പുത്തൻ ക്രെറ്റ മാർച്ച് 17-ന് വിപണിയിലേക്ക്, ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പുതിയ രണ്ടാംതലമുറ ക്രെറ്റ എസ്‌യുവിയെ മാർച്ച് 17-ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗുകൾ കമ്പനി ആരംഭിച്ചതായി അറിയിച്ചു.

2020 ഹ്യുണ്ടായി ക്രെറ്റക്കായുള്ള അനൌദ്യോഗിക ബുക്കിംഗുകൾ ഡീലർഷിപ്പുകൾ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നെങ്കിലും കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണുണ്ടാകുന്നത്. 25,000 രൂപയാണ് ബുക്കിംഗ് തുകയായി നൽകേണ്ടത്.

ഈ വർഷം ആഭ്യന്തര വിപണിക്കായി വമ്പൻ പദ്ധതികളാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ കൈക്കൊള്ളുന്നത്. ക്രെറ്റയ്ക്കു പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ തുറുപ്പുചീട്ടായ i20-യുടെ പുത്തൻ മോഡലും ഈ വർഷം പകുതിയോടെ വിപണിയിലെത്തും.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഒരു വലിയ വിജയഗാഥയാണ് നിലവിലെ ഹ്യുണ്ടായി ക്രെറ്റ. എന്നാൽ പിന്നീട് മറ്റ് മോഡലുകൾ വിപണിയിൽ എത്തിയതോടെ ഒന്നാംതലമുറ ക്രെറ്റയുടെ പ്രതാപം നഷ്‌ടപ്പെടുകയായിരുന്നു. ഇത് തിരിച്ചുപിടിക്കാനായി അടിമുടി മാറ്റങ്ങളുമായാണ് വാഹനം രണ്ടാംവരവിന് ഒരുങ്ങുന്നത്.

നിലവിൽ എസ്‌യുവി വിഭാഗത്തിലെ താരമായ കിയ സെൽറ്റോസിനെ നേരിടാനുള്ള എല്ലാ ഫീച്ചറുകളും പരിഷ്ക്കരണങ്ങളുമായാണ് 2020 ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്.

ചൈനീസ് വിപണിയിൽ ഏറ്റവും വിൽപ്പന നേടുന്ന പുതിയ ix25 എസ്‌യുവിയെ അടിസ്ഥാനമാക്കി എത്തുന്ന വാഹനത്തിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷാർപ്പ് സ്റ്റൈലിംഗ് സൂചകങ്ങൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകളുള്ള കോംപാക്‌ട് റിയർ എൻഡ് എന്നിവ ഉപയോഗിച്ച് പൂർണമായും പുനർരൂപകൽപ്പന രൂപമായാണ് പുത്തൻ ക്രെറ്റ എത്തുന്നത്.

എഞ്ചിൻ ഓപ്ഷനുകൾ സെൽറ്റോസുമായി പങ്കിടുന്നതാണ് മറ്റൊരു ശ്രദ്ധേയ ഘടകം. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ബിഎസ്-VI ന് അനുസൃതമായി എത്തും. പെട്രോൾ യൂണിറ്റ് 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 115 bhp പവറിൽ 250 Nm torque സൃഷ്ടിക്കാൻ പ്രാപ്‌തിയുള്ളവയാണ്.

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓരോ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. ഭാവിയിൽ ഒരു 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ നിരയിലേക്ക് ചേർക്കാം.

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, സെൽറ്റോസിന്റെ ഇന്റീരിയറിന് സമാനമായ വലിപ്പത്തിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തെ ഇത് അവതരിപ്പിക്കും. എങ്കിലും ix25 എസ്‌യുവുയിൽ കാണുന്നതിനെ അപേക്ഷിച്ച് നിരവധി വ്യത്യാസങ്ങൾ ഇതിലുമുണ്ടാകും. കൂടാതെ 2020 ക്രെറ്റയിൽ ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി അധിഷ്ഠിത സാങ്കേതികവിദ്യകളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യും.

അരങ്ങേറ്റം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതിയ 2020 മോഡൽ ക്രെറ്റയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

വരാനിരിക്കുന്ന എസ്‌യുവി 14 മോഡലുകളിലായി മൂന്ന് എഞ്ചിൻ ഓപ്ഷനുകളും എട്ട് കളറുകളിലും വിപണിയിൽ അണിനിരക്കും. വിവിധ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളിലുടനീളം E, EX, S, SX and SX(O) എന്നീ അഞ്ച് പതിപ്പുകളും ലഭ്യമാകും.


Click it and Unblock the Notifications








