇവിയിലും മുമ്പ് കണ്ട കണക്റ്റുചെയ്‌ത സാങ്കേതിക സവിശേഷതകളായ റിമോട്ട് ലോക്ക് / അൺലോക്ക്, വോയ്‌സ് കമാൻഡുകൾ എന്നിവയും ZS പെട്രോളിലും ഉണ്ടാകും. 12.41 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് തുടങ്ങിയ കോംപാക്‌ട് എസ്‌യുവി മോഡലുകളുടെ വിഭാഗത്തിലേക്കാണ് ബ്രിട്ടീഷ് കാർ നിർമാതാവ് പുതിയ വകഭേദത്തെ അവതരിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ എംജി ZS പെട്രോൾ ഇന്ത്യൻ വിപണിയൽ അരങ്ങേറ്റം കുറിക്കും.


Click it and Unblock the Notifications








